ജെഡിഎസ്-ബിജെപിയുമായി ചേർന്നാല്‍ കോണ്‍ഗ്രസിന് തിരിച്ചടിയോ? 18 സീറ്റുകള്‍ 10 ആയി കുറഞ്ഞേക്കാം
ബെംഗളൂരു: ഏറെ നാള്‍ നീണ്ടു നിന്ന ആകാംക്ഷയ്ക്ക് ഒടുവിലാണ് ബി ജെ പി നയിക്കുന്ന എന്‍ ഡി എയുടെ ഭാഗമാകാനുള്ള ഔദ്യോഗിക പ്രഖ്യാപനം ജെ ഡി എസ് നേതൃത്വം എടുക്കുന്നത്. കേരള ഘടകം മാത്രമല്ല, പാർട്ടിയുടെ ശക്തി കേന്ദ്രമായ കർണാടകയിലെ ഒരു വിഭാഗവും ഈ നീക്കത്തില്‍ ജെ ഡി എസിന് ഒപ്പമില്ല എന്നുള്ളതും ശ്രദ്ധേയമാണ്.
നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയാണ് ജെ ഡി എസിനെ ബി ജെ പി പാളയത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകളായിരുന്നു പരസ്യമായ ബി ജെ പി ബന്ധത്തിന് ജെ ഡി എസിന് എപ്പോഴും വിലങ്ങ് തടിയായിരുന്നത്. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് പോയത് ജെ ഡി എസിനെ മറിച്ച് ചിന്തിപ്പിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ഇരു പാർട്ടികളും ഒരുമിച്ച് മത്സരിക്കുമെന്നാണ് തീരുമാനം. കർണാടകയിൽ ജെഡിഎസിന് നാല് ലോക്‌സഭാ സീറ്റുകൾ നൽകാൻ അമിത് ഷാ സമ്മതിച്ചതായി മുൻ കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പരസ്യമായി സമ്മതിച്ചതോടെയാണ് സഖ്യ ചർച്ചകൾക്ക് ആക്കം കൂട്ടിയത്. പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപിയുമായി ചേർന്ന് മത്സരിക്കുമെന്ന് ദേവഗൗഡയും സ്ഥിരീകരിച്ചു.
2023-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയ കോൺഗ്രസ് പാർട്ടി ബിജെപിയെ വെറും 66 സീറ്റുകളിലേക്ക് ഒതുക്കിയിരുന്നു. ജെ ഡി എസ് ആവട്ടെ രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള അവരുടെ ഏറ്റവും ചെറിയ സഖ്യയായ 19 ലേക്കും പിന്തള്ളപ്പെട്ടു.
തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് 42.88 ശതമനാവും ബിജെപിക്ക് 36 ശതമാനവും വോട്ട് നേടാനായപ്പോൾ ജെഡിഎസിന് 13.30 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. 1989ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 178 സീറ്റുകൾ നേടി വീരേന്ദ്ര പാട്ടീൽ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ഏറ്റവും വലിയ വിജയമാണ് കർണാടകയില്‍ ഇത്തവണ കോണ്‍ഗ്രസ് സ്വന്തമാക്കിയതെന്ന് അർത്ഥം.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ 51.75 ശതമാനം വോട്ടോടെ 25 സീറ്റുകളാണ് ബിജെപി നേടിയത്. ഒന്നിച്ച് മത്സരിച്ച കോൺഗ്രസിനും ജെഡിഎസിനും യഥാക്രമം 32.11 ശതമാനവും 9.74 ശതമാനവും വോട്ട് വിഹിതവുമായി ഒരു സീറ്റ് വീതം നേടാനായി. മാണ്ഡ്യ മണ്ഡലത്തിൽ ബിജെപി പിന്തുണയോടെ അംബരീഷിന്റെ ഭാര്യ സുമലത സ്വതന്ത്രയായും വിജയിച്ചു.
നിയമസഭ സീറ്റുകളില്‍ നേടിയ വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ കോൺഗ്രസ് പാർട്ടി 18 ലോക്‌സഭാ സീറ്റുകളിൽ മുന്നിട്ടുനിൽക്കുമ്പോൾ ബിജെപി 8 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ബാക്കിയുള്ള 2 സീറ്റുകളിൽ (ഹാസനും തുംകൂരും) ജെഡിഎസും മുന്നിലാണ്. ചിക്കോടി, ബാഗൽകോട്ട്, ബിജാപൂർ, ഗുൽബർഗ, റായ്ച്ചൂർ, ബിദാർ, കൊപ്പൽ, ബെല്ലാരി, ഹാവേരി, ദാവൻഗരെ, ചിത്രദുർഗ, മാണ്ഡ്യ, മൈസൂർ, ചാമരാജനഗർ, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സെൻട്രൽ, ചിക്കബെല്ലാപൂർ, കോലാർ എന്നിവിടങ്ങളിലാണ് കോൺഗ്രസിന് ആധിപത്യം.
ബെൽഗാം, ധാർവാഡ്, ഉത്തര കന്നഡ, ഷിമോഗ, ഉഡുപ്പി ചിക്കമംഗളൂരു, ദക്ഷിണ കന്നഡ, ബാംഗ്ലൂർ നോർത്ത്, ബാംഗ്ലൂർ സൗത്ത് എന്നിവിടങ്ങളിലാണ് ബിജെപിക്ക് മുന്‍തൂക്കം. എന്നാൽ, ബിജെപിയും ജെഡിഎസും ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അനായാസം ഈ ചിത്രം മാറും. 18 ലോക്‌സഭാ സീറ്റുകളിൽ ബിജെപി-ജെഡിഎസ് സഖ്യം കോൺഗ്രസിനെക്കാൾ മുന്നിലാകുമെന്നാണ് കണക്ക് കൂട്ടലുകള്‍ വ്യക്തമാക്കുന്നത്.
സഖ്യത്തിന് അവരുടെ 10 സീറ്റുകൾ ഒഴികെ (ബിജെപിക്ക് 8, ജെഡിഎസിന് 2), ബിജാപൂർ, റായ്ച്ചൂർ, മാണ്ഡ്യ, മൈസൂർ, ബിദാർ, കോലാർ, ബാംഗ്ലൂർ റൂറൽ, ചിക്കബെല്ലാപൂർ എന്നിവ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പിടിച്ചെടുക്കാന്‍ സാധിക്കും. ബാഗൽകോട്ട്, ഗുൽബർഗ, ബാംഗ്ലൂർ സെൻട്രൽ എന്നിവിടങ്ങളിൽ കോണ്‍ഗ്രസിന് കടുത്ത മത്സരം നേരിടേണ്ടി വരികയും ചെയ്യും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കുന്നത് തടയാനാണ് ഇരുപാർട്ടികളും സഖ്യത്തിലെത്തിയെന്ന വിലയിരുത്തലുകള്‍ക്കും ഈ കണക്കുകള്‍ ബലം നല്‍കുന്നു.












Click it and Unblock the Notifications