ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്; പക്ഷെ കേരളത്തില്‍ അല്ല
അഹമ്മദാബാദ്: ലോകമെമ്പാടും ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു. 4000 കോടി രൂപ ചെലവില്‍ അഹമ്മദാബാദിലാണ് യു എ ഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. നിര്‍ദിഷ്ട ഷോപ്പിംഗ് മാളിന്റെ നിര്‍മ്മാണം 2024 ല്‍ തന്നെ ആരംഭിക്കും.
ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വൈബ്രന്റ് ഗുജറാത്തിലെ യുഎഇ സ്റ്റാളില്‍ ഷോപ്പിംഗ് മാളിന്റെ ഒരു മിനിയേച്ചര്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. 2023 സെപ്തംബറില്‍ തന്നെ യൂസഫ് അലി തന്റെ ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ രണ്ട് വലിയ ഷോപ്പിംഗ് മാളുകള്‍ സ്ഥാപിക്കാന്‍ പോകുന്നുവെന്ന സൂചന നല്‍കിയിരുന്നു.

അഹമ്മദാബാദിലും ചെന്നൈയിലും ആയിരുന്നു ഇത്. 'ഞങ്ങള്‍ അഹമ്മദാബാദിലും ചെന്നൈയിലും ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളില്‍ ഒന്ന് നിര്‍മ്മിക്കാന്‍ പോകുകയാണ്. ഞങ്ങള്‍ ഈ മാസം അവസാനം ഹൈദരാബാദില്‍ ഷോപ്പിംഗ് മാള്‍ തുറക്കും. ഷോപ്പിംഗ് മാളുകള്‍ക്കും ഭക്ഷ്യ സംസ്‌കരണത്തിനുമായി ഞങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുകയാണ്,' യൂസഫലി എ എന്‍ ഐയോട് പറഞ്ഞു.
നിലവില്‍, കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ലഖ്നൗ, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നീ ആറ് ഇന്ത്യന്‍ നഗരങ്ങളില്‍ ലുലു ഗ്രൂപ്പിന് മാളുകളുണ്ട്. യു എ ഇയിലെ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ റീട്ടെയില്‍ വ്യവസായത്തിലെ ട്രെന്‍ഡ്സെറ്റര്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ലുലു ഗ്രൂപ്പ് 250-ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നു.
കൂടാതെ ജിസിസി, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ ഉടനീളമുള്ള ഷോപ്പര്‍മാര്‍ക്കിടയില്‍ ലുലു ഗ്രൂപ്പ് ജനപ്രിയമാണ്. ലുലു ഗ്രൂപ്പില്‍ 42 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 65,000-ത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നു, കൂടാതെ ആഗോളതലത്തില്‍ 8 ബില്യണ്‍ യുഎസ് ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുമുണ്ട്. അതേസമയം വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിനെ പ്രകീര്‍ത്തിച്ച് യൂസഫലി രംഗത്തെത്തി.
പ്രധാനമന്ത്രിയുടെ മഹത്തായ കാഴ്ചപ്പാടാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റെന്ന് യൂസഫലി പറഞ്ഞു. 20 വര്‍ഷം മുമ്പ് നരേന്ദ്രമോദി വൈബ്രന്റ് ഗുജറാത്ത് ആരംഭിച്ചു. ഇതൊരു വലിയ അന്താരാഷ്ട്ര പരിപാടിയാണ് എന്നും ഉദാരമായി നിക്ഷേപം നടത്താന്‍ എന്‍ ആര്‍ ഐകള്‍ അടക്കമുള്ള ആളുകള്‍ ഇവിടെയെത്തുന്നു എന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications