നിയമസഭയിലെ തോല്‍വി നോക്കണ്ട: ലോക്സഭ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ 29 സീറ്റും നേടുമെന്ന് കോണ്‍ഗ്രസ്
ഭോപ്പാല്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 29 സീറ്റുകളിലും കോൺഗ്രസ് വിജയിക്കുമെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരി പറഞ്ഞു. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്നും ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് പ്രവർത്തനം മെച്ചപ്പെടുത്തും. ഇതിന്റെ ഫലം ലോക്സഭ തിരഞ്ഞെടുപ്പില്‍ കാണാന്‍ കഴിയുമെന്നും പുതുതായി നിയമിതനായ പി സി സി അധ്യക്ഷന്‍ പറഞ്ഞു.
'2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 29 സീറ്റുകളിലും കോൺഗ്രസ് വിജയിക്കുമെന്നും അതിനുള്ള തന്ത്രങ്ങൾ മെനയും' ചൊവ്വാഴ്ച മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പി സി സി അധ്യക്ഷന്‍ പറഞ്ഞു. മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രാർഥന നടത്താനായിരുന്നു ജിതു പട്‌വാരി ഉജ്ജയിനില്‍ എത്തിയത്.

മധ്യപ്രദേശ് നിയമസഭയിൽ നിന്നും മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രം നീക്കം ചെയ്ത സംഭവത്തിലും അദ്ദേഹം ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. നെഹ്‌റുവിന്റെ ചിത്രം നീക്കം ചെയ്തത് ദുഃഖകരമാണെന്നും അതിനെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഒരു ജനങ്ങളുടേയും മനസ്സില്‍ നെഹ്റുവിന് സ്ഥാനമുണ്ടെന്നും പി സി സി അധ്യക്ഷന്‍ പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര നായകൻ മഹാത്മാഗാന്ധിയും ഭരണഘടനാ നിർമ്മാണത്തിന്റെ നായകന്‍ ഭീംറാവു അംബേദ്കറും രാജ്യനിർമ്മാണത്തിന്റെ നായകൻ നെഹ്‌റുവുമായിരുന്നു. അംബേദ്കറുടെ ഛായാചിത്രം സ്ഥാപിച്ചതിൽ സന്തോഷമുണ്ടെങ്കിലും നെഹ്‌റുവിന്റെ ചിത്രങ്ങൾ നീക്കം ചെയ്തതിൽ ദുഃഖമുണ്ടെന്ന് പട്‌വാരി പറഞ്ഞു.
'എന്തൊരു രാഷ്ട്രീയമാണിത്? രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി വർഷങ്ങളോളം ജയിലിൽ കഴിയുകയും രാജ്യത്തിന്റെ വികസനത്തിനായി എല്ലാം ത്യജിക്കുകയും ചെയ്ത മഹാനായ വ്യക്തിയോട് എന്തിനാണ് ഈ വെറുപ്പ്? സർക്കാർ ബാബാ സാഹിബിന്റെ ചിത്രം വെച്ചപ്പോൾ പണ്ഡിറ്റ് നെഹ്‌റുവിന്റെ ചിത്രം നീക്കം ചെയ്തത് എന്തിനാണ്. മൂന്ന് ചിത്രങ്ങളും അവിടെ ഉണ്ടായിരുന്നെങ്കില്‍ നന്നാകുമായിരുന്നു' പി സി സി അധ്യക്ഷന്‍ പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെയായിരുന്നു പി സി സി അധ്യക്ഷനായിരുന്നു കമല്‍ നാഥിനെ നീക്കം ചെയ്ത് ജിതു പട്വാരിയെ എ ഐ സി സി പുതിയ ചുമതല ഏല്‍പ്പിച്ചത്. കോണ്‍ഗ്രസ് ആകെ 66 സീറ്റാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയത്. കമല്‍നാഥിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ 163 സീറ്റ് നേടി ബിജെപി വീണ്ടും അധികാരത്തില്‍ എത്തുകയായിരുന്നു.












Click it and Unblock the Notifications