മോദിയെ സ്വീകരിക്കാന്‍ കെസിആർ പോയില്ല: രൂക്ഷവിമർശനവുമായി കോണ്‍ഗ്രസും ബിജെപിയും
ഹൈദരാബാദ്: തെലങ്കാനയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹൈദരാബാദ് വിമാനത്താവളത്തിലെത്തി സ്വീകരിക്കാതിരുന്ന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് കോണ്‍ഗ്രസും ബി ജെ പിയും. 'സ്റ്റാച്യൂ ഒഫ് ഇക്വാളിറ്റി' പ്രതിമ അനാച്ഛാദനം ഉള്‍പ്പടേയുള്ള പരിപാടികള്‍ക്കായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഹൈദരാബാദിലെത്തിയത്. നടന്ന കാര്യങ്ങള്‍ നിർഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ച ബി ജെ പി നേതാവ് പ്രകാശ് റെഡ്ഡി, മുഖ്യമന്ത്രിയുടെ തീരുമാനം സംസ്ഥാനത്തെ രാഷ്ട്രീയ പ്രവർത്തനങ്ങളെ ദോഷകരമായ രീതിയില്‍ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
"രാജ്യത്തിന്റെ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പോകാത്തത് ദൗർഭാഗ്യകരമായ കാര്യമാണ്. സംസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി മോദിയെ നേരിൽ കാണാൻ അദ്ദേഹത്തിന് ധൈര്യമില്ലെന്ന് എനിക്ക് തോന്നുന്നു. പ്രധാനമന്ത്രിയെ അദ്ദേഹം നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്" - ബി ജെ പി നേതാവായ പ്രകാശ്റെഡ്ഡിയെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജന്‍സിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഈ തീരുമാനം തെലങ്കാനയിലെ രാഷ്ട്രീയ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു മാപ്പ് പറയണമെന്നും പ്രധാനമന്ത്രിയുമായി ചർച്ച നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തെ ഭരണഘടനാ വിരുദ്ധമെന്നായിരുന്നു കോൺഗ്രസ് നേതാവ് വി ഹനുമന്ത റാവു വിശേഷിപ്പിച്ചത്. "ഒരു പ്രതിപക്ഷ പാർട്ടിയുടെ നേതാവെന്ന നിലയിൽ, മുഖ്യമന്ത്രി ഇന്ത്യൻ ഭരണഘടന മാറ്റാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു. അവർ ഭരണഘടനയെ അവഗണിക്കാൻ ആഗ്രഹിക്കുന്നു. അവർ പ്രോട്ടോക്കോളുകൾ ലംഘിക്കുന്നു. അവർ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു," കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. "ഇതൊരു ജനാധിപത്യ രാഷ്ട്രമാണ്, ഭരണഘടനാ വിരുദ്ധമായ ഏതൊരു പ്രവർത്തനത്തിനും ഞാൻ എതിരാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വാസവും ജാതിയും മതവും ഉള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമത്വം എന്ന ആശയം പ്രചരിപ്പിച്ച, 11-ാം നൂറ്റാണ്ടിലെ ഭക്തസന്ന്യാസിയായ ശ്രീ രാമാനുജാചാര്യയെ അനുസ്മരിക്കുന്ന 216 അടി ഉയരമുള്ള സമത്വപ്രതിമയായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ഉദ്ഘാടനം ചെയ്തത്. തെലങ്കാന ഗവര്‍ണര്‍ ശ്രീമതി തമിഴിസൈ സൗന്ദരരാജന്‍, കേന്ദ്രമന്ത്രി ശ്രീ ജി കിഷന്‍ റെഡ്ഡി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
'ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമുള്ള തിളക്കമാര്‍ന്ന പ്രചോദനം' എന്നാണ് ശ്രീ രാമാനുജാചാര്യരെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ''അദ്ദേഹം ജനിച്ചതു ദക്ഷിണദിക്കിലാണ്. പക്ഷേ, അദ്ദേഹത്തിന്റെ സ്വാധീനം തെക്കുമുതല്‍ വടക്കുവരെയും കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുമായി ഇന്ത്യ മുഴുവനും വ്യാപിച്ചിരിക്കുന്നു''- പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം അധികാരത്തിനും അവകാശത്തിനും വേണ്ടിയുള്ള പോരാട്ടം മാത്രമല്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ പോരാട്ടത്തില്‍ ഒരുവശത്ത് 'അധിനിവേശ മനോഭാവവും' മറുവശത്ത് 'ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ' എന്ന ആശയവും ഉണ്ടായിരുന്നു. ഒരുവശത്ത്, വംശീയമേധാവിത്വത്തിന്റെയും ഭൗതികവാദത്തിന്റെയും ഉന്മാദമായിരുന്നു. മറുവശത്താകട്ടെ, മാനവികതയിലും ആത്മീയതയിലുമുള്ള വിശ്വാസവും. ഈ യുദ്ധത്തില്‍ ഇന്ത്യയും അതിന്റെ പാരമ്പര്യവും വിജയിച്ചു- അദ്ദേഹം പറഞ്ഞു. ''ഇന്ത്യയുടെ സ്വാതന്ത്ര്യസമരം മഹത്തുക്കളില്‍നിന്നു ലഭിച്ച സമത്വത്തിന്റെയും മാനവികതയുടെയും ആത്മീയതയുടെയും ഊര്‍ജത്താല്‍ അനുഗ്രഹിക്കപ്പെട്ടതാണ്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''സര്‍ദാര്‍ സാഹിബിന്റെ 'ഏകതാപ്രതിമ' രാജ്യത്ത് ഐക്യത്തിന്റെ പ്രതിജ്ഞ ആവര്‍ത്തിക്കുന്നെങ്കില്‍, രാമാനുജാചാര്യയുടെ 'സമത്വപ്രതിമ' സമത്വത്തിന്റെ സന്ദേശമാണു നല്‍കുന്നത്. ഒരു രാഷ്ട്രമെന്ന നിലയില്‍ ഇതാണ് ഇന്ത്യയുടെ പ്രത്യേകത''യെന്നു സര്‍ദാര്‍ പട്ടേലിന്റെ ഹൈദരാബാദ് ബന്ധത്തെ പരാമര്‍ശിച്ചു പ്രധാനമന്ത്രി പറഞ്ഞു. തെലുങ്കുസംസ്‌കാരത്തിന്റെ സമൃദ്ധിയെക്കുറിച്ചും അത് ഇന്ത്യയുടെ വൈവിധ്യത്തെ സമ്പുഷ്ടമാക്കി. സമൃദ്ധമായ പാരമ്പര്യത്തിന്റെ ദീപവാഹകരായിരുന്ന രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും ദീര്‍ഘകാലപാരമ്പര്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.
അയിഷയില്‍ മഞ്ജു വാര്യർ ഡാന്‍സ് കളിച്ച് തകർക്കും: പഠിപ്പിക്കാനെത്തിയത് പ്രഭുദേവ












Click it and Unblock the Notifications