രാഹുല്‍ ഗാന്ധിയെ യുകെ കോടതിയില്‍ കയറ്റും, വിഡ്ഢിയാകുന്നത് കാണണം: വെല്ലുവിളിച്ച് ലളിത് മോദി
ദില്ലി: മോദി പരാമർശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ഐ പി എല്‍ മുന്‍ മേധാവി ലളിത് മോദി. രാഹുലിനെതിരെ യുകെ കോടതിയില്‍ പരാതി നല്‍കുമെന്നും തനിക്കെതിരായി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ശക്തമായ തെളിവ് രാഹുൽ ഗാന്ധി യു.കെ. കോടതിയിൽ നൽകേണ്ടി വരുമെന്നാണ് ലളിത് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഐ പി എല്‍. ക്രിക്കറ്റ് ടൂര്‍ണമെന്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതിന് പിന്നാലെ ഇന്ത്യ വിട്ട ലളിത് മോദി ഇപ്പോള്‍ ലണ്ടനിലാണ് കഴിഞ്ഞ് വരുന്നത്.
2019-ൽ കർണാടകയിൽ വെച്ച് നടത്തിയ 'എങ്ങനെയാണ് എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് ചേർന്ന് വരുന്നത്' എന്ന പ്രസ്താവനയുടെ പേരില്‍ സൂറത്ത് കോടതി രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ലളിത് മോദിയും രംഗത്ത് വരുന്നത്. തന്നെ ഒരിക്കലും ഒരു കുറ്റകൃത്യത്തിലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും. 100 ബില്യൺ ഡോളറിനടുത്ത് സമ്പാദിച്ച "ഈ ലോകത്തിലെ ഏറ്റവും വലിയ കായിക ഇനമാണ്" താൻ സൃഷ്ടിച്ചതെന്നും ഗാന്ധി കുടുംബത്തേക്കാൾ കൂടുതൽ ഇന്ത്യക്ക് വേണ്ടി തന്റെ കുടുംബം ചെയ്തിട്ടുണ്ടെന്നും ലളിത് മോദി അവകാശപ്പെട്ടു.

തന്റെ ആരോപണങ്ങൾ തെളിയിക്കാൻ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച അദ്ദേഹം കോടതിയിൽ സ്വയം വിഡ്ഢിയാകുന്നത് കാണാൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു. നിരവധി കോൺഗ്രസ് നേതാക്കൾക്ക് വിദേശത്ത് സ്വത്തുക്കൾ ഉണ്ടെന്നും അവരുടെ സ്വത്തുക്കളുടെ വിലാസങ്ങളും ഫോട്ടോകളും തന്റെ പക്കലുണ്ട്. രാജ്യം കടുത്ത മാനഹാനി നിയമങ്ങൾ പാസാക്കുന്ന മുറയ്ക്ക് താൻ ഇന്ത്യയിലേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ നിയമത്തിൽ നിന്ന് ഒളിച്ചോടിയ വ്യക്തിയാണെന്ന് വീണ്ടും വീണ്ടും രാഹുൽ ഗാന്ധിയും സംഘവും പറയുന്നത്. എന്നാൽ എപ്പോഴാണ് തന്നെ ശിക്ഷിച്ചത്. രാഹുൽ ഗാന്ധി എന്ന പപ്പു ആയിട്ടില്ല, സാധാരണക്കാരനായ പൌരന്‍ ആയിട്ടാണ് ഞാന്‍ സംസാരിക്കുന്നത്. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ പ്രതിപക്ഷ നേതാക്കള്‍ പക പോക്കുകയാണ്. യൂകെ കോടതിയിലേക്ക് അദ്ദേഹം തീർച്ചയായും വരേണ്ടി വരുമെന്നും ലളിത് മോദി കൂട്ടിച്ചേർത്തു.
അതേസമയം, ലളിത് മോദിയുടെ ട്വീറ്റുകളോടോ നിയമപരമായ ഭീഷണിയോടോ രാഹുല്‍ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സൂറത്ത് കോടതിയുടെ വിധി രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെതിരെ ഉയർന്ന കോടതിയിൽ അപ്പീൽ നൽകുമെന്നുമാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ഇതിനുള്ള നീക്കങ്ങളും അവർ ആരംഭിച്ചിട്ടുണ്ട്












Click it and Unblock the Notifications