രാജീവ് ഗാന്ധിയെ പോലെ മോദിയെ വധിക്കാനും പദ്ധതി: ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
രാജീവ് ഗാന്ധിയെ വധിച്ചപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വധിക്കാന്‍ പദ്ധതിയിട്ടുരുന്നതായി വെളിപ്പെടുത്തല്‍. പൂനെ പോലീസാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവം വിശദമാക്കുന്ന തെളിവുകള്‍ അടങ്ങിയ കത്ത് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
നേരത്തേ ഐഎസ് ഭീകരര്‍ മോദിയെ വധിക്കാന്‍ പദ്ധയിട്ടിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് പോലീസിന്‍റെ പുതിയ വെളിപ്പെടുത്തല്‍.

അറസ്റ്റ്
ഭീമ കൊറിഗോണ്‍ കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് അഞ്ച് മാവോയിസ്റ്റുകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദളിത് ആക്റ്റിവസ്റ്റ് സുധീര്‍ ധവാലെ, അഭിഭാഷനായ സുരേന്ദ്ര ഗാഡ്ലിങ്, മഹേഷ് റാവുത്ത്, ഷോമ സെന്‍, റോണ വില്‍സണ്‍ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മുംബൈ, നാഗ്പൂര്‍, ദില്ലി എന്നിവിടങ്ങളില്‍ നിന്നായി പോലീസ് അറസ്റ്റ് ചെയ്തത്.

തിരച്ചില്‍
അറസ്റ്റിന് ശേഷം പോലീസ് റാണാ വില്‍സന്‍റെ വീട്ടില്‍ നടത്തിയ തിരച്ചലിലാണ് പോലീസിന് കത്ത് ലഭിച്ചത്. നാല് റൈഫിളും എട്ട് ലക്ഷം തിരയും വാങ്ങാന്‍ എട്ട് കോടി ആവശ്യമുണ്ടെന്ന് വ്യക്തമാക്കുന്ന കത്തില്‍ രാജീവ് ഗാന്ധി മോഡലില്‍ മറ്റൊരു വധം നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.

വധിക്കണം
മറ്റൊരു രാജീവ് ഗാന്ധി മോഡല്‍ കൊലപാതകത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കത്തില്‍ പറയുന്നു. പക്ഷേ അത് ആത്മഹത്യാപരമായിരിക്കും. ഒരു പക്ഷേ പരാജയപ്പെടാന്‍ വരെ സാധ്യത ഉണ്ടാകും. എന്നാലും തങ്ങള്‍ ആ ദൗത്യത്തില്‍ ഉറച്ച് നില്‍ക്കണമെന്ന് കത്തില്‍ പറയുന്നു. പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ മോദിയും പാര്‍ട്ടിയും ഭരണം ഉറപ്പാക്കിയിട്ടുണ്ട്. ഇതേ ആധിപത്യം തുടരുകയാണെങ്കില്‍ സംഘടനയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് കത്തില്‍ പറയുന്നുണ്ട്. പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ അദ്ദേഹത്തെ അപായപ്പെടുത്താനായാിരുന്നു പദ്ധതിയെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കത്തില്‍ പറയുന്നത്.

മനപ്പൂര്‍വ്വം
അതേസമയം കത്ത് വ്യാജമാണെന്ന് പ്രതികള്‍ കോടതിയില്‍ വാദിച്ചു. മനപ്പൂര്‍വ്വം കത്തുണ്ടാക്കി പോലീസ് തങ്ങളെ കുടുക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തെ ദളിത് വിഭാഗത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരെ വേട്ടയാടി മാവോയിസ്റ്റാക്കി മുദ്രകുത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അറസ്റ്റിലായവര്‍ കോടതിയെ അറിയിച്ചു.

ഭീമ കൊറിഗാവ്
ദളിതുകളായ മഹര്‍ പോരാളികള്‍ ഉള്‍പ്പെട്ട ബ്രിട്ടീഷ് സേന പെഷ്വ സേനയെ ആക്രമിച്ച് മറാത്ത ഭരണത്തിന് അവസാനം കുറിച്ച യുദ്ധമാണ് ഭീമ കോറിഗാവ് യുദ്ധം. കഴിഞ്ഞ വര്‍ഷം ഇതിന്‍റെ സ്മരണ പുതുക്കി നടന്ന യോഗത്തില്‍ കബീര്‍ കാലാ മഞ്ച് പ്രവര്‍ത്തകര്‍ പ്രകോപനപരമായി പ്രസംഗിച്ചു. തുടര്‍ന്നാണ് ഭീമ കൊറിഗാവില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ കുറ്റാരോപിതരെ കേസില്‍ കുടുക്കിയതാണെന്നും കെട്ടിച്ചമച്ചതാണു കേസെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം.

പ്രശസ്തിക്ക് വേണ്ടി
അതേസമയം വധശ്രമ വാര്‍ത്തയെ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി. ജനസമ്മതി കുറയുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ പതിവാണെന്നും മോദിയുടെ പ്രശസ്തിക്കായി ബിജെപി തന്നെ പടച്ചുണ്ടാക്കുന്ന വാര്‍ത്തകളാണ് ഇതെന്നുമായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍ ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങള്‍ പയറ്റിയിരുന്നു. എപ്പോഴൊക്കെ പ്രശസ്തി വേണമോ അപ്പോഴൊക്കെ ഇത്തരം വാര്‍ത്തകള്‍ പ്രത്യക്ഷപെടാറുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.












Click it and Unblock the Notifications