കമല്‍നാഥായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; പ്രഖ്യാപനവുമായി ദിഗ് വിജയ സിംഗ്, അമ്പരന്ന് നേതൃത്വം
തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടന്നിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. ഇതിനിടെയാണ് മുതിര്‍ന്ന നേതാവിന്റെ പ്രതികരണം

ഭോപ്പാല്‍: വരാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് തന്നെ ആയിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് ദിഗ്വിജയ സിംഗ്. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ കമല്‍നാഥിന്റെ നേതൃത്വത്തില്‍ ആയിരിക്കും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക എന്ന് രാജ്യസഭാ എം പിയും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ സിംഗ് വ്യക്തമാക്കി.
ബുധ്നിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആണ് ദിഗ് വിജയ് സിംഗിന്റെ വെളിപ്പെടുത്തല്‍. ഇതാദ്യമായാണ് സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പരസ്യമായി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ തവണ 2018 ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് കമല്‍നാഥിനെ ആണ് മുഖ്യമന്ത്രി ആക്കിയിരുന്നത്. ഇതില്‍ അതൃപ്തനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പിന്നീട് പാര്‍ട്ടി വിട്ടതോടെ ആണ് കമല്‍നാഥ് സര്‍ക്കാര്‍ നിലംപൊത്തിയത്.
അതേസമയം താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അല്ല എന്നും ബി ജെ പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ നുണകള്‍ തുറന്നുകാട്ടി മധ്യപ്രദേശിലെ ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനാണ് താന്‍ പ്രവര്‍ത്തിക്കുന്നത് എന്നുമാണ് കമല്‍നാഥ് പറയുന്നത്. എന്നാല്‍ സംസ്ഥാനത്തെ മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അരുണ്‍ യാദവും ജിതു പട്വാരിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കമല്‍നാഥിന് പിന്തുണ നല്‍കുന്നുണ്ട് എന്നാണ് അറിവ്.
തെരഞ്ഞെടുപ്പിന് ശേഷം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി നേതാക്കള്‍ മുഖ്യമന്ത്രി ആരാണ് എന്ന് തീരുമാനിക്കും എന്നാണ് ഇരുവരും പറഞ്ഞത്. അതേസമയം ദിഗ് വിജയ് സിംഗിനെ പരിഹസിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്തെത്തി. ദിഗ്വിജയ സിംഗ് പറഞ്ഞതും ആഗ്രഹിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ അഭിപ്രായപ്പെട്ടു.
ദിഗ് വിജയ് സിംഗിന്റെ ഉള്ളിലെന്താണ് എന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. 2018 ല്‍ 230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ 114 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയിരുന്നത്. ബി ജെ പിക്ക് 109 സീറ്റും ലഭിച്ചു.

എന്നാല്‍ പിന്നീട് ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടാളികളും പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസ് 96 സീറ്റിലേക്ക് ഒതുങ്ങി. നിലവില്‍ ബി ജെ പിക്ക് 130 സീറ്റും കോണ്‍ഗ്രസിന് 96 സീറ്റും മറ്റുള്ളവര്‍ക്ക് നാല് സീറ്റുമാണ് മധ്യപ്രദേശ് നിയമസഭയില്‍ ഉള്ളത്. ഈ വര്‍ഷം ഭരണം പിടിക്കാം എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.












Click it and Unblock the Notifications