പാക് ലഷ്കര്‍ ഭീകരനെ കശ്മീരില്‍ വധിച്ചു: കൊല്ലപ്പെട്ടത് അമര്‍നാഥ് അക്രമികളില്‍ ഒരാള്‍!!
ഏറ്റുമുട്ടലില്‍ മരിച്ച ഭീകരന്‍ ഉമര്‍ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരെ വധിച്ചു. ജമ്മു കശ്മീരിലെ പാമ്പോരില്‍ വച്ചാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ പാകിസ്താനിയായ ഭീകരനെ വധിച്ചത്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച ഭീകരന്‍ ഉമര്‍ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂലൈയില്‍ അമര്‍നാഥ് തീര്‍ത്ഥാടകരുടെ വാഹനം ആക്രമിച്ച സംഭവത്തിന്‍റെ മുഖ്യസൂത്രധാരനായ അബു ഇസ്മായിലിന്‍റെ സംഘത്തില്‍പ്പെട്ടയാളാണ് ഉമര്‍. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ സബോറ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്‍റലിജന്‍സ് വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലിനെയാണ് ഭീകരനുമായി ഏറ്റുമുട്ടലുണ്ടായത്. തുടര്‍ന്ന് സൈന്യം ഉമറിനെ വധിക്കുകയായിരുന്നു. അവാന്തിപൊര പോലീസും സൈന്യത്തിന്‍റെ 50 രാഷട്രീയ റൈഫിള്‍സും സിആര്‍പിഎഫും സംയുക്തമായാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. ഭീകരനില്‍ നിന്ന് എകെ 47 നും കണ്ടെടുത്തിട്ടുണ്ട്. അമര്‍ യാത്രക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍ ത്വയ്ബ ആണെന്ന് കശ്മീര്‍ പോലീസ് ഞായറാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു ഭീകരനെക്കൂടി സുരക്ഷാ സേന വധിക്കുന്നത്.

ജമ്മു കശ്മീരില്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിച്ച ഭീകരരെ ഇല്ലാതാക്കിയെന്ന് കശ്മീര്‍ പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എട്ട് തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരുടെ മൊഡ്യൂളിനെ പാടെ നശിപ്പിച്ചുവെന്നാണ് പോലീസ് വാദം. ഭീകരാക്രമണത്തിനുള്ള ഫണ്ട് ലഭിച്ചത് സംബന്ധിച്ച നിര്‍ണായക വിവരം ലഭിച്ചതോടെ പോലീസ് ഭീകരരുടെ സംഘത്തെ ഇല്ലാതാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ജൂലൈ പത്തിന് വൈകിട്ട് അമര്‍നാഥ് തീര്‍ത്ഥാടകരുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍ ഇ ത്വയ്ബയാണെന്ന് പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ആറ് സ്ത്രീകളുള്‍പ്പെടെ എട്ട് പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്‍റെ സൂത്രധാരന്‍ പാക് പൗരനും ലഷ്കര്‍ ഇ കമാന്‍ഡര്‍ അബു ഇസ്മായിലാണെന്നാണ് പോലീസ് കരുതുന്നത്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അബു ദുജാന കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇസ്മായില്‍ ഭീകരസംഘടനയുടെ തലപ്പത്തേയ്ക്ക് എത്തുന്നത്.












Click it and Unblock the Notifications