കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം പ്രതിസന്ധിയില്‍; സ്‌ക്രീനിങ് കമ്മറ്റി പിരിഞ്ഞു
ദില്ലി: നിയമസഭാ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ദില്ലിയില്‍ മൂന്നുദിവസത്തോളമായി നടന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മറ്റി തീരുമാനമാകാതെ പിരിഞ്ഞു. കെപിസിസി പ്രസിഡന്റും ഉമ്മന്‍ ചാണ്ടിയും തങ്ങളുടെ നിലപാടുകളില്‍ നിന്നും ഒരിഞ്ചുപോലും പിന്നോട്ടുപോകില്ലെന്ന് തീരുമാനിച്ചതോടെ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് തീരുമാനം വിട്ടുകൊടുത്തിരിക്കുകയാണ്.
നാലു സീറ്റുകളില്‍ തുടങ്ങിയ തര്‍ക്കം ഇപ്പോള്‍ ഒരു ഡസനോളം സീറ്റുകളില്‍ എത്തിനില്‍ക്കുകയാണ്. പോംവഴിയായി യുഡിഎഫ് ഘടക കക്ഷികളുടെ സീറ്റുവെച്ചുമാറുനുള്ള കോണ്‍ഗ്രസ് നീക്കം യുഡിഎഫിനകത്തേക്കും തര്‍ക്കം വ്യാപിപ്പിച്ചു. മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുകള്‍ സീറ്റുകളുടെ കാര്യത്തില്‍ പിടിവാശി കാണിച്ചതോടെ യുഡിഎഫ് രാഷ്ട്രീയം കലങ്ങിമറിഞ്ഞ അവസ്ഥയിലാണ്.

ഇരിക്കൂര്‍, തൃപ്പൂണിത്തുറ, തൃക്കാക്കര, കൊച്ചി, കോന്നി എന്നിവിടിങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് പ്രധാന വിഷയമായിട്ടുള്ളത്. തര്‍ക്കമുള്ള സീറ്റുകളില്‍ സമവായമുണ്ടാക്കാന്‍ ഇതുവരെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. ആരോപണ വിധേയരെ മത്സരിപ്പിച്ചാല്‍ തെരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് സുധീരന്‍ പറയുമ്പോള്‍ ഗ്രൂപ്പ് നേതാക്കള്‍ അക്കാര്യം നിഷേധിക്കുകയാണ്.
ആരോപണ വിധേയര്‍ മണ്ഡലത്തില്‍ ജയിക്കുമോ എന്നുള്ളതല്ല. അവര്‍ മത്സരിച്ചുകഴിഞ്ഞാല്‍ അത് ഇടതുപക്ഷം ആയുധമാക്കുമെന്നും മറ്റു മണ്ഡലങ്ങളിലെ വിജയസാധ്യതയെ കാര്യമായി ബാധിക്കുമെന്നും സുധീരന്‍ സോണിയാ ഗാന്ധിയെ ബോധിപ്പിച്ചുണ്ട്. അതേസമയം, ആരോപണ വിധേയരെ മാറ്റി നിര്‍ത്തിയാല്‍ താന്‍ മത്സരിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സുധീരന്‍ മാറ്റിനിര്‍ത്താന്‍ ആവശ്യപ്പെടുന്നവരില്‍ ഒന്നോ രണ്ടോപേരെ മാറ്റി നിര്‍ത്തി തര്‍ക്കം പരിഹരിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനമെന്നറിയുന്നു.












Click it and Unblock the Notifications