വിമതരോട് കടക്ക് പുറത്തെന്ന് കോണ്‍ഗ്രസ്; കടുത്ത നടപടി, 39 നേതാക്കളെ പുറത്താക്കി
ഭോപ്പാല്‍: വരാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിച്ചതിന് 39 നേതാക്കളെ പ്രാഥമിക നേതൃത്വത്തില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. 39 നേതാക്കളെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് നേതൃത്വം വിശദീകരിച്ചു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഈ നേതാക്കള്‍ വിമത സ്ഥാനാര്‍ത്ഥികളായത്.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിന്റെ നിര്‍ദേശപ്രകാരമാണ് നേതാക്കളെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതെന്ന് വൈസ് പ്രസിഡന്റ് രാജീവ് സിംഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പുറത്താക്കപ്പെട്ട നേതാക്കള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായോ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി എസ് പി), സമാജ്വാദി പാര്‍ട്ടി (എസ് പി), ആം ആദ്മി പാര്‍ട്ടി (എ എ പി) എന്നിവയുടെ ടിക്കറ്റിലോ ആണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

മുന്‍ എം പി പ്രേംചന്ദ് ഗുഡ്ഡു (അലോട്ട്), മുന്‍ എം എല്‍ എ അന്തര്‍ സിംഗ് ദര്‍ബാര്‍ (മോവ്), മുന്‍ എം എല്‍ എ യാദ്വേന്ദ്ര സിംഗ് (നാഗോഡ്), സംസ്ഥാന പാര്‍ട്ടി വക്താവ് അജയ് സിംഗ് യാദവ് (ഖര്‍ഗാപൂര്‍), നസീര്‍ ഇസ്ലാം (അലോട്ട്) എന്നിവരാണ് നടപടി വനേരിട്ടവരില്‍ പ്രമുഖര്‍. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 17 നാണ് നടക്കുന്നത്. ഡിസംബര്‍ മൂന്നിന് ഫലമറിയാം.
ആറ് തവണ കോണ്‍ഗ്രസ് എം എല്‍ എയായ ആരിഫ് അകിലിന്റെ സഹോദരന്‍ ആമിര്‍, മുന്‍ എം എല്‍ എ ജിതേന്ദ്ര ദാഗ, ശൈലേന്ദ്ര ചൗധരി, മുന്‍ എം എല്‍ എ ശോഭന്‍ സിംഗിന്റെ മകന്‍ ജയ്കാന്ത് സിംഗ്, രാജേന്ദ്ര സിംഗ് സോളങ്കി, മുന്‍ മന്ത്രി കൗശല്യ ഗോട്ടിയ,മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ജമുന മറവി എന്നിവരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്നുണ്ട്.
അതേസമയം ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് ടൈംസ് നൗ-ഇടിജി റിസര്‍ച്ച് സര്‍വേ പ്രവചനം. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 112-122 സീറ്റുകള്‍ ലഭിച്ചേക്കുമെന്നും ബി ജെ പിക്ക് 107-115 സീറ്റുകള്‍ മാത്രമായിരിക്കും ലഭിക്കുക എന്നുമാണ് പ്രവചനം. മറ്റുള്ളവര്‍ 1-3 സീറ്റുകള്‍ വരെ നേടിയേക്കുമെന്നും സര്‍വേ പറയുന്നു.
116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ആം ആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, ബി എസ് പി എന്നിവരുടെ പ്രകടനം നിര്‍ണായകമാകും എന്നാണ് അഭിപ്രായ സര്‍വേകളെല്ലാം പറയുന്നത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല.












Click it and Unblock the Notifications