ഉദ്ധവും പവാറും പവര്‍ കാണിച്ചു, ഒറിജിനലിന്റെ കാര്യത്തില്‍ തീരുമാനമായി; ഷിന്‍ഡെയും അജിത്തും തരിപ്പണം
മുംബൈ: മഹാരാഷ്ട്ര അങ്കത്തില്‍ തരിപ്പണമായി ശിവസേന-എന്‍സിപിയിലെ ഏക്‌നാഥ് ഷിന്‍ഡെ-അജിത് പവാര്‍ വിഭാഗങ്ങള്‍. പാര്‍ട്ടിയും ചിഹ്നവും തന്നെ നഷ്ടപ്പെട്ടിട്ടും ജനങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന് ഇതിലൂടെ വ്യക്തമാക്കി. ഉദ്ധവ് താക്കറെയും ശരത് പവാറും മഹാരാഷ്ട്രയില്‍ എതിരില്ലാത്ത നേതാക്കളാണെന്ന് തെളിയിച്ചിരിക്കുകയാണ്.
ഇരു പാര്‍ട്ടികളെയും പിളര്‍ത്തി ദുര്‍ബലമാക്കാനുള്ള ബിജെപിയുടെ നീക്കവും ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. ഉദ്ധവിന്റെ ശിവസേന യുബിടി പത്ത് സീറ്റുകളാണ് നേടിയിരിക്കുന്നത്. ശരത് പവാറിന്റെ എന്‍സിപി എട്ട് സീറ്റുകളും നേടും. ഷിന്‍ഡെയുടെ ശിവസേന ആറും അജിത് പവാറിന്റെ എന്‍സിപി ഒരു സീറ്റും ആകെ നേടും. ആകെ ഇന്ത്യ സഖ്യം മഹാരാഷ്ടരയിലെ 48 സീറ്റില്‍ 31 എണ്ണവും സ്വന്തമാക്കും.

അതേസമയം എന്‍ഡിഎ മഹാരാഷ്ട്രയില്‍ പതിനാറ് സീറ്റില്‍ ഒതുങ്ങിയിരിക്കുകയാണ്. വന്‍ ജയം തന്നെ ഉദ്ധവ് വിഭാഗം നേടിയതോടെ ശിവസേന ഭവന് പുറത്ത് പോസ്റ്ററുകളും ഉയര്‍ന്നിരിക്കുകയാണ്. ആരാണ് യഥാര്‍ത്ഥ ശിവസേന? ജനങ്ങള്‍ അത് കാണിച്ച് തന്നുവെന്നും ഈ പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. 2019നെ അപേക്ഷിച്ച് വന്‍ തിരിച്ചടിയാണ് എന്‍ഡിഎ നേരിട്ടത്.
2019ല്‍ ബിജെപിയും ശിവസേനയും തമ്മില്‍ സഖ്യത്തിലാണ് മത്സരിച്ചത്. ഇവര്‍ 41 സീറ്റുകള്‍ നേടിയിരുന്നു. എന്‍സിപി നാലും കോണ്‍ഗ്രസ് ഒരു സീറ്റുമാണ് നേടിയത്. എന്നാല്‍ പിന്നീട് ഉദ്ധവ് ബിജെപിയുമായി ഇടഞ്ഞ് സഖ്യം വിടുകയായിരുന്നു. തുടര്‍ന്നാണ് എന്‍സിപിയുമായും കോണ്‍ഗ്രസുമായി ചേര്‍ന്ന് ശിവസേന സര്‍ക്കാരുണ്ടാക്കിയത്. പവാര്‍ കുടുംബത്തിന്റെ രണ്ട് സീറ്റിലും ശരത് പവാറിന്റെ വിഭാഗം തന്നെയാണ് വിജയിച്ചിരിക്കുന്നത്.












Click it and Unblock the Notifications