സീറ്റ് തരാം, വിജയിച്ചേ തീരൂ; യുപിയില്‍ സഖ്യത്തിന് എസ്പിയുടെ നിബന്ധന, പരിഗണിക്കുന്നത് ഇക്കാര്യങ്ങള്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തമ്മിലുള്ള സഖ്യം വരാന്‍ സാധ്യതയേറുന്നു. ഇരുപാര്‍ട്ടികളും തമ്മിലുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിലെ ഇരുപാര്‍ട്ടികളുടെയും കരുത്ത് കൂടി പരിഗണിച്ച് മാത്രമേ സീറ്റ് വിഭജനം ഉണ്ടാകൂ. അതുപോലെ സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യതയും, സീറ്റുകളില്‍ അവര്‍ക്കുള്ള സ്വാധീനവും കണക്കിലെടുത്ത് മാത്രമേ സീറ്റ് നല്‍കൂ.
കോണ്‍ഗ്രസ് പ്രതീക്ഷിച്ചത് പോലെ കൂടുതല്‍ സീറ്റുകള്‍ യുപിയില്‍ കിട്ടാനുള്ള സാധ്യത വിരളമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, 2009 മുതല്‍ കോണ്‍ഗ്രസ് തീര്‍ത്തും ദുര്‍ബലമാണ് ഉത്തര്‍പ്രദേശില്‍. ചൊവ്വാഴ്ച്ചയായിരുന്നു എസ്പിയും കോണ്‍ഗ്രസും തമ്മില്‍ ചര്‍ച്ചകള്‍ നടന്നത്. ഇന്ത്യ സഖ്യം യുപിയില്‍ ഏതെല്ലാം സീറ്റില്‍ മത്സരിക്കുമെന്നാണ് ഇവര്‍ തീരുമാനിച്ചത്.

അതേസമയം വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ കൂടുതല്‍ സീറ്റ് നല്‍കുന്നതിനോട് എതിര്‍പ്പില്ലെന്നാണ് എസ്പി നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്. വിജയിക്കുമെന്ന് ഉറപ്പുള്ള സീറ്റുകളുടെ പട്ടിക ഇരുപാര്‍ട്ടികളും ആദ്യം സമര്‍പ്പിക്കണം. അതില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ഉണ്ടായിരിക്കണം.
അതിന് ശേഷം ഒരു മണ്ഡലത്തിന് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥി ആരാണെന്ന് സഖ്യത്തില്‍ തീരുമാനിക്കും. അതിനായി സാമൂഹികവും ജനസംഖ്യാപരവുമായ കണക്കുകള്‍ പരിശോധിക്കും. ഇതെല്ലാം ഒരു സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വരണം. ഒരു മണ്ഡലത്തില്‍ ഒബിസി ജനസംഖ്യയാണ് കൂടുതലെങ്കില്‍, ആ മണ്ഡലത്തില്‍ മത്സരിക്കുന്ന ഒബിസി സ്ഥാനാര്‍ത്ഥിയുടെ ജനപ്രീതി പരിശോധിക്കും. അത് വളരെ കൂടുതലാണെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം അദ്ദേഹത്തിന് ലഭിക്കും.
ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസും എസ്പിയും മാത്രമാണ് യുപിയില്‍ മത്സരിക്കുന്നത്. എസ്പി 2022 നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനമാണ് ഉയര്‍ത്തി കാണിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് 2009ല്‍ മികച്ച പ്രകടനം നടത്തിയതുമാണ് ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍ 2014, 2019 വര്‍ഷങ്ങളില്‍ ഇരുപാര്‍ട്ടികളുടെയും പ്രകടനം ദയനീയമായിരുന്നു.
കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് യുപിയില്‍ നിന്ന് ലഭിച്ചത്. എസ്പിക്ക് അഞ്ച് സീറ്റുകളാണ് രണ്ട് തെരഞ്ഞെടുപ്പിലുമായി ലഭിച്ചത്. കോണ്‍ഗ്രസിന് 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 21 സീറ്റുകളായിരുന്നു ലഭിച്ചത്. ഇത് വലിയ സര്‍പ്രൈസായിരുന്നു. എസ്പിക്ക് ആ തെരഞ്ഞെടുപ്പില്‍ 23 സീറ്റുകള്‍ ലഭിച്ചിരുന്നു.
അതേസമയം 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 111 സീറ്റുകളാണ് എസ്പി നേടിയത്. 32 ശതമാനം വോട്ടും ലഭിച്ചിരുന്നു. എസ്പിയുടെ സഖ്യകക്ഷിയായ ആര്‍എല്‍ഡി 8 സീറ്റുകളും നേടിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് വെറും ഒരു സീറ്റാണ് ലഭിച്ചത്. 399 സീറ്റില്‍ അവര്‍ മത്സരിച്ചിരുന്നു. 2.33 ശതമാനമായി അവരുടെ വോട്ടുകള്‍ താഴുകയും ചെയ്തു.












Click it and Unblock the Notifications