ലുലു മാള്‍ ഇനി ചെെൈന്നയിലേക്കും.. കോയമ്പത്തൂരിലേതിനേക്കാള്‍ വലുത്? ധാരണാപത്രം ഒപ്പിട്ടു
ചെന്നൈ: ദുബായ് ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലുമായി ചെന്നൈയില്‍ മാള്‍ സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് വ്യവസായ മന്ത്രി ടി ആര്‍ ബി രാജ. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വിദേശ സന്ദര്‍ശന വേളയില്‍ 69 ധാരണാപത്രങ്ങള്‍ ഒപ്പ് വെച്ചതായും അതില്‍ 48 എണ്ണം നടപ്പാക്കലിന്റെ പുരോഗതിയിലെത്തിയെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് ഒപ്പിട്ട ധാരണാപത്രങ്ങള്‍ (എംഒയു) യഥാര്‍ത്ഥ നിക്ഷേപങ്ങളാക്കി മാറ്റുന്നതിനെ ചോദ്യം ചെയ്ത എഐഎഡിഎംകെ അംഗവും പ്രതിപക്ഷ ഉപനേതാവുമായ ആര്‍ബി ഉദയകുമാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. ദുബായ് ആസ്ഥാനമായുള്ള കമ്പനികളുമായുള്ള ധാരണാപത്രങ്ങളില്‍ ആയിരുന്നു ആര്‍ബി ഉദയകുമാര്‍ ചോദ്യം ഉന്നയിച്ചിരുന്നത്.

മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശന വേളയില്‍ ഒപ്പുവെച്ച 69 ധാരണാപത്രങ്ങളില്‍ 48 എണ്ണം നടപ്പാക്കലിന്റെ പുരോഗതിയിലെത്തിയെന്നും സാധാരണഗതിയില്‍ ധാരണാപത്രങ്ങളുടെ പരിവര്‍ത്തന നിരക്ക് ഏകദേശം 75 ശതമാനമാണ് എന്നും രാജ ചൂണ്ടിക്കാട്ടി. കോയമ്പത്തൂരിലെ ലുലു മാള്‍ ( Lulu Mall )വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് ഇത്തരം ധാരണാപത്രത്തെത്തുടര്‍ന്നാണ് എന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയില്‍ സമാനമായ ഒരു മാള്‍ സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ലുലു ഗ്രൂപ്പ്. കേരളത്തില്‍ ഇതിനോടകം നാല് മാളുകള്‍ ലുലു ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങൡലാണ് ഇത്.
നിരവധി മാളുകളുടേയും ഹൈപ്പര്‍മാര്‍ക്കറ്റുകളുടേയും മിനി മാളുകളുടേയും നിര്‍മാണങ്ങളും സംസ്ഥാനത്ത് പുരോഗമിക്കുന്നുണ്ട്. കൂടാതെ ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ലുലു സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അസം, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും മാളുകള്‍ കൊണ്ടുവരുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ലുലു ആരംഭിച്ചിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട റീട്ടെയ്ല്‍-ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയാണ് ലുലു ഗ്രൂപ്പിന്റേത്. മിഡില്‍ ഈസ്റ്റ് വിപണിയിലെങ്ങും ലുലുവിന്റെ അപ്രമാദിത്യമാണ്. ഗള്‍ഫിലും ഇന്ത്യയിലുമായി നിരവധി ശാഖകളുള്ള ലുലു ഗ്രൂപ്പിന്റെ അമരക്കാരന്‍ മലയാളിയായ എംഎ യൂസഫലിയാണ്. അബുദാബി ആസ്ഥാനമായാണ് ലുലു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. ഗള്‍ഫിലും ഇന്ത്യയിലുമായി 164 ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളാണുള്ളത്.
എഷ്യയിലേത്തന്നെ വലിയ ചില്ലറ വ്യാപാര ശൃംഖലകളിലൊന്നാണ് ലുലു. എല്ലാ ലുലു ഹൈപര്‍മാര്‍ക്കറ്റുകളിലുമായി, വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന 57,000-ത്തോളം പേര്‍ ജോലിയെടുക്കുന്നു.












Click it and Unblock the Notifications