രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
ന്യൂഡൽഹി: രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ നടത്തിയ പ്രസ്‌താവനയിൽ പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഈ പ്രസംഗം മാതൃകാ പെരുമാറ്റ ചട്ട ലംഘനം അല്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. അതിനാൽ തന്നെ പ്രധാനമന്ത്രിക്കെതിരെ നടപടി എടുക്കേണ്ടതില്ലെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.
ഇതിന് പുറമെ താലിബാൻ ഭരണം നിലനിൽക്കുന്ന അഫ്‌ഗാനിസ്ഥാനിൽ നിന്ന് സിഖ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ട് വരാൻകേന്ദ്രം സ്വീകരിച്ച നടപടികൾ മോദി പ്രസംഗത്തിൽ പരാമർശിച്ചതിലും കമ്മീഷൻ ചട്ടലംഘനം ഇല്ലെന്നാണ് കമ്മീഷന്റെ നിരീക്ഷണം. ഇതോടെ തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം ഉയർത്തിയ പ്രധാന ആരോപണമാണ് ഇല്ലാതാവുന്നത്.

പ്രധാനമന്ത്രിയുടെ പ്രസംഗം മത വിഭാഗങ്ങൾക്ക് ഇടയിൽ സ്‌പർദ്ധ വളർത്തിയിട്ടില്ലെന്നും സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ചാണ് പറഞ്ഞതെന്നുമാണ് കമ്മീഷൻ നൽകുന്ന വിശദീകരണം. എന്നാൽ രാമക്ഷേത്ര ഉൾപ്പെടെയുള്ള വിഷയങ്ങളെ ആ നിലയ്ക്ക് കാണാൻ കഴിയില്ലെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന പ്രധാന വാദം. എന്നാൽ ഇതിൽ കഴിമ്പില്ലെന്നാണ് കമ്മീഷന്റെ നിലപാടിൽ നിന്ന് വ്യക്തമാവുന്നത്.
ഇക്കാര്യത്തിൽ നടപടി എടുത്താൽ സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് മേൽ ഏർപ്പെടുത്തുന്ന നിയന്ത്രണം ആയിത്തീരുമെന്നാണ് കമ്മീഷൻ പറയുന്നത്. ഈ സാഹചര്യത്തിലാണ് മോദിയുടെ പ്രസംഗത്തിൽ നടപടി വേണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. ഏപ്രിൽ 26ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാൻ ഇരിക്കെയാണ് ഈ സംഭവ വികാസം.
നേരത്തെ ഈ മാസമാദ്യം ഉത്തർപ്രദേശിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയം പരാമർശിച്ചത്. അഫ്‌ഗാനിൽ നിന്ന് ഗുരുഗ്രന്ഥ സാഹിബ് കൊണ്ട് തിരികെ കൊണ്ട് വരാനുള്ള നടപടികൾ ഉൾപ്പെടെ ഈ പ്രസംഗത്തിൽ മോദി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് പരാതി ഉയർന്നത്.
മതത്തിന്റെ പേരിലാണ് മോദി വോട്ടഭ്യർത്ഥിച്ചതെന്ന് ചൂണ്ടിക്കാട്ടിയ പ്രമുഖ അഭിഭാഷകനായ ആനന്ദ് ജോണ്‍ഡെയൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മോഡിക്കെതിരെ നടപടി എടുക്കാൻ കമ്മീഷനോട് നിർദ്ദേശിക്കണമെന്നും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153-ാം വകുപ്പ് പ്രകാരം മോദിക്ക് എതിരെ കേസ് രജിസ്‌റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കണം എന്നും ആവശ്യപെട്ടിരുന്നു. എന്നാൽ ഇതിൽ കഴമ്പില്ലെന്നാണ് ഇപ്പോൾ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്.
നാളെയാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. വടക്കേ ഇന്ത്യയിൽ രാമക്ഷേത്ര വിഷയം ഉൾപ്പെടെ ഉയർത്തി കാട്ടിയാണ് ബിജെപി വോട്ട് തേടുന്നത്. സർക്കാരിന്റെ ഭരണനേട്ടങ്ങളിൽ പ്രധാനമായി മോദി ചൂണ്ടിക്കാണിക്കുന്നതും രാമക്ഷേത്രം തന്നെയാണ്. എന്നാൽ പ്രതിപക്ഷം ഇതിനെ ശക്തമായി എതിർക്കുകയാണ്.












Click it and Unblock the Notifications