അക്കൗണ്ടും കാലി, ജോലിയും പോയി, കന്നി ആധാര്‍ ഉടമ ദുരിതത്തില്‍
രാജ്യത്തെ കന്നി ആധാര്‍ ഉടമയായി മാറി ചരിത്രത്തില്‍ ഇടംപിടിച്ച രഞ്ജന സോനാവാനെയെന്ന മഹാരാഷ്ട്രക്കാരി ഇപ്പോള്‍ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്.
നന്ദുര്‍ബര്‍: രഞ്ജന സോനാവാനെ ഈ പേര് അത്ര സുപരിചിതമല്ല. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായി ആധാര്‍ കാര്‍ഡ് ലഭിച്ച വ്യക്തിയാരെന്ന് ചോദിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരം ഈ പേരാണ്.
മഹാരാഷ്ട്രയിലെ ടെംബ്ലി ഗ്രാമവാസിയായ ഇവര്‍ ഇപ്പോഴും അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാത്ത ചെറിയ വീട്ടിലാണ് രഞ്ജനയും കുടുംബവും താമസിക്കുന്നത്. ഗ്യാസ് കണക്ഷനോ വൈദ്യുതിയോ ഇല്ലാത്ത ഇവരുടെ വീട്ടില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി ടോയ്‌ലറ്റ് പോലുമില്ല. ഭര്‍ത്താവിനും മൂന്നു കുട്ടികള്‍ക്കുമൊപ്പാണ് രഞ്ജന ഇവിടെ താമസിക്കുന്നത്.
ബിജെപി സര്‍ക്കാര്‍ നോട്ടുനിരോധനം കൊണ്ടുവന്നതോടെ ഇവരുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമായിരിക്കുകയാണ്.

നിലവിലെ സാഹചര്യത്തില്‍ ജീവിച്ചുപോവുക ഏറെ ബുദ്ധിമുട്ടാണെന്ന് രഞ്ജന പറഞ്ഞു. ഇപ്പോള്‍ ഗ്രാമത്തിലെ ചന്തകളില്‍ കളിപ്പാട്ടങ്ങളും മറ്റും വിറ്റാണ് ഇവര്‍ ജീവിക്കുന്നത്.

എല്ലാ സര്‍ക്കാരുകളും പാവങ്ങളെ ഉപയോഗിച്ച് പണക്കാരെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്ന് രഞ്ജന കുറ്റപ്പെടുത്തി.

നേരത്തേ ദിവസവേതനത്തില്‍ ജോലിക്കു പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാങ്കുകളില്‍ നിന്നു നോട്ട് ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ഞങ്ങളെ ജോലിക്കു വിളിക്കുന്നില്ല. കളിപ്പാട്ടങ്ങള്‍ വില്‍ക്കാനായി ചന്തയില്‍ ഒരു കട തുടങ്ങാന്‍ എനിക്ക് ആഗ്രഹമുണ്ടെങ്കിലും ദിവസേന യാത്ര ചെയ്യാന്‍ പണമില്ലാത്തതിനാല്‍ അതും സാധിക്കുന്നില്ല.

രഞ്ജനയുടെ ഭര്‍ത്താവ് സദാശിവും ദിവസവേതനക്കാരനാണ്. മാര്‍ക്കറ്റില്‍ പണമില്ലാത്തതിനാല്‍ ഇപ്പോള്‍ ജോലിയൊന്നുമില്ലെന്ന് സദാശിവ് നിരാശയോടെ പറയുന്നു.

രഞ്ജന മാത്രമല്ല അവരുടെ ഗ്രാമമായ ടെംബ്ലിയും ചരിത്രത്തിന്‍റെ ഭാഗമാണ്. രാജ്യത്തെ ആദ്യത്തെ ആധാര്‍ ഗ്രാമെന്ന വിശേഷണം ഇവരുടെ ഗ്രാമത്തിനാണ്. പൂനെയില്‍ നിന്നു 470 കിമി അകലെയാണ് ടെംബ്ലി.

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കാഷ്‌ലെസ് പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ രഞ്ജനയുടെ മറുപടി ഇതായിരുന്നു-ഞങ്ങളെല്ലാം ഇപ്പോള്‍ തന്നെ കാഷ്‌ലെസ് ആയിക്കഴിഞ്ഞു. ഞങ്ങളുടെ ശൂന്യമായ ബാങ്ക് പാസ് ബുക്കുകളിലേക്ക് നോക്കൂ.

നിരോധിച്ച പഴയ 500, 1000 രൂപയുടെ നോട്ടുകള്‍ മാറാന്‍ ഞങ്ങളുടെ ഗ്രാമത്തിലെ ബാങ്കിനു മുന്നില്‍ ക്യൂ തന്നെയില്ല. കാരണം മറ്റൊന്നുമല്ല പലരുടെയും കൈയില്‍ 500, 1000 നോട്ടുകള്‍ ഇല്ലെന്നതു തന്നെയാണ് കാരണം. ഇവിടെ ഞങ്ങള്‍ ഇടപാടുകള്‍ക്കായി കൂടുതലും ഉപയോഗിക്കുന്നത് 50, 100 രൂപയുടെ നോട്ടുകളാണ്.

ആറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് തനിക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതെന്ന് രഞ്ജന പറഞ്ഞു. അന്ന് നേതാക്കള്‍ വീട്ടിലെത്തി ആധാറും കൈമാറി ഫോട്ടോയുമെടുത്ത് പോയ ശേഷം ഒരാള്‍ പോലും ഞങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ല.

ഇത്രയും കാലമായി ഒരു സബ്‌സിഡി പോലും തന്‍റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ല. മുന്‍ സര്‍ക്കാര്‍ ഒരു ഉപകാരവുമില്ലാത്ത ആധാര്‍ നല്‍കിയപ്പോള്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ നോട്ട് നിരോധനത്തിനൂടെ ഉപജീവനത്തിനുള്ള വഴികള്‍ കൂടി അടച്ചു.

ആധാര്‍ കാര്‍ഡ് ആദ്യമായി ഈ ഗ്രാമത്തിലെത്താന്‍ കാരണം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ്. 1998ല്‍ നന്ദുര്‍ബര്‍ ഗ്രാമത്തില്‍ നടന്ന വലിയ റാലിയിലൂടെയാണ് സോണിയ സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.












Click it and Unblock the Notifications