ഞാന്‍ ഹരിശ്ചന്ദ്രന്‍, രാമനും ഞാന്‍: കെജ്രിവാള്‍!
ദില്ലി: അച്ഛന്റെ വാക്ക് പാലിക്കാന്‍ വേണ്ടി രാജ്യഭരണം വിട്ടെറിഞ്ഞ് വനവാസത്തിന് പോയ ശ്രീരാമന്റെ കഥ ഓര്‍മയില്ലേ. കലിയുഗത്തില്‍ ഇതു പോലെ ചെയ്ത ശ്രീരാമനാണ് താനെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ശ്രീരാമന്‍ മാത്രമല്ല, സത്യസന്ധതയ്ക്ക് പേരുകേട്ട ഹരിശ്ചന്ദ്രനും താന്‍ തന്നെയാണ് എന്നാണ് കെജ്രിവാള്‍ പറയുന്നത്.
ഗ്യാസ് വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകില്ലെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചാല്‍ താന്‍ ബി ജെ പിയില്‍ ചേരാം എന്ന പ്രസ്താവന കെജ്രിവാള്‍ നിഷേധിച്ചു. താന്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല എന്നും ബി ജെ പിയില്‍ ചേരുന്ന പ്രശ്‌നമില്ല എന്നും കെജ്രിവാള്‍ പ്രഖ്യാപിച്ചു. എന്റെ പ്രസ്താവന ആരോ വളച്ചൊടിച്ചതാണ്. ഞാന്‍ ബി ജെ പിയിലെ കോണ്‍ഗ്രസിലോ ചേരുന്ന പ്രശ്‌നമില്ല.

ദില്ലി ഭരണത്തില്‍ നിന്നും കെജ്രിവാള്‍ ഒളിച്ചോടി എന്ന ബി ജെ പിയുടെ ആരോപണത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ശ്രീരാമന്റെ ഉപമ പറഞ്ഞത്. മുഖ്യമന്ത്രിയുടെ കസേര ഉപേക്ഷിക്കാന്‍ ചില്ലറ മനക്കരുത്തൊന്നും പോര. ജനങ്ങളുടെ പിന്തുണയുണ്ടായിട്ടും അമ്മ ആവശ്യപ്പെട്ടതനുസരിച്ച് ശ്രീരാമന്‍ വനവാസത്തിന് പോയില്ലേ. അതുപോലെയാണ് ജനപിന്തുണയുണ്ടായിട്ടും താന്‍ അധികാരം ഉപേക്ഷിച്ചത്.
വാരണാസിയില്‍ നിന്നും മോദിയെ തോല്‍പിക്കാന്‍ വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്നും കിഴക്കന്‍ ദില്ലിയിലെ അസംബ്ലി മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തവേ കെജ്രിവാള്‍ പറഞ്ഞു. ഗ്യാസ് വില വര്‍ദ്ധിപ്പിക്കില്ലെന്ന് മോദി ഉറപ്പുതന്നാല്‍ ബി ജെ പിയില്‍ ചേരാന്‍ തയ്യാറാണ് എന്ന കെജ്രിവാളിന്റെ വാക്കുകള്‍ നേരത്തെ വിവാദമായിരുന്നു.












Click it and Unblock the Notifications