അച്ഛനും മകനും ഇറങ്ങി! അർധരാത്രി കോണ്‍ഗ്രസിന്‌റെ 'റെസ്‌ക്യൂ ഓപ്പറേഷന്‍'! എംഎൽഎമാരെ കടത്തി!
ദില്ലി: മാര്‍ച്ചില്‍ നിര്‍ണായകമായ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മധ്യപ്രദേശില്‍ ബിജെപി ഓപ്പറേഷന്‍ താമര ഇറക്കിയിരിക്കുന്നത്. 18 മാസം മാത്രം പ്രായമുളള കമല്‍നാഥ് സര്‍ക്കാറിനെതിരെ അധികാരത്തിലേറിയത് മുതല്‍ ബിജെപി അട്ടിമറി ഭീഷണി ഉയര്‍ത്തുന്നുണ്ട്.
ചൊവ്വാഴ്ച രാത്രി മുതല്‍ ദില്ലിക്ക് അടുത്തുളള ഗുഡ്ഗാവിലെ ഐടിസി മൗര്യ എന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് രാജ്യത്തിന്റെ ശ്രദ്ധാ കേന്ദ്രം. മണിക്കൂറുകളായി ഈ ഹോട്ടല്‍ കേന്ദ്രീകരിച്ച് അതിനാടകീയ നീക്കങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. അർധരാത്രി കോൺഗ്രസ് നടത്തിയ റെസ്ക്യൂ ഓപ്പറേഷൻ ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്.

എത്ര പേർ അകത്ത്, എത്ര പുറത്ത്?
കമല്‍നാഥ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 4 സ്വതന്ത്ര എംഎല്‍എമാരെയും 4 കോണ്‍ഗ്രസ് എംഎല്‍എമാരെയും ബിജെപി കടത്തിക്കൊണ്ട് വന്ന് പാര്‍പ്പിച്ചിരിക്കുന്നത് ഗുഡ്ഗാവിലെ പഞ്ചനക്ഷത്ര റിസോര്‍ട്ടിലാണ്. ഇവരില്‍ 6 പേരെ തിരിച്ച് കോണ്‍ഗ്രസ് ക്യാംപിലേക്ക് എത്തിച്ച് കഴിഞ്ഞു എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ബാക്കിയുളളവരെ ബിജെപി കര്‍ണാടകത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്.

കോൺഗ്രസിന്റെ ഓപ്പറേഷൻ
എംഎല്‍എമാരെ ബിജെപി കടത്തിയെന്ന വിവരം കോണ്‍ഗ്രസ് ക്യാംപില്‍ എത്തിയതിന് പിന്നാലെ തന്നെ പാര്‍ട്ടി രക്ഷാ ദൗത്യത്തിനും തുടക്കമിട്ടു. എംഎല്‍എമാരെ തിരികെ എത്തിക്കാനുളള ചുമതല ഏറ്റെടുത്തത് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗ്. ബുധനാഴ്ച രാത്രി തന്നെ ദിഗ്വിജയ് സിംഗും സംഘവും ഗുഡ്ഗാവിലേക്ക് വണ്ടി കയറി.

രാത്രി ഒരു മണിക്ക് ഹോട്ടലിൽ
അര്‍ധരാത്രി ഒരു മണിക്കാണ് ദിഗ്വിജയ് സിംഗും സംഘവും ഗുഡ്ഗാവിലെ മനേസറിലുളള ഐടിസി ഗ്രാന്‍ഡ് ഭാരത് ഹോട്ടലില്‍ എത്തിയത്. ദിഗ്വിജയ് സിംഗിനൊപ്പമുണ്ടായിരുന്നത് മകനും കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ജയ് വര്‍ധന്‍ സിംഗ്, കമല്‍നാഥ് സര്‍ക്കാരിലെ മറ്റൊരു മന്ത്രിയായ ജിതു പട്വാരി എന്നിവര്‍ ആയിരുന്നു.

മന്ത്രിമാരെ കൈകാര്യം ചെയ്തു
ദിഗ്വിജയ് സിംഗിനെ ഹോട്ടലിലേക്ക് കടത്തി വിട്ടില്ല എന്ന് ആരോപണമുണ്ട്. അതേസമയം ജയ് വര്‍ധന്‍ സിംഗിനും ജിതു പട്വാരിക്കും ഹോട്ടലിന് അകത്തേക്ക് കടക്കാനായി. ബിജെപി പ്രവര്‍ത്തകര്‍ തങ്ങള്‍ ഹോട്ടലിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ ശ്രമിച്ചുവെന്നും കൈകാര്യം ചെയ്തുവെന്നും മന്ത്രിമാര്‍ ആരോപിക്കുന്നു.

രണ്ട് മണിക്ക് മടക്കം
പുലര്‍ച്ചെ രണ്ട് മണിയോടെ ഐടിസി ഹോട്ടലില്‍ നിന്ന് ജയ്വര്‍ധന്‍ സിംഗും ജിതു പട്വാരിയും പുറത്തേക്ക് വന്നു. മായാവതിയുടെ ബിഎസ്പിയില്‍ നിന്നും പുറത്താക്കപ്പെട്ട എംഎല്‍എ രമാഭായിക്കൊപ്പമാണ് ഇരു നേതാക്കളും ഹോട്ടലിന് പുറത്തേക്ക് എത്തിയത്. പച്ച കുര്‍ത്തയും മഞ്ഞ ജാക്കറ്റും ധരിച്ച് മന്ത്രിമാര്‍ക്കൊപ്പം ട്രോളി ബാഗുമായി രമാഭായ് നടന്ന് വരുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

എംഎൽഎക്കൊപ്പം കുടുംബവും
രമാഭായിക്കൊപ്പം അവരുടെ കുടുംബവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തെ ബിജെപി താറടിച്ചിരിക്കുകയാണ്. എംഎല്‍എമാരെ കുടുംബത്തോടൊപ്പമാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പണവും മസില്‍ പവറും ഉപയോഗിച്ച് അധികാരം പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നുത്. എന്നാല്‍ കമല്‍നാഥ് സര്‍ക്കാര്‍ 5 വര്‍ഷം തികയ്ക്കും, എംഎല്‍എയെ പുറത്ത് എത്തിച്ച ശേഷം ജയ്വര്‍ധന്‍ സിംഗ് ട്വീറ്റ് ചെയ്തു.

ആറ് പേരെ രക്ഷപ്പെടുത്തി
നാല് എംഎല്‍എമാരാണ് ഇപ്പോള്‍ ബിജെപിയുടെ കയ്യിലുളളത് എന്നാണ് സൂചന. കോണ്‍ഗ്രസ് എംഎല്‍എമാരായ ഹര്‍ദീപ് ദംഗ്, രഘുരാജ് കന്‍സാന, ബിസാഹുലാല്‍ സിംഗ് എന്നിവരും സ്വതന്ത്ര എംഎല്‍എ ഷേര ഭയ്യയുമാണ് അവര്‍. ഗുഡ്ഗാവിലെ ഹോട്ടലില്‍ നിന്നും തങ്ങള്‍ രക്ഷപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്ന ആറ് എംഎല്‍എമാര്‍ ദില്ലി വസന്ത് കുഞ്ചിലുളള ഹോട്ടലില്‍ ആണുളളത്.

സാഹചര്യം നിയന്ത്രണത്തിൽ
രമാഭായിയെ കൂടാതെ കോണ്‍ഗ്രസിന്റെ സഞ്ജീവ് സിംഗ്, രണ്‍വീര്‍ യാദവ്, രാജ്വര്‍ധന്‍ ദട്ടിഗാവ്, കമലേഷ് യാദവ്, എസ്പിയുടെ രാജേഷ് ശുക്‌ള എന്നിവരാണ് അവര്‍. നിലവില്‍ സാഹചര്യം തങ്ങളുടെ നിയന്ത്രണത്തിലാണ് എന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. അവര്‍ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയും തങ്ങള്‍ പ്രതിരോധിച്ച് കൊണ്ടിരിക്കുകയും ചെയ്യും എന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചു.

ചൗഹാന്‍ മാസ്റ്റർമൈൻഡ്
മധ്യപ്രദേശിലെ കുതിരക്കച്ചവടത്തിന്റെ മാസ്റ്റര്‍ മൈന്‍ഡ് ശിവരാജ് സിംഗ് ചൗഹാന്‍ ആണെന്ന് ജിതു പട്വാരി ആരോപിച്ചു. ശിവരാജ് സിംഗ് ചൗഹാന്റെ പങ്ക് തെളിയിക്കുന്ന വീഡിയോകളും ഓഡിയോ ക്ലിപ്പുകളും വൈറലാണെന്നും ജിതു പട്വാരി പറയുന്നു. ബിജെപി ജനാധിപത്യത്തെ കൊല്ലുകയാണ്. ഇതാണോ മോദി ആഗ്രഹിക്കുന്ന രാഷ്ട്രീയം എന്നും പട്വാരി ചോദിച്ചു.

നിഷേധിച്ച് ബിജെപി
കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 50 മുതല്‍ 60 കോടി രൂപ വരെയാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് എന്നും മന്ത്രി ആരോപിച്ചു. അതേസമയം കുതിരക്കച്ചവടം നടത്തി എന്ന ആരോപണം നിഷേധിച്ച് ബിജെപി നേതൃത്വം രംഗത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമാണ് എന്നും തങ്ങള്‍ ആരെയും പണം നല്‍കി വശത്താക്കിയിട്ടില്ലെന്നും ബിജെപി നേതാവ് ഗോപാല്‍ ഭാര്‍ഗവ് പ്രതികരിച്ചു.












Click it and Unblock the Notifications