ലുലു ആന്ധ്രയിലേക്ക് പോകുന്നത് 3000 കോടിയുമായി: വിശാഖപട്ടണത്ത് വന്‍ പദ്ധതി, നായിഡു തന്നെ മുന്നില്‍ നില്‍ക്കും
ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് പുതിയ മാള്‍ ആരംഭിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് ലുലു ഗ്രൂപ്പും ആന്ധ്ര സർക്കാർ. മുന്‍ ടിഡിപി സർക്കാറിന്റെ കാലത്ത് ലുലു ഗ്രൂപ്പിന് വിശാഖപട്ടണത്ത് മാള്‍ ആരഭിക്കുന്നതിന് അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് അധികാരത്തില്‍ വന്ന വൈ എസ് ആർ കോണ്‍ഗ്രസ് ഇത് റദ്ദ് ചെയ്യുകയായിരുന്നു. എന്നാല്‍ ആന്ധ്രയില്‍ വീണ്ടും ടിഡിപി അധികാരത്തില്‍ വന്നതോടെയാണ് പദ്ധതി സംബന്ധിച്ച ആലോചനകള്‍ വീണ്ടും സജീവമായത്.
നിക്ഷേപ പദ്ധതി പുനഃപരിശോധിക്കാൻ മുഖ്യമന്ത്രിയും ടിഡിപി മേധാവിയുമായ എൻ ചന്ദ്രബാബു നായിഡു തന്നെ ലുലു ഗ്രൂപ്പ് ചെയർമാന്‍ എംഎ യൂസഫ് അലിയെ സമീപിച്ചേക്കുമെന്ന തരത്തിലുള്ള വാർത്തകള്‍ പുറത്ത് വന്നിരുന്നു. 2,200 കോടി രൂപ മുതൽമുടക്കിൽ അന്താരാഷ്ട്ര കൺവെൻഷൻ സെൻ്റർ, മൾട്ടിപ്ലക്‌സ്, പഞ്ചനക്ഷത്ര ഹോട്ടൽ എന്നിവ ഉൾപ്പെടുന്ന 13.59 ഏക്കറിൽ പനോരമിക് ബീച്ച്‌ഫ്രണ്ട് വ്യൂ ഉള്ള പദ്ധതിയായിരുന്നു നേരത്തെ ലുലു വിശാഖപട്ടണത്ത് പ്ലാന്‍ ചെയ്തത്.

2018 ല്‍ പദ്ധതി സംബന്ധിച്ച കരാർ നിലവില്‍ വന്നെങ്കിലും 2019 ല്‍ ജഗന്‍മോഹന്‍ റെഡ്ഡി കരാർ റദ്ദാക്കുകയായിരുന്നു. എപിഐഐസി ഹാർബർ പാർക്കിലെ മുഴുവൻ ഭൂമിയുടെയും വിപണി വില ഏകദേശം കണക്കാക്കിയപ്പോൾ ടിഡിപി സർക്കാർ ഭൂമി ലുലു ഗ്രൂപ്പിന് ഏക്കറിന് 4 ലക്ഷം രൂപ എന്ന നിലയില്‍ നൽകിയെന്നായിരുന്നു റദ്ദാക്കിയ സമയത്ത് അന്നത്തെ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ആരോപിച്ചിരുന്നത്.
പിന്നീട് വൈ എസ് ആർ പി സർക്കാർ ഈ ഭൂമി ഏക്കറിന് 107 കോടി രൂപയ്ക്ക് ലേലം ചെയ്യാൻ ശ്രമിച്ചു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും അക്കാലത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. എന്നാല്‍ ഈ ശ്രമം പരാജയപ്പെടുകയും ഭൂമിയുടെ കൈവശാവകാശം എപിഐഐസിയിൽ നിന്ന് വിശാഖപട്ടണം മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റിക്ക് (വിഎംആർഡിഎ) വിൽപന നടത്താനായി മാറ്റുകയും ചെയ്തു.
വൈഎസ്ആർസിപി സർക്കാർ സ്വീകരിച്ച നയങ്ങൾ മൂലം യാഥാർത്ഥ്യമാകാത്ത നിക്ഷേപകരുടെ ആത്മവിശ്വാസം എങ്ങനെ മെച്ചപ്പെടുത്താമെന്നും ആ നിക്ഷേപങ്ങൾ എങ്ങനെ തിരികെ കൊണ്ടുവരാമെന്നും കണ്ടെത്താൻ അധികാരമേറ്റെടുത്തതിന് പിന്നാലെ അമരാവതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ നായിഡു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
നായിഡു മുഖ്യമന്ത്രിയായിരിക്കെ 2018ൽ സംഘടിപ്പിച്ച സിഐഐ പാർട്ണർഷിപ്പ് ഉച്ചകോടിയിൽ 12.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം വിഭാവനം ചെയ്യുന്ന ധാരണാപത്രങ്ങളിൽ ഭൂരിഭാഗവും പിന്നീട് വന്ന സർക്കാർ നടപ്പാക്കിയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ സാഹചര്യത്തിലാണ് നിക്ഷേപകർക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന പുതിയ വ്യവസായ നയം ഉടൻ അവതരിപ്പിക്കുമെന്ന് വ്യവസായ മന്ത്രി ടി ജി ഭരത് വ്യക്തമാക്കിയത്.
പഴയ അതേ രീതിയിലാണ് ലുലു ഗ്രൂപ്പ് വിശാഖപട്ടണത്തെ പദ്ധതി ആരംഭിക്കുന്നതെങ്കില്‍ അതിന് 3000 കോടിയെങ്കിലും കുറഞ്ഞത് വേണ്ടി വരും. അതുകൊണ്ട് തന്നെയാണ് ആന്ധ്ര സർക്കാർ ലുലുവിനെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതും. അതോ മാള്‍ മാത്രമായി ചുരുക്കുമോയെന്നും അറിയേണ്ടതാണ്.
നിലവില്‍ കേരളത്തിന് പുറമെ ചെന്നൈ, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ മാള്‍ നിർമ്മാണവുമായി മുന്നോട്ട് പോകുകയാണ് ലുലു. കേരളത്തില്‍ തന്നെ കോഴിക്കോട് ലുലു മാള്‍ അടുത്തമാസം പ്രവർത്തനം ആരംഭിക്കും. അതിന് പിന്നാലെ കോട്ടയത്തെ മാളും പ്രവർത്തന സജ്ജമാകും.












Click it and Unblock the Notifications