ദക്ഷിണേന്ത്യയില്‍ 5 സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്.... 129 സീറ്റുകളില്‍ മത്സരം ഇങ്ങനെ
ദില്ലി: കോണ്‍ഗ്രസ് ദക്ഷിണേന്ത്യയില്‍ അങ്കത്തിനൊരുങ്ങുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി വന്നതോടെ, ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് വലിയ നേട്ടം സ്വപ്‌നം കാണുന്നുണ്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രിയതയുടെ ഏറ്റവും കുറഞ്ഞ അളവില്‍ ഉള്ളത് ദക്ഷിണേന്ത്യയിലാണ്.
അഞ്ച് സംസ്ഥാനങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് അണിയറയില്‍ പോരിനിറങ്ങുന്നത്. കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തണമെങ്കില്‍ ഈ സംസ്ഥാനങ്ങള്‍ നിര്‍ണായകമാകുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ വിലയിരുത്തല്‍. അതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് കേരളത്തില്‍ അടക്കം ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് ദക്ഷിണേന്ത്യയില്‍ ഇറക്കുന്നത്. ഒരു തരത്തിലും പാര്‍ട്ടി വിട്ടുവീഴ്ച്ചയ്ക്ക് ഒരുക്കമല്ല.

അഞ്ച് സംസ്ഥാനങ്ങള്‍
ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും കേരളത്തിലും കോണ്‍ഗ്രസ് സഖ്യമായിട്ടാണ് മത്സരിക്കുന്നത്. ആന്ധ്രയിലും തെലങ്കാനയിലും തനിച്ചാണ്. മുന്‍ കേന്ദ്ര മന്ത്രിമാരും സിറ്റിംഗ് എംഎല്‍എമാരെ അടക്കം ഇറക്കി വമ്പന്‍ നേട്ടത്തിനാണ് കോണ്‍ഗ്രസ് ഇത്തവണ ഒരുങ്ങുന്നത്.

129 സീറ്റുകള്‍
അഞ്ച് സംസ്ഥാനങ്ങളിലായി 129 സീറ്റുകളാണുള്ളത്. കേരളത്തില്‍ 20, ആന്ധ്രപ്രദേശില്‍ 25, തമിഴ്‌നാട്ടില്‍ 39, കര്‍ണാടകത്തില്‍ 28, തെലങ്കാനയില്‍ 17 സീറ്റ് എന്നിങ്ങനെയാണ് ഉള്ളത്. ഇതില്‍ പകുതി ലഭിച്ചാല്‍ തന്നെ കേന്ദ്രത്തില്‍ അധികാരം ഉറപ്പിക്കാന്‍ സാധിക്കും. അഭിപ്രായ സര്‍വേകളില്‍ തമിഴ്‌നാടും, കേരളവും കോണ്‍ഗ്രസിന് അനുകൂല തരംഗം ഉണ്ടാവുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇതാണ് കോണ്‍ഗ്രസ് സര്‍വ സന്നാഹങ്ങളുമായി പോരാട്ടത്തിന് ഒരുങ്ങുന്നത്.

മോദിക്ക് പിന്തുണയില്ല
നരേന്ദ്ര മോദിയുടെ പ്രതിച്ഛായ ഏറ്റവും മോശമാണ് ദക്ഷിണേന്ത്യയില്‍. തമിഴ്‌നാടാണ് ഏറ്റവും മുന്‍പന്തിയില്‍. 2.2 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹം വീണ്ടും അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നത്. അണ്ണാ ഡിഎംകെയെ ഒപ്പം കൂട്ടിയത് കൊണ്ട് മോദിയുടെ പ്രതിച്ഛായ വര്‍ധിക്കില്ലെന്നാണ് വിലയിരുത്തല്‍. എഐഎഡിഎംകെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. തമിഴ്‌നാട്ടില്‍ ഈ സഖ്യം അഞ്ച് സീറ്റിലേക്കാണ് പോകുന്നതെന്ന രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നു.

കോണ്‍ഗ്രസിന്റെ ജനപ്രീതി
കോണ്‍ഗ്രസിന്റെ ജനപ്രീതിക്ക് കാരണം മോദി ദക്ഷിണേന്ത്യന്‍ വിരുദ്ധനാണെന്ന തോന്നലാണ്. തമിഴ്‌നാട്ടില്‍ കാവേരി, ജെല്ലിക്കെട്ട് വിഷയത്തില്‍ മോദിയെടുത്ത നിലപാടുകള്‍ തമിഴ്‌നാട് വിരുദ്ധമായിട്ടാണ് വിലയിരുത്തപ്പെട്ടത്. കേരളത്തില്‍ മോദിയുടെ പ്രകടനം മികച്ചതാണെന്ന് 7.7 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. കര്‍ണാടകത്തിലും തെലങ്കാനയിലുമാണ് അല്‍പ്പം ഭേദം. മോദി വിരുദ്ധരില്‍ പലരിലും ബദല്‍ മാര്‍ഗമായി കാണുന്നത് കോണ്‍ഗ്രസിനെയാണ്.

രാഹുലിന്റെ നേതൃത്വം
ദക്ഷിണേന്ത്യയില്‍ രാഹുല്‍ ഗാന്ധിയെന്ന നേതാവില്‍ വലിയ വിശ്വാസമാണ് ജനങ്ങള്‍ക്ക് ഉള്ളത്. അദ്ദേഹം ഉന്നയിച്ച എല്ലാ കാര്യങ്ങളും ദക്ഷിണേന്ത്യക്ക് അത്യാവശ്യമായിരുന്നു. പ്രധാനമായും ആന്ധ്രപ്രദേശിന് പ്രത്യേക പദവിയൊക്കെ വലിയ സ്വീകരണമാണ് ഏറ്റുവാങ്ങിയത്. അതേസമയം രാഹുല്‍ തമിഴ്‌നാടും കേരളവുമായി അടുത്ത് നില്‍ക്കുന്ന നേതാവെന്ന തോന്നലും ജനങ്ങള്‍ക്കിടയിലുണ്ട്. മിനിമം വരുമാനം പദ്ധതി ആന്ധ്രയിലും തെലങ്കാനയിലും കോണ്‍ഗ്രസിന് പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടമുണ്ടാക്കും.

ദക്ഷിണേന്ത്യയിലെ നേട്ടം
കഴിഞ്ഞ തവണ ബിജെപി 21 സീറ്റാണ് ദക്ഷിണേന്ത്യയില്‍ നിന്ന് നേടിയത്. ഇതില്‍ 17 എണ്ണം കര്‍ണാടകത്തില്‍ നിന്നാണ്. ആന്ധ്രയില്‍ നിന്ന് മൂന്നും തമിഴ്‌നാട്ടില്‍ നിന്ന് ഒറ്റ സീറ്റുമാണ് ബിജെപി നേടിയത്. ഇത്തവണ കര്‍ണാടകത്തില്‍ വലിയ സഖ്യമുണ്ട്. പത്ത് സീറ്റില്‍ താഴെ ബിജെപി ഒതുങ്ങാന്‍ എല്ലാ സാധ്യതയുമുണ്ട്. ഇവിടെയെല്ലാം ബിജെപി നേട്ടമുണ്ടാക്കുമെന്ന് ഉറപ്പാണ്. അതേസമയം ഒറ്റസീറ്റും ബിജെപിക്ക് കിട്ടിയില്ലെങ്കില്‍ അദ്ഭുതപ്പെടാനില്ല.

പഞ്ചാബിലും മോശം
പഞ്ചാബിലും ബിജെപിയുടെ പ്രകടനം മോശമാകും. മോദി ഏറ്റവും മോശം പ്രധാനമന്ത്രിയെന്നാണ് സര്‍വേയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. അതേസമയം ഹിന്ദി ഹൃദയഭൂമിയില്‍ നഷ്ടം വരികയാണെങ്കില്‍ അത് ദക്ഷിണേന്ത്യയില്‍ നികത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിന് പുറമേ ബംഗാളിലും കോണ്‍ഗ്രസ് നേട്ടം സ്വപ്‌നം കാണുന്നുണ്ട്. മമതയെയും മോദിയെയും രാഹുല്‍ ലക്ഷ്യമിട്ടത് ഇതിന്റെ ഭാഗമാണ്. മമത വെറുതെ സംസാരിക്കുക മാത്രമാണെന്നും ബംഗാളിനായി ഒന്നും ചെയ്യുന്നില്ലെന്നും രാഹുല്‍ ആരോപിച്ചിരുന്നു. ഇവിടെ 10 സീറ്റുകളാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. അതേസമയം മോദി ജനങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും, കോണ്‍ഗ്രസിനെ വിമര്‍ശിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
നിലവില്‍ ഭരണം നേടിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നാണ് രാഹുലിന്റെ പ്രവചനം. അതേസമയം കേരളത്തില്‍ നിന്ന് മത്സരിക്കുന്നതോടെ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് അനുകൂല തരംഗം ഉണ്ടാവുമെന്നും രാഹുല്‍ കണക്കുകൂട്ടുന്നു.
പ്രിയങ്കയെ കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചോ? ഗംഗാ യാത്രയ്ക്ക് പബ്ലിസിറ്റിയില്ല!!