40 സീറ്റും തൂത്തുവാരും, മോദി നുണകള്‍ പ്രചരിപ്പിക്കുന്നു; ഇന്ത്യ സഖ്യം വിജയിക്കുമെന്ന് സ്റ്റാലിന്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍ എത്രത്തോളം സന്ദര്‍ശനം നടത്തുന്നുവോ അതിന്റെയെല്ലാം ഗുണം ഡിഎംകെയ്ക്ക് ലഭിക്കുമെന്നും സ്റ്റാലിന്‍ പരിഹസിച്ചു. ഇന്ത്യ ടുഡേയോടായിരുന്നു പരാമര്‍ശം.
തമിഴ്‌നാട്ടിലേക്ക് മോദി വരുന്നത് എന്തൊക്കെയോ വിടുവായത്തം പറയാനാണെന്നും, നുണകളാണ് അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. മോദി എത്രത്തോളം തമിഴ്‌നാട്ടില്‍ നരുന്നുവോ അത്രത്തോളം അത് ഡിഎംകെയ്ക്ക് അനുകൂലമാവും. അതൊരു പ്ലസ് പോയിന്റാണ്. നുണ പറയാനാണ് തമിഴ്‌നാട്ടിലേക്ക് മോദി വരുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

ബിജെപി തമിഴ്‌നാട്ടില്‍ നാടകം കളിക്കുകയാണ്. അണ്ണാഡിഎംകെയാണ് തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷം. ബിജെപി നാടകം കളിക്കാന്‍ ശ്രമിക്കുകയാണ്. രണ്ട് പാര്‍ട്ടികളും രണ്ടാം സ്ഥാനത്ത് വരാനാണ് പോരാടുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം തമിഴ്‌നാട്ടിലെ നാല്‍പ്പത് സീറ്റും തൂത്തുവാരും.
എല്ലാ വാഗ്ദാനങ്ങളും ഞങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. അധികാരത്തില്‍ വന്നത് പുതിയ ഞങ്ങളുടെ പുതിയ പദ്ധതികള്‍ സ്ത്രീകള്‍ക്കിടയില്‍ വലിയ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. കുടുംബ രാഷ്ട്രീയവും, അഴിമതിയും ബിജെപി ഉന്നയിക്കുന്നതാണ്. ജനങ്ങള്‍ക്ക് സത്യമറിയാം. സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഇലക്ട്രല്‍ ബോണ്ടും പുറത്തുവന്നു. എത്ര പണം ആരുടെ കൈവശമുണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും സ്റ്റാലിന്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ സഖ്യം അധികാരത്തില്‍ വരുമെന്ന് സ്റ്റാലിന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യം അപ്പോഴത്തെ സാഹചര്യം അനുസരിച്ച് തീരുമാനിക്കും. ഇപ്പോള്‍ അക്കാര്യത്തില്‍ പ്രഖ്യാപനമില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. 21 സീറ്റിലാണ് ഡിഎംകെ മത്സരിക്കുന്നത്.
അതില്‍ നാമക്കല്‍ കൂടി ചേരുമ്പോള്‍ 22 സീറ്റാവും. ഡിഎംകെയുടെ സഖ്യകക്ഷിയായ കെഎംഡികെയാണ് ഇവിടെ മത്സരിക്കുന്നത്. എന്നാല്‍ ഡിഎംകെ ചിഹ്നത്തിലാണ് മത്സരിക്കുക. 18 സീറ്റില്‍ ഡിഎംകെയുടെ സഖ്യകക്ഷികള്‍ മത്സരിക്കും. കോണ്‍ഗ്രസ് ഒന്‍പത് സീറ്റിലാണ് മത്സരിക്കുന്നത്. എപ്രില്‍ 19നാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ്.












Click it and Unblock the Notifications