സ്വകാര്യഭാഗങ്ങളില്‍ അടക്കം 14 മുറിവുകള്‍; ഡോക്ടറുടെ കൊലയില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ബലാത്സംഗ കൊലയിലെ ക്രൂരത വെളിപ്പെടുത്തി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ഡോക്ടറുടെ ദേഹത്താകെ മുറിവുകള്‍ ഒരുപാടുണ്ട്. മരിക്കുന്നതിന് മുമ്പാണ് ഈ മുറിവുകളെല്ലാം ഉണ്ടായിരിക്കുന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യാ ടുഡേയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇരയുടെ തല, മുഖം, കൈകള്‍, സ്വകാര്യ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പതിനാല് പരുക്കുകളാണ് ഉള്ളത്. കഴുത്തുഞെരിച്ചതിനെ തുടര്‍ന്ന് ശ്വാസം തടസ്സമുണ്ടായതാണ് മരണകാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊലപാതകം തന്നെയാണിതെന്ന് റിപ്പോര്‍ട്ട് ഉറപ്പിക്കുന്നു. ശ്വാസകോശത്തില്‍ രക്തസ്രാവം ഉണ്ടായിട്ടുണ്ടെന്നും, ശരീരത്തില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ അസ്ഥികളൊന്നും പൊട്ടിയതിന്റെ സൂചനയില്ല. രക്തസാമ്പിളുകളും, മറ്റ് സ്രവ സാമ്പിളുകളും കൂടുതല്‍ പരിശോധനയ്ക്കായി അയച്ചതായും പോസ്റ്റുമോര്‍ട്ടില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്വമേധയാ കേസില്‍ ഇടപെട്ടിരുന്നു. നാളെ വാദം കേള്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും പോലീസും വ്യാപക വിമര്‍ശനം നേരിടുന്നുണ്ട്. കേസ് നിലവില്‍ സിബിഐയാണ് അന്വേഷിക്കുന്നത്. ബംഗാള്‍ സര്‍ക്കാര്‍ കേസിനെ കൈകാര്യം ചെയ്ത രീതിയില്‍ കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
അതേസമയം കുറ്റക്കാരെ എല്ലാം ഉടന്‍ പിടികൂടും എന്ന് സിബിഐ ഉറപ്പ് നല്‍കിയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛന്‍ പറഞ്ഞു. മകള്‍ക്ക് നീതി ലഭിക്കാനായി കേരളത്തില്‍ അടക്കം നടക്കുന്ന പോരാട്ടങ്ങളില്‍ പ്രതീക്ഷയുണ്ട്. ആശുപത്രിക്കുള്ളില്‍ കുറ്റവാളികളുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും, പ്രതിഷേധത്തില്‍ ഒപ്പം നില്‍ക്കുന്നവര്‍ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കല്‍ക്കത്ത ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രിന്‍സിപ്പാളായിരുന്നു ഡോ സന്ദീപ് ഘോഷ് നേരത്തെ രാജിവെച്ചിരുന്നു. ഇയാളെ തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ സിബിഐ ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം ആശുപത്രിയിലെ ക്രൂരമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ കേന്ദ്രങ്ങളും, പ്രത്യേക മുറികളും നല്‍കും. നൈറ്റ് ഷിഫ്റ്റില്‍ ഉള്ളവര്‍ക്കാണ് കൂടുതല്‍ സുരക്ഷയുണ്ടാവുക. അതുപോലെ സിസിടിവി നിരീക്ഷണവും ഉണ്ടായിരിക്കും.
രക്ഷാബന്ധന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ ഇന്ന് കറുത്ത രാഖിയാണ് പരസ്പരം കെട്ടുന്നത്. ഡോക്ടര്‍മാരുടെ സംഘടനയാണ് ഈ തീരുമാനം എടുത്തത്. അഭയ്കാഭായ് എന്ന ഹാഷ്ടാഗും ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്നുണ്ട്. രാജ്യത്താകെയുള്ള ഡോക്ടര്‍മാരുടെ സംഘടന ഇത്തരത്തിലുള്ള രാഖി ധരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications