ജോലിക്ക് പകരം ഭൂമി; ലാലുവിനും ഭാര്യക്കും മകള്‍ക്കും ജാമ്യം അനുവദിച്ച് കോടതി
ലാലു പ്രസാദ് യാദവും കുടുംബവും ഒരു ലക്ഷം ചതുരശ്ര അടി ഭൂമി വെറും 26 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി എന്നാണ് കേസ്. ഇതിന് പകരം ഇവര്‍ക്ക് റെയില്‍വേയില്‍ ജോലി നല്‍കുകയായിരുന്നു.

പാട്‌ന: ജോലിക്കായി ഭൂമി തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലുപ്രസാദ് യാദവ്, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്റി ദേവി, ഇവരുടെ മകളും ആര്‍ ജെ ഡി എംപിയുമായ മിസാ ഭാരതി എന്നിവര്‍ക്ക് ജാമ്യം അനുവദിച്ച് ദല്‍ഹി കോടതി.
ഇവരെ അറസ്റ്റ് ചെയ്യാതെയാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്നും അതിനാല്‍ മൂന്ന് പേരെയും 50000 രൂപ വീതമുള്ള വ്യക്തിഗത ജാമ്യത്തില്‍ വിടുകയാണ് എന്നും കോടതി പറഞ്ഞു. ലാലുപ്രസാദ് യാദവിന്റെ കുടുംബം ഉള്‍പ്പടെ 16 പേരാണ് സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതികള്‍.
ഗൂഢാലോചന, അഴിമതി, അധികാര ദുര്‍വിനിയോഗം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തില്‍ കഴിയുകയാണ് ലാലു പ്രസാദ് യാദവ്. ഇതേ കേസിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇ ഡി അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

2004 നും 2009 നും ഇടയില്‍ റെയില്‍വേ മന്ത്രിയായിരിക്കെ ലാലുപ്രസാദ് യാദവിനും കുടുംബത്തിനും റെയില്‍വേയിലെ ജോലിക്കായി ഭൂമി നല്‍കി എന്ന ആരോപണമാണ് സി ബി ഐ അന്വേഷിക്കുന്നത്. പട്ടയഭൂമിക്ക് പകരം കുറഞ്ഞത് എട്ട് പേര്‍ക്കെങ്കിലും റെയില്‍വേയില്‍ ഗ്രൂപ്പ് ഡി ജോലി നല്‍കി എന്നാണ് സി ബി ഐ കണ്ടെത്തല്‍.
ലാലു പ്രസാദ് യാദവും കുടുംബവും ഒരു ലക്ഷം ചതുരശ്ര അടി ഭൂമി വെറും 26 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. അന്ന് ഈ ഭൂമിക്ക് വിപണി വില 4.39 കോടിയിലധികം രൂപയായിരുന്നു. ഇത്തരത്തിലുള്ള ഏഴ് ഭൂമി വില്‍പ്പനകളില്‍ മൂന്നെണ്ണം റാബ്രിയുടെ പേരിലും ഒന്ന് മിസ ഭാരതിയുടെ പേരിലും വാങ്ങി എന്നാണ് സി ബി ഐ പറയുന്നത്.












Click it and Unblock the Notifications