സംഘം ചേർന്ന് തന്റെ വാഹനം ആക്രമിച്ചുവെന്ന് കെജ്രിവാൾ, ''അമിത് ഷാ പോലീസിനെ ബിജെപി സൈന്യമാക്കി''
ഡല്‍ഹി: ഹരിനഗറില്‍ വെച്ച് തന്റെ വാഹനം ആക്രമിക്കപ്പെട്ടതായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ അനുയായികളായ ആളുകള്‍ സംഘം ചേര്‍ന്ന് പാര്‍ട്ടിയുടെ പൊതുയോഗത്തിനിടെ തന്റെ വാഹനം ആക്രമിക്കുകയായിരുന്നുവെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ കെജ്രിവാള്‍ ആരോപിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇതിന് പിന്നിലെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിക്കേ ഇത് രണ്ടാം തവണയാണ് ബിജെപി ആക്രമണം ആരോപിച്ച് കെജ്രിവാള്‍ രംഗത്ത് വരുന്നത്. ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ തന്റെ അകമ്പടി വാഹനങ്ങള്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയതായി കഴിഞ്ഞ ദിവസം കെജ്രിവാള്‍ ആരോപിച്ചിരുന്നു.

ഇന്ന് ഹരിനഗറില്‍ വെച്ച് നടന്ന തന്റെ പൊതുയോഗത്തിലേക്ക് എതിര്‍പാര്‍ട്ടിയുടെ ആളുകള്‍ക്ക് കടന്ന് കയറാനും തുടര്‍ന്ന് തന്റെ വാഹനം ആക്രമിക്കാനുമുളള മൗനാനുവാദം നല്‍കുകയാണ് ഡല്‍ഹി പോലീസ് ചെയ്തത്. അമിത് ഷായുടെ ഉത്തരവുകള്‍ പ്രകാരമാണ് ഇതൊക്കെ നടക്കുന്നത്. ഡല്‍ഹി പോലീസിനെ ബിജെപിയുടെ സ്വകാര്യ സൈന്യമാക്കി മാറ്റിയിരിക്കുകയാണ് അമിത് ഷാ, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സില്‍ അരവിന്ദ് കെജ്രിവാള്‍ കുറിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും കെജ്രിവാള്‍ വിമര്‍ശനം ഉന്നയിച്ചു. ഒരു ദേശീയ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനും നേതാക്കളും തുടര്‍ച്ചയായി ആക്രമിക്കപ്പെടുമ്പോള്‍ കാര്യമായ ഒരു നടപടിയും എടുക്കാന്‍ സാധിക്കുന്നില്ല എന്നത് തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്ന് കെജ്രിവാള്‍ പ്രതികരിച്ചു.
കെജ്രിവാളിന്റെ അകമ്പടി വാഹനം ആക്രമിക്കപ്പെടുന്നു എന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസം ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പരാജയ ഭീതി കാരണം ബിജെപി പരിഭ്രാന്തരായിരിക്കുകയാണ്. അത് കാരണം ഗുണ്ടകളെ ഉപയോഗിച്ച് അരവിന്ദ് കെജ്രിവാളിന് നേര്‍ക്ക് ആക്രമണം അഴിച്ച് വിടുന്നു. നിങ്ങളുടെ ഈ ഭീരുത്വം നിറഞ്ഞ ആക്രമണം കൊണ്ടാന്നും കെജ്രിവാളിനെ ഭയപ്പെടുത്താനാകില്ല. ഡല്‍ഹി ജനത ബിജെപിക്ക് ചുട്ടമറുപടി തന്നെ നല്‍കും, എക്‌സില്‍ ആം ആദ്മി പാര്‍ട്ടി കുറിച്ചു. അരവിന്ദ് കെജ്രിവാളിന്റെ ജീവന് ഭീഷണിയുണ്ടെന്ന് എഎപി നേതാവ് പ്രിയങ്ക കക്കര്‍ ആരോപിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മയ്ക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം എന്നാണ് പാര്‍ട്ടിയുടെ ആവശ്യം.












Click it and Unblock the Notifications