ലാലു പ്രസാദ് യാദവിന് വിഷാദ രോഗം; ആരോഗ്യനില അതീവഗുരുതരം, മെഡിക്കൽ റിപ്പോർട്ട് പുറത്ത്
റാഞ്ചി: ആർജെഡി നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് വിഷാദ രോഗമെന്ന് റിപ്പോർട്ടുകൾ. അദ്ദേഹം ചികിത്സയിൽ കഴിയുന്ന രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ആർ കെ ശ്രീവാസ്തവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മനോരോഗ വിദഗ്ധർ അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിച്ച് വരികയാണ്. കാലിത്തീറ്റ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന അദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുടുംബത്തെ ബാധിച്ച നിരവധി അഴിമതിക്കേസുകളും രാഷ്ട്രീയ പ്രതിസന്ധികളും അദ്ദേഹത്തെ മാനസീകമായി ബാധിച്ചുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമെ മക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും തമ്മിലുള്ള അകൽച്ചയും ലാലുവിനെ ബാധിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിൽ തന്റെ പിൻഗാമിയായി ഇളയ മകൻ തേജസ്വി യാദവിനെയാണ് ലാലു ഉയർത്തിക്കൊണ്ടു വരുന്നത്. ലാലു പ്രസാദ് യാദവിന്റെ ഉയർന്ന രക്ത സമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കാനാവുന്നില്ലെന്ന് ഡോക്ടടർമാർ അറിയിച്ചു. കാലിൽ നീരുമുണ്ട്. നേരത്തെ ഹൃദയശസ്ത്രക്രിയയ്ക്കും ലാലുവിനെ വിധേയനാക്കിയിരുന്നു.












Click it and Unblock the Notifications