BJP Manifesto In Malayalam: ഇന്ധന വില കുറയ്ക്കും: തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ബിജെപി
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറിക്കി ബി ജെ പി. സ്ത്രീകളുടെയും ദരിദ്രരുടെയും യുവാക്കളുടെയും കർഷകരുടേയും ഉന്നമനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രകടനപത്രികയാണ് ബി ജെ പി പുറത്തിറക്കിയിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർ ചേർന്ന് ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്ത് വെച്ചാണ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്.
സ്ത്രീശക്തി, യുവശക്തി, കർഷകർ, പാവപ്പെട്ടവർ എന്നിങ്ങനെ വികസിത് ഭാരതിൻ്റെ നാല് തൂണുകളിലാണ് പ്രകടനപത്രിക ഊന്നൽ നൽകുന്നതെന്ന് പ്രകടന പത്രിക അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. "ജീവിതത്തിൻ്റെ അന്തസ്സും, ജീവിതത്തിൻ്റെ ഗുണനിലവാരവും, അവസരങ്ങളുടെ അളവിലും അവസരങ്ങളുടെ ഗുണനിലവാരത്തിലും പ്രകടന പത്രിക ശ്രദ്ധ കേന്ദ്രീകരിക്കുന്നു" അദ്ദേഹം പറഞ്ഞു. എല്ലാ വീടുകളിലും പൈപ്പ് വഴി ഗ്യാസ് എത്തിക്കുന്നതിലും സൗജന്യ വൈദ്യുതി നൽകുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ബി ജെ പിയുടെ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യമായ 'മോദി കി ഗ്യാരണ്ടി' എന്നത് എല്ലാ ഉറപ്പുകളും നിറവേറ്റപ്പെടുമെന്ന ഉറപ്പാണെന്നായിരുന്നു പാർട്ടിയുടെ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ പ്രതികരണം. വികസിത രാജ്യങ്ങൾ സമ്പദ്‌വ്യവസ്ഥയ്ക്കും പൗരന്മാരുടെ ആരോഗ്യത്തിനും മുൻഗണന നൽകുമ്പോൾ, നരേന്ദ്ര മോദി സർക്കാരിൻ്റെ നിർണായക നടപടികൾ ഇന്ത്യയെ കൊവിഡിൻ്റെ ആഘാതത്തിൽ നിന്ന് കരകയറാൻ സഹായിച്ചതായും ബിജെപി മേധാവി പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തെ നരേന്ദ്രമോദിയുടെ ഭരണം രാജ്യത്തെ അടിമുടി മാറ്റിയതായും ജെപി നദ്ദ പറഞ്ഞു.ഉജ്ജ്വല പദ്ധതിക്ക് കീഴിൽ ഇന്ന് രാജ്യത്ത് 10 കോടിയിലധികം ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്തു. രാജ്യത്തുടനീളം 11 കോടിയിലധികം ഇസത് ഘർ നിർമ്മിച്ചു. ഡോ. അംബേദ്കറുടെ പാത പിന്തുടർന്ന്, ഭാരതീയ ജനസംഘത്തിൽ നിന്ന് ഭാരതീയ ജനതാ പാർട്ടിയിലേക്കുള്ള ഞങ്ങളുടെ യാത്രയിലൂടെ ഭാരതത്തിൽ സാമൂഹ്യനീതി ഉറപ്പാക്കാൻ ഞങ്ങൾ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും ജെപി നദ്ദ കൂട്ടിച്ചേർത്തു.
പ്രധാന പ്രഖ്യാപനങ്ങള്‍
കേന്ദ്രത്തിൽ അടുത്ത സർക്കാർ രൂപീകരിച്ച ശേഷം രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും ബി ജെ പി പ്രകടന പത്രികയിലൂടെ വാഗ്ദാനം ചെയ്തു. ഈ വർഷം ആദ്യം, ഉത്തരാഖണ്ഡിലെ ബി ജെ പി സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയിരുന്നു.
സൗജന്യ റേഷന്‍ പദ്ധതിയും ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ വിലകുറഞ്ഞ മരുന്നുകളുടെ വിതരണവും വരുന്ന അഞ്ചുവര്‍ഷക്കാലവും തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ അന്താരാഷ്ട്ര നിര്‍മാണ ഹബ്ബാക്കുമെന്നും ഇന്ധനവില കുറയ്ക്കുമെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നുമുള്ളതുമാണ് മറ്റൊരു പ്രധാന പ്രഖ്യാപനം.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, രാജ്യത്ത് 6-ജി കണക്ടിവിറ്റി, അന്താരാഷ്ട്ര തലത്തില്‍ രാമായണ മഹോത്സവം, രാജ്യത്തെ തെക്കും വടക്കുമായി ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍, വനിതാ സംവരണ നിയമം നടപ്പാക്കും, മുദ്ര വായ്പ പരിധി 20 ലക്ഷമാക്കും, മെട്രോ റെയിൽ ശൃംഖല വിപുലമാക്കും, അഴിമതിക്കാർക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കും,കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ തുടങ്ങിയവയും ബി ജെ പിയുടെ പ്രഖ്യാപനത്തിലുണ്ട്.
70 വയസുകഴിഞ്ഞാൽ അഞ്ചുലക്ഷം വരെ സൗജന്യ ചികിത്സ, 70 വയസിന് മുകളിലുള്ള എല്ലാവരെയും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും, ട്രാൻസ്ജെൻഡറുകളെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും, ഭിന്നശേഷിക്കാര്‍ക്ക് പി.എം. ആവാസ് യോജന വഴി വീടുകൾ നൽകും, പുതിയ ക്രിമിനൽ നിയമം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറക്കും, വൈദ്യുതി ബിൽ പൂജ്യമാക്കും, പുരപ്പുറ സോളാർ പദ്ധതി വ്യാപകമാക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു












Click it and Unblock the Notifications