കേരളത്തില്‍ തൃണമൂല്‍ മത്സരിക്കും, പ്രസംഗിക്കാന്‍ മമത വരും, എന്ത് പറയും സിപിഎം - കോണ്‍ സഖ്യം?
തിരുവനന്തപുരം: കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്താന്‍ മമതയെത്തുമ്പോള്‍ ആരൊക്കെ ഞെട്ടും. ബംഗാളില്‍ സഖ്യമുണ്ടാക്കി മത്സരിക്കുന്ന സി പി എമ്മും കോണ്‍ഗ്രസും കൊമ്പുകോര്‍ക്കുന്നത് കണ്ട് മമത ബാനര്‍ജി ഞെട്ടുമോ. അതോ ബംഗാളില്‍ ഒന്നിച്ചു നിന്ന് മമതയെ തോല്‍പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും സി പി എമ്മും ഞെട്ടുമോ?
കേരളത്തില്‍ 140 സീറ്റിലും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കും. ഇതില്‍ 70 സീറ്റിലെ സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ പ്രചാരണത്തിന് എത്തുമെന്ന് മമത പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് തൃണമൂല്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. ബാക്കി സ്ഥാനാര്‍ഥികളെയും ഉടന്‍ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് മനോജ് ശങ്കരനെല്ലൂര്‍ പറഞ്ഞു.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് പ്രചാരണ പരിപാടികളിലാണ് മമതാ ബാനര്‍ജി പ്രസംഗിക്കുക. കേരളത്തിലും സി പി എമ്മിനും കോണ്‍ഗ്രസിനും സീറ്റ് പങ്കിട്ട് ഭരിച്ചുകൂടേ എന്ന് ചോദിച്ച് ആദ്യവെടി പൊട്ടിച്ചുകഴിഞ്ഞു മമത. മഴവില്‍ മുന്നണി എന്നാണ് ബംഗാളില്‍ തനിക്കെതിരെ സി പി എമ്മും കോണ്‍ഗ്രസും ഉണ്ടാക്കിയ സഖ്യത്തെ മമത വിളിക്കുന്നത്. ബംഗാളില്‍ ഒന്നിച്ച് നിന്ന് കേരളത്തില്‍ പരസ്പരം മത്സരിക്കുകയാണ് സി പി എമ്മും കോണ്‍ഗ്രസും. ജനങ്ങളെ വിഡ്ഡികളാക്കുകയാണ് ഇവര്‍ ചെയ്യുന്നത് -മമത പറഞ്ഞു.
രണ്ട് ലക്ഷം പ്രവര്‍ത്തകരെങ്കിലും തങ്ങള്‍ക്ക് കേരളത്തിലുണ്ടെന്നാണ് മനോജ് ശങ്കരനെല്ലൂര്‍ അവകാശപ്പെടുന്നത്. 15 ലക്ഷത്തോളം ബംഗാളികള്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്. അവരുടെ സഹായവും പ്രതീക്ഷിക്കുന്നു. ഒരു സീറ്റില്‍ പോലും ജയിക്കും എന്ന് തങ്ങള്‍ കരുതുന്നില്ല. പക്ഷേ എല്ലാ സീറ്റിലും മത്സരിക്കും. 40 സീറ്റിലെങ്കിലും തങ്ങള്‍ക്ക് സാമാന്യം വോട്ടുകളുണ്ട്. ബംഗാളിലെ കോണ്‍ഗ്രസ് - സി പി എം കൂട്ടുകെട്ടില്‍ അസംതൃപ്തി ഉള്ളവരും തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് തൃണമൂല്‍ പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications