ആദ്യ ഘട്ട പോളിംഗ് നടന്ന മണ്ഡലങ്ങളില്‍ ഇന്ത്യ സഖ്യം; നേടിയത് 64 സീറ്റ്, ബിജെപിയുടെ വീഴ്ച്ച ഇങ്ങനെ
ന്യൂഡല്‍ഹി: ആദ്യ ഘട്ട പോളിംഗ് നടന്ന മണ്ഡലങ്ങളില്‍ വന്‍ തിരിച്ചടി നേരിട്ട് ബിജെപി. വന്‍ സീറ്റ് നഷ്ടമാണ് ബിജെപിക്ക് ഉണ്ടാക്കിയിരിക്കുന്നത്. 101 സീറ്റില്‍ ഇന്ത്യ സഖ്യം 64 സീറ്റുകള്‍ നേടിയെടുത്തു. ബിജെപിക്ക് ആകെ ലഭിച്ചത് 33 സീറ്റാണ്. ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടായതും ഈ ഘട്ടത്തിലാണ്.
ഇന്ത്യ സഖ്യം അപ്രതീക്ഷിതമായി ഈ സീറ്റുകളില്‍ പലതിലും ലീഡ് നേടുകയായിരുന്നു. യുപിയിലെ സമാജ് വാദി പാര്‍ട്ടിയുടെ തിരിച്ചുവരവും ഇതിന് കാരണമായിട്ടുണ്ട്. പശ്ചിമ യുപിയിലാണ് ഇന്ത്യ സഖ്യം വന്‍ മുന്നേറ്റം നടത്തിയത്. അഖിലേഷിനൊപ്പം കോണ്‍ഗ്രസും എന്‍ഡിഎയെ വീഴ്ത്തുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്.

സഹാരണ്‍പൂര്‍, കൈരാന, മൊറാദാബാദ്, മുസഫര്‍നഗര്‍, രാംപൂര്‍ എന്നീ നിര്‍ണായക മണ്ഡലങ്ങളില്‍ എസ്പിയോട് ബിജെപിക്ക് മുട്ടുമടക്കേണ്ടി വന്നു. പിലിഭിത്തില്‍ ജിതിന്‍ പ്രസാദയും, ബിജ്‌നോറില്‍ ആര്‍എല്‍ഡിയും കാര്യമായ മുന്നേറ്റം ഇതിനിടയിലും നടത്തിയിട്ടുണ്ട്. എന്നാല്‍ പശ്ചിമ യുപിയില്‍ ഇന്ത്യ സഖ്യം ശക്തമായ മുന്നേറ്റം കാഴ്ച്ചവെക്കാന്‍ കാരണം ഏറെയാണ്.
രജ്പുത് വിഭാഗത്തിന്റെ രോഷം ഇവിടെ ശക്തമായിരുന്നു. യോഗി സര്‍ക്കാരില്‍ ഈ വിഭാഗത്തിനുള്ള പ്രാധാന്യകുറവായിരുന്നു രോഷമായി പ്രതിഫലിച്ചത്. തുടര്‍ച്ചയായി ബിജെപി ഇവരെ അവഗണിക്കുന്നതും വലിയ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. പശ്ചിമ യുപിയിലെ മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനം രജ്പുത് വിഭാഗക്കാരാണ്.
രജ്പുത് വിഭാഗക്കാര്‍ക്ക് ലോക്‌സഭാ ടിക്കറ്റ് വിതരണത്തില്‍ ബിജെപിയില്‍ കാര്യമായ പ്രാധാന്യം ലഭിച്ചിരുന്നില്ല. രജ്പുത് നേതാക്കളെ ബിജെപി പൂര്‍ണമായും അവഗണിച്ചു. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ എട്ട് സീറ്റില്‍ ബിജെപി ഒരു രജ്പുത് വിഭാഗക്കാരനെ മാത്രമാണ് മത്സരിപ്പിച്ചത്. കന്‍വര്‍ സര്‍വേഷ് സിംഗായിരുന്നു സ്ഥാനാര്‍ത്ഥി. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍വേഷ് മരിച്ചു.
ബാക്കിയുള്ള മണ്ഡലങ്ങളിലും രജ്പുത് സ്ഥാനാര്‍ത്ഥികളൊന്നും ഇല്ലായിരുന്നു. രജ്പുത് വിഭാഗക്കാര്‍ പരസ്യമായി തന്നെ അതൃപ്തി അറിയിച്ചിരുന്നു. ഏപ്രിലില്‍ സഹാരണ്‍പൂരില്‍ വമ്പന്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ചായിരുന്നു പ്രതിഷേധം. ബിജെപിയുടെ സിറ്റിംഗ് എംപിയും മുസഫര്‍നഗര്‍ സ്ഥാനാര്‍ത്ഥിയുമായ കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യണിനെതിരെയായിരുന്നു രജ്പുത് വിഭാഗത്തിന്റെ പ്രതിഷേധം.
സിറ്റിംഗ് എംപി വികെ സിംഗിനെ മാറ്റിയതും, പകരം ബനിയ വിഭാഗം സ്ഥാനാര്‍ത്ഥിയെ ഗാസിയാബാദില്‍ കൊണ്ടുവന്നതുമെല്ലാം ബിജെപിക്ക് തിരിച്ചടിയായി. പ്രചാരണത്തില്‍ രജ്പുത്ത് വിഭാഗത്തെ അനുനയിപ്പിക്കാന്‍ മോദി അടക്കമുള്ളവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എസ്പിയുടെ പ്രചാരണം ആ വികാരത്തെ കൃത്യമായി ഉപയോഗിക്കുകയായിരുന്നു.












Click it and Unblock the Notifications