2024 ല്‍ മോദി പടിയിറങ്ങും: കർണാടകയില്‍ കോണ്‍ഗ്രസ് 20 സീറ്റ് നേടുമെന്നും സിദ്ധരാമയ്യ
ബെംഗളൂരു: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരം നഷ്ടപ്പെടുമെന്ന കാര്യത്തില്‍ തനിക്ക് തികഞ്ഞ ആത്മവിശ്വാസമാണ് ഉള്ളതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമസഭ തിരഞ്ഞെടുപ്പിലേതെന്ന പോലെ ലോക്‌സഭയിലും തങ്ങൾ മികച്ച വിജയം നേടുമെന്നതില്‍ സംശയമില്ല. നിയമസഭ തിരഞ്ഞെടുപ്പിലെ പാർട്ടി പ്രവർത്തകരുടെ ശ്രമത്തെ പ്രശംസിച്ച സിദ്ധരാമയ്യ, അവരുടെ സംഭാവനകൾ ഹൈക്കമാൻഡ് അംഗീകരിച്ചിട്ടുണ്ടെന്നും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 28ൽ 20 സീറ്റും കോൺഗ്രസ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
തിങ്കളാഴ്ച കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു കർണാടക മുഖ്യമന്ത്രി. "ഞാൻ എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്, അതിശയോക്തി കൂടാതെയുമാണ് ഞാൻ പറയുന്നത്. 2024ൽ കേന്ദ്രത്തിൽ ബിജെപി തോൽക്കും. പ്രധാനമന്ത്രി മോദി പാർലമെന്റ് സമ്മേളനങ്ങളിൽ കൃത്യമായി പങ്കെടുക്കുന്നില്ല, പ്രശ്നങ്ങൾ ശ്രദ്ധിക്കുന്നില്ല ", കർണാടക മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ 'വിനാശകരം' എന്ന് വിശേഷിപ്പിച്ച അദ്ദേഹം 'അവികസനത്തിന്റെ രാഷ്ട്രീയം' മുന്നോട്ട് വെക്കുന്ന അവർ വർഗീയതയിലൂടെ ആളുകളെ വിഭജിക്കുന്നുവെന്നും കുറ്റപ്പെടുത്തി. "രാജ്യത്തെ ജനങ്ങൾ ശാന്തരും സന്തുഷ്ടരുമായാൽ ബിജെപിയുടെ സമാധാനം തകരും, അവരുടെ അസൂയയും വർദ്ധിക്കും. കർണാടകയിലെ കോൺഗ്രസ് സർക്കാർ ബിജെപി കാലത്തെ എല്ലാ അഴിമതികളും അന്വേഷിക്കാൻ തുടങ്ങി. സത്യം ഉടന്‍ പുറത്ത് വരും" സിദ്ധരാമയ്യ പറഞ്ഞു.
സാധാരണക്കാരുടെ പോക്കറ്റിൽ നിന്ന് പണമെടുത്ത് പണക്കാർക്ക് നൽകുന്ന നയങ്ങളാണ് ബിജെപി നടത്തിയതെങ്കില്‍ കോൺഗ്രസ് ജനങ്ങളുടെ പോക്കറ്റിൽ പണമെത്തുന്ന തരത്തിൽ ഗ്യാരന്റി പദ്ധതികൾ ആവിഷ്‌കരിക്കുകയാണ്. ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുന്ന ബജറ്റാണ് ഞങ്ങൾ അവതരിപ്പിച്ചത്. കർണാടക മാതൃകയിലുള്ള ഈ വികസനം പഠിക്കാനും സ്വീകരിക്കാനും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും മുന്നോട്ട് വന്നിട്ടുണ്ടെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
അതേസമയം, 2024 ലെ തിരഞ്ഞെടുപ്പിൽ, കുറഞ്ഞത് 12-15 പുതുമുഖങ്ങളെയെങ്കിലും കോൺഗ്രസ് കൊണ്ടുവന്നേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട കെ എച്ച് മുനിയപ്പ (കോലാർ), മധു ബംഗാരപ്പ (ശിവമൊഗ), ഈശ്വർ ഖന്ദ്രെ (ബിദർ), കൃഷ്ണ ബൈരെ ഗൗഡ (ബെംഗളൂരു നോർത്ത്) എന്നിവരെല്ലാം നിലവില്‍ എം എൽ എമാരും മന്ത്രിമാരുമാണ്. ഇവർക്കെല്ലാം പകരം നേതൃത്വത്തിന് പുതിയ ആളുകളെ കണ്ടെത്തേണ്ടി വരും.












Click it and Unblock the Notifications