പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു; ഏറ്റവും പുതുക്കിയ നിരക്ക് ഇങ്ങനെ
ന്യൂദല്‍ഹി: വാണിജ്യാവശ്യത്തിനുള്ള എല്‍ പി ജി സിലിണ്ടര്‍ വില കൂടി. പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ( ഐ ഒ സി ), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയാണ് എല്‍ പി ജി സിലിണ്ടറിന്റെ വില കൂട്ടിയത്. 19 കിലോഗ്രാമിന്റെ സിലിണ്ടറിന് 101.5 രൂപയാണ് കൂടിയത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
വാണിജ്യ, ഗാര്‍ഹിക എല്‍ പി ജി സിലിണ്ടറുകളുടെ വില ഓരോ മാസവും ആദ്യ ദിവസം പ്രതിമാസ പരിഷ്‌കരണത്തിന് വിധേയമാകാറുണ്ട്. വില വര്‍ധിച്ചതോടെ ഹോട്ടല്‍, റെസ്‌റ്റോറന്റ് മേഖലയിലുള്ളവര്‍ക്ക് വലിയ തിരിച്ചടിയാകും. സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെയാണ് പാചക വാതകത്തിനും വില വര്‍ധിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് നിലവില്‍ വന്നതോടെ 19 കിലോഗ്രാം വാണിജ്യ എല്‍ പി ജി സിലിണ്ടറിന്റെ വില ഡല്‍ഹിയിലേത് 1,731 രൂപയില്‍ നിന്ന് 1833 രൂപയാകും.

മുംബൈയില്‍ വാണിജ്യ എല്‍ പി ജി സിലിണ്ടര്‍ 1785.50 രൂപയ്ക്കും കൊല്‍ക്കത്തയില്‍ 1943 രൂപയ്ക്കും ചെന്നൈയില്‍ 1999.50 രൂപയ്ക്കും ലഭിക്കും. 14.2 കിലോയുടെ ഗാര്‍ഹിക എല്‍ പി ജി സിലിണ്ടറിന് ഡല്‍ഹിയില്‍ 903 രൂപയും മുംബൈയില്‍ 902.5 രൂപയും കൊല്‍ക്കത്തയില്‍ 929 രൂപയും ചെന്നൈയില്‍ 918.5 രൂപയുമാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യ എല്‍ പി ജി സിലിണ്ടര്‍ വില വര്‍ധിപ്പിക്കുന്നത്.
ഒക്ടോബറില്‍ വാണിജ്യ എല്‍ പി ജി സിലിണ്ടറുകളുടെ വില 209 രൂപ വര്‍ധിപ്പിച്ചിരുന്നു.പ്രമുഖ മെട്രോ നഗരങ്ങളിലുടനീളം വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില സെപ്റ്റംബറില്‍ 157 രൂപ കുറച്ചിരുന്നു. ഈ സമയം വാണിജ്യ എല്‍ പി ജി സിലിണ്ടറിന് ഡല്‍ഹിയില്‍ 1522.50 രൂപയും കൊല്‍ക്കത്തയില്‍ 1636 രൂപയും മുംബൈയില്‍ 1428 രൂപയും ചെന്നൈയില്‍ 1695 രൂപയുമായിരുന്നു വില. ഓഗസ്റ്റിലും വാണിജ്യ എല്‍ പി ജി സിലിണ്ടറുകളുടെ വില 100 രൂപ കുറച്ചിരുന്നു.












Click it and Unblock the Notifications