കേശവ് പ്രസാദ് മൗര്യയെ ഘെരാവോ ചെയ്ത് സ്വന്തം മണ്ഡലത്തിലെ നാട്ടുകാര്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്‌ക്കെതിരെ സ്വന്തം മണ്ഡലത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. കൗശാംബി ജില്ലയിലെ സിരത്തുവില്‍ മൂന്ന് ദിവസമായി കാണാതായ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ വസതിയിലെത്തിയതായിരുന്നു കേശവ് പ്രസാദ് മൗര്യ. അതേസമയം മന്ത്രിയ്‌ക്കെതിരെയല്ല പ്രതിഷേധം നടന്നതെന്നും പൊലീസ് നടപടിയില്‍ ഗ്രാമവാസികള്‍ പ്രതികരിക്കുകയാണ് ചെയ്തതെന്നുമാണ് ബി ജെ പിയുടെ വിശദീകരണം. സംഭവത്തില്‍ വ്യാജ വീഡിയോയാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നതെന്നും ബി ജെ പി ആരോപിച്ചു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കേശവ പ്രസാദ് മൗര്യ സിരത്തുവിലാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് കേശവ പ്രസാദ് മൗര്യ മണ്ഡലത്തിലെത്തുന്നത്. മൗര്യയ്ക്കെതിരെ ഒരു കൂട്ടം നാട്ടുകാര്‍ പ്രതിഷേധിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചിരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. 2012 ലാണ് അദ്ദേഹം ആദ്യമായി ഈ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായ ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് മൗര്യയുടെ കുടുംബത്തെ കാണാന്‍ കേശവ് ജി പോയിരുന്നുവെന്ന് മൗര്യയ്ക്കൊപ്പം സിരത്തുവിലെത്തിയ പാര്‍ട്ടി വക്താവ് നവീന്‍ ശ്രീവാസ്തവ പറഞ്ഞു. സംഭവത്തില്‍ പൊലീസ് നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിരവധി സെര്‍ച്ച് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്, എന്നിട്ടും കേശവ് ജി, അദ്ദേഹത്തിന്റെ (രാജേഷിന്റെ) കുടുംബത്തിന്റെ ആവശ്യപ്രകാരം, വിഷയത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ ഉന്നത അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും നവീന്‍ ശ്രീവാസ്തവ പറഞ്ഞു

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രതിപക്ഷം പ്രചരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പിയില്‍ നിന്ന് അപ്രതീക്ഷിതമായി മൂന്ന് മന്ത്രിമാര്‍ പാര്‍ട്ടി വിട്ടപ്പോള്‍ അനുനയനീക്കത്തിന് കേന്ദ്രനേതൃത്വം ചുമതലയേല്‍പ്പിച്ച നേതാവാണ് കേശവ് പ്രസാദ് മൗര്യ. അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയും പ്രതിപക്ഷ പാര്‍ട്ടികളും പ്രചരണങ്ങളും സജീവമാക്കുകയാണ്. പ്രധാനമായും ജാതി സമവാക്യങ്ങളായിരിക്കും ഉത്തര്‍പ്രദേശ് വോട്ടിംഗിന്റെ ഗതി നിര്‍ണയിക്കുക.

2017 ല്‍ ആകെയുള്ള 403 സീറ്റില്‍ 312 ഉം നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. രണ്ട് പതിറ്റാണ്ടോളം ഉത്തര്‍പ്രദേശില്‍ മാറി മാറി ഭരിച്ച സമാജ് വാദി പാര്‍ട്ടിയേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയേയും നിഷ്പ്രഭമാക്കിയായിരുന്നു ബി ജെ പിയുടെ മുന്നേറ്റം. 202 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. തുടര്‍ ഭരണം എല്ലാ സര്‍വേകളിലും പറയുന്നുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാതി സമവാക്യങ്ങള്‍ എങ്ങനെ സന്തുലിതമാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഭരണകക്ഷിയായ ബി ജെ പിയുടെ പ്രകടനം

ബി ജെ പിയെ യുപിയില്‍ പരാജയപ്പെടുത്തുക എന്നതാണ് എല്ലാ പാര്‍ട്ടികളും ഉള്ളില്‍ കൊണ്ടുനടക്കുന്ന കാര്യം. ബി ജെ പി യുപിയില്‍ വീണ്ടും ജയിക്കുന്നത് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് നിര്‍ണായകമാണ്. അതുകൊണ്ട് തന്നെയാണ് ഉത്തര്‍പ്രദേശ് ബി ജെ പിയുടെ ഒന്നാമത്തെ സംസ്ഥാനമാകുന്നതും.ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10 ന് ഫലമറിയാം
Recommended Video

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ 15.06 കോടി വോട്ടര്‍മാരാണുള്ളത്. കോണ്‍ഗ്രസ് പ്രിയങ്കയെ മുന്‍നിര്‍ത്തിയും എസ് പി അഖിലേഷ് യാദവിനെ മുന്‍ നിര്‍ത്തിയും ബി ജെ പി യോഗി ആദിത്യനാഥിനെ മുന്‍നിര്‍ത്തിയുമാണ് പ്രചരണം നയിക്കുന്നത്. മത്സരിക്കാനില്ലെന്ന് ഉറപ്പിച്ച് പറഞ്ഞെങ്കിലും മായാവതി തന്നെയാണ് ബി എസ് പിയുടെ താരപ്രചാരക.












Click it and Unblock the Notifications