'കെജരിവാൾ സൂത്രധാരൻ, അറസ്റ്റ് ചെയ്യണം'; മനീഷ് സിസോദിയയുടെ അറസ്റ്റിനെ പിന്തുണച്ച് കോൺഗ്രസ്
സിസോദിയയുടെ അറസ്റ്റിനെതിരെ ബിആർസ്, ശിവസേന, സിപിഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി

ദില്ലി: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത് ദില്ലി പി സി സി അധ്യക്ഷൻ അനിൽ ചൗധരി. എഎപി അധികാരം ഉപയോഗിച്ച് ധനം സമ്പാദിക്കാനാണ് ശ്രമിച്ചതെന്ന് ചൗധരി കുറ്റപ്പെടുത്തി. കേസിൽ കെജരിവാളിനെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടതെന്നും അനിൽ പറഞ്ഞു.
കെജരിവാളാണ് അഴിമതിക്ക് പിന്നിലെ മാസ്റ്റർമൈന്റ്. അതിനാൽ കെജരിവാളിനേയും അറസ്റ്റ് ചെയ്യണം', അനിൽ പറഞ്ഞു. മദ്യനയത്തിലെ എഎപി അഴിമതിയെ ആദ്യം പുറത്ത് കൊണ്ടുവന്നത് കോൺഗ്രസ് ആണെന്നും കെജരിവാളിന്റേയും സിസോദിയയുടേയും അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് വലിയ പ്രതിഷേധം നടത്തിയിരുന്നുവെന്നും കെജരിവാൾ പറഞ്ഞു. അതേസമയം സിസോദിയയുടെ അറസ്റ്റിൽ കോൺഗ്രസ് ഹൈക്കമാന്റ് മൗനം തുടരുകയാണ്.
അതിനിടെ സിസോദിയയുടെ അറസ്റ്റിനെതിരെ മറ്റ് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. രാഷ്ട്രീയ എതിരാളികളെ ദുർബലപ്പെടുത്താൻ കേന്ദ്ര സർക്കാർ ഏജൻസികളെ ഉപയോഗിച്ച് ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് കെസി ചന്ദ്രശേഖര റാവുവിന്റെ പാർട്ടിയായ ഭാരത് രാഷ്ട്ര സമിതി ആരോപിച്ചു. ബിജെപിയുടെ അധാർമികവും ദുഷിച്ച രാഷ്ട്രീയവും രാജ്യം ഉറ്റുനോക്കുകയാണ്. ബിജെപിയുടെ ഈ ഗൂഝാലോചന രാഷ്ട്രീയത്തെ ജനങ്ങൾ തീർച്ചയായും തള്ളിക്കളയും എന്നും ബിആർഎസ് വ്യക്തമാക്കി.
രാഷ്ട്രീയ എതിരാളികളെ ബിജെപി ഇത്തരത്തിൽ അറസ്റ്റ് ചെയ്താൽ ഭാവിയിൽ ബിജെപി അധികാരത്തിൽ നിന്ന് പുറത്താകുമ്പോൾ അവർക്ക് എന്ത് സംഭവിക്കുമെന്നതാണ് താൻ ആലോചിക്കുന്നതെന്നായിരുന്നു ശിവസേന നേതാവ് സഞ്ജയ് റൗത്തിന്റെ പ്രതികരണം. അധികാരത്തിൽ നിന്ന് പുറത്തായാൽ അവർക്ക് എന്ത് സംഭവിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. അവർ സമാനമായി അറസ്റ്റ് ചെയ്യപെട്ടാലോ? അവരുടെ സഹായത്തിന് ആരാണ് വരികയെന്നും സഞ്ജയ് റൗത്ത് ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും വിഷയത്തിൽ ബിജെപിക്കെതിരെ രംഗത്തെത്തി. വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുക സംഘപരിവാറിന്റെ സഹജസ്വഭാവമാണ്. അത്തരം ശ്രമങ്ങളിലെ ഏറ്റവും പുതിയ അദ്ധ്യായമാണ് മനീഷ് സിസോദിയയുടെ അറസ്റ്റെന്ന് അദ്ദേഹം പറഞ്ഞു. സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അലോസരപ്പെടുത്താനാണ് ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുക എന്നതിനർത്ഥം ജനാധിപത്യത്തെ തന്നെ അപ്രസക്തമാക്കുക എന്നതാണ്. ഇത്തരം അധികാര ദുർവിനിയോഗങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ ശബ്ദം ഉയരണം. നമ്മുടെ രാജ്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറയ്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ശക്തമായി അപലപിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications