ഗുജറാത്തുമായുള്ള 3 പതിറ്റാണ്ടിന്റെ ബന്ധത്തിന് അവസാനം; ദില്ലിയിലെ കന്നി വോട്ട് രേഖപ്പെടുത്തി അദ്വാനി
ദില്ലി: മൂന്ന് പതിറ്റാണ്ടായി ഗുജറാത്തുമായി തുടരുന്ന ബന്ധം അവസാനിപ്പിച്ച് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അദ്വാനി. ശനിയാഴ്ച നടന്ന ദില്ലി നിയമസഭ തിരഞ്ഞെടുപ്പിലാണ് ഔറംഗസേബ് റോഡിലെ അടല്‍ ആദര്‍ശ് വിദ്യാലയത്തിലെ പോളിംഗ് ബൂത്തില്‍ അദ്ദേഹം തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തിയത്. 1991 മുതല്‍ 2019 വരെ മുപ്പത് വര്‍ഷമായി ഗുജറാത്തിലെ വോട്ടറായിരുന്ന അദ്വാനി മകള്‍ പ്രതിഭയ്‌ക്കൊപ്പമെത്തിയാണ് വോട്ട് ചെയ്തത്. കുറച്ചു കാലമായി അദ്വാനി മകളോടൊപ്പം ദില്ലിയിലാണ് താമസമെങ്കിലും വോട്ട് രേഖപ്പെടുത്താനായി എല്ലാ തിരഞ്ഞെടുപ്പുകളിലും ഗുജറാത്തിലേക്ക് പോകാറുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും ഗുജറാത്തില്‍ വോട്ട് രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ പേര് ഇപ്പോള്‍ സംസ്ഥാന വോട്ടര്‍ പട്ടികയില്‍ ഇല്ല. അഹമ്മദാബാദിലെ ജമാല്‍പൂര്‍-ഖാദിയ നിയമസഭാ മണ്ഡലത്തിലെ വോട്ടറായിരുന്നു അദ്വാനി. ദില്ലിയിലെ ഇപ്പോഴത്തെ വസതിയാണ് അദ്വാനിയുടെ സ്ഥിരം മേല്‍വിലാസമെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. അതേസമയം, അഹമ്മദാബാദ് വോട്ടര്‍ പട്ടികയില്‍ നിന്ന് അദ്വാനിയുടെ പേര് നീക്കം ചെയ്തതായും ദില്ലിയിലെ വോട്ടര്‍പ്പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തതായും ഗുജറാത്ത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എസ്. മുരളി കൃഷ്ണ പറഞ്ഞു.
1989ല്‍ ദില്ലി മണ്ഡലത്തില്‍ നിന്നും വിജയിച്ചാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അദ്വാനി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗാന്ധിനഗറില്‍ നിന്ന് ലോക്‌സഭയിലേക്കെത്തിയ 1991 മുതല്‍ ഗുജറാത്തുമായി അദ്വാനിക്ക് വളരെ വലിയ ബന്ധമുണ്ടായിരുന്നു. മുന്‍ ബിജെപി പ്രസിഡന്റ് അമിത് ഷായെ 2019ലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുന്നത് വരെ ആറ് തവണയായി അദ്ദേഹം മണ്ഡലത്തെ പ്രതിധീകരിച്ചു. ഒരിക്കല്‍ ദില്ലിയില്‍ നിന്നും മത്സരിച്ചെങ്കിലും ഗാന്ധിനഗര്‍ അദ്ദേഹം എന്നും നിലനിര്‍ത്തി. 1,500 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബോളിവുഡ് താരം രാജേഷ് ഖന്നയ്‌ക്കെതിരെ അന്ന് അദ്ദേഹം വിജയിച്ചത്.