ആദ്യം പുതിയ സഖ്യം, പിന്നാലെ സംസ്ഥാനങ്ങളിലെ തന്ത്രങ്ങള്‍: ലോക്സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്
ഡല്‍ഹി: തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ പൊതുവെ അലസ മനോഭാവം കാണിക്കുന്നുവെന്ന പേര് ദോഷം കേള്‍പ്പിക്കുന്ന പാർട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ 2024 ലോക്സഭ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചാണെങ്കില്‍ സഖ്യം രൂപീകരിക്കുന്നതില്‍ ഉള്‍പ്പെടെ അസാധാരണമായ വഴക്കം പ്രകടിപ്പിക്കുന്ന ഒരു കോണ്‍ഗ്രസിനെയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ഇതോടൊപ്പം വിവിധ സംസ്ഥാന നേതൃത്വങ്ങളെ ദില്ലിയിലേക്ക് വിളിപ്പിച്ചുള്ള എഐസിസിയുടെ പ്രത്യേക യോഗങ്ങളും നടന്ന് വരുന്നു.
ഫലത്തില്‍ കോണ്‍ഗ്രസിന്റെ പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ഏതാണ്ട് ഒരു വർഷം മുമ്പേ ആരംഭിച്ച് നിശബ്ദമായി സ്വയം രൂപാന്തരപ്പെടുകയാണുണ്ടായത്. നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള ചർച്ചകള്‍ കൂടാതെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള മുതിർന്ന നേതാക്കളുടെ യോഗങ്ങളാണ് കോണ്‍ഗ്രസ് ഇതിനകം പൂർത്തിയാക്കിയത്.

എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് മീറ്റിംഗുകളുടെ സ്വഭാവം പോലും മാറ്റി, പ്രതികരണത്തിനായി ചുമതലയുള്ള ജനറൽ സെക്രട്ടറിയെ ആശ്രയിക്കുന്നതിന് പകരം ഓരോ സംസ്ഥാനത്തിന്റെയും അടിസ്ഥാന യാഥാർത്ഥ്യം നേരിട്ട് മനസ്സിലാക്കാൻ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുഴുവന്‍ സമയവും യോഗത്തില്‍ പങ്കെടുത്തു.
ഓരോ സംസ്ഥാനത്തുനിന്നും 20-30 പ്രധാന നേതാക്കളെ തിരഞ്ഞെടുത്ത് ഖാർഗെയ്ക്കും രാഹുലിനും മുന്നിൽ സ്വതന്ത്രമായി സംസാരിക്കാൻ അവസരം നൽകുന്നതാണ് പുതിയ രീതി. നേരത്തെ പല യോഗത്തിലും അഞ്ചില്‍ കുറയാത്ത നേതാക്കള്‍ മാത്രമായിരുന്ന ഓരോ സംസ്ഥാനങ്ങളില്‍ നിന്നും പങ്കെടുത്തിരുന്നത്. ഇവരുടെ താല്‍പര്യങ്ങളും അഭിപ്രായങ്ങളും മാത്രമായിരുന്നു എഐസിസി നേതൃത്വത്തിന് കേള്‍ക്കാന്‍ സാധിച്ചത്. ഇത് പലപ്പോഴും വിമർശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
വ്യക്തിപരമായ പ്രശ്നങ്ങള്‍ക്കും വിഭാഗീയ പ്രവർത്തനങ്ങള്‍ക്കും പരിഹാരം തേടുന്നതിനു പുറമേ, തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടാമെന്ന ചർച്ചകളും യോഗത്തില്‍ നടന്നു. ഇത് ആദ്യഘട്ടത്തിലെ യോഗം മാത്രമാണെന്നും. ഇനിയും ഇത്തരം യോഗങ്ങള്‍ സമയാസമയം നടക്കുമെന്നും നേതാക്കള്‍ അറിയിക്കുന്നു. "ഞങ്ങൾ എല്ലാ പ്രശ്നങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ ചർച്ച ചെയ്തു. പാർട്ടിയിൽ അത്തരം അവസരങ്ങൾ അപൂർവമായേ ഉണ്ടായിരുന്നുള്ളൂ'' എന്നാണ് യോഗത്തില്‍ പങ്കെടുത്ത ഒരു നേതാവിനെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തത്.
പാർട്ടിക്കുള്ളിലെ ഐക്യം എന്ന സുപ്രധാന പ്രശ്‌നത്തെ അഭിസംബോധന ചെയ്യാൻ ഈ സംവിധാനം കേന്ദ്ര നേതാക്കൾക്ക് അവസരമൊരുക്കുന്നതിനോടൊപ്പം തന്നെ, മതിയായ സമയത്തോടെ 2024 മെയ് മാസത്തിൽ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ യോഗത്തിലൂടെ സാധിക്കുകയും ചെയ്തു. സംസ്ഥാന-ജില്ലാ യൂണിറ്റുകൾക്കുള്ള ജനസമ്പർക്ക പരിപാടികൾക്കൊപ്പം നേതാക്കൾക്കും യോഗം പ്രത്യേക ചുമതലകൾ നൽകിയിട്ടുണ്ട്.












Click it and Unblock the Notifications