ഗവര്‍ണര്‍ വന്നു... കൂടെ ഭക്ഷണം കഴിച്ചു; പിന്നാലെ ദരിദ്ര കുടുംബത്തിന് കണ്ണുതള്ളുന്ന ബില്ല്
ഭോപ്പാല്‍: വിവിഐപിയുടെ സന്ദര്‍ശനത്തോടെ ബുദ്രാം ആദിവാസിയുടെയും കുടുംബത്തിന്റെയും സമാധാനം പോയി. ഉറക്കം നഷ്ടപ്പെട്ടു. പ്രമുഖര്‍ വന്ന് ഭക്ഷണം കഴിക്കുകയും വീട്ടില്‍ അല്‍പ്പ നേരം ചെലവഴിക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം വന്‍ തുകയുടെ ബില്ല് വന്നു. ഇതടച്ചില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും. ഇന്ന് വലിയ വിഷമിത്തിലാണ് ബുദ്രാം ആദിവാസി.
മധ്യപ്രദേശിലെ വിദിഷ ജില്ലയിലുള്ള ദരിദ്ര കുടുംബമാണ് ബുദ്രാം ആദിവാസിയുടേത്. മൂന്ന് മാസം മുമ്പ് അദ്ദേഹത്തിന് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് നിര്‍മിക്കാന്‍ അനുമതി ലഭിച്ചു. നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഉദ്ഘാടനത്തിന് ഗവര്‍ണര്‍ മങ്കുഭായ് സി പട്ടേലും ഭാര്യയും പരിവാരങ്ങളുമെത്തി. താക്കോല്‍ ദാനം നിര്‍വഹിക്കാനും ബുദ്രാം ആദിവാസിയുടെ കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കാനുമായിരുന്നു ഗവര്‍ണറുടെ വരവ്. ദരിദ്ര കുടുംബത്തിനൊപ്പം ഗവര്‍ണര്‍ ഭക്ഷണം കഴിക്കുന്ന ഫോട്ടോ എടുക്കാന്‍ പ്രത്യേക സംഘം എത്തിയിരുന്നു. ഗവര്‍ണറുടെ എളിമയും വിനയവും വിളിച്ചോതുന്നതായിരുന്നു ചടങ്ങ്.
ഗവര്‍ണര്‍ വരുന്ന സാഹചര്യത്തില്‍ വീട് അലങ്കരിച്ചിരുന്നു. പുതിയ ഗേറ്റ് സ്ഥാപിക്കുകയും ചെയ്തു. എല്ലാം ചെയ്തത് പ്രദേശത്തെ ഉദ്യോഗസ്ഥരായിരുന്നു. തൊട്ടടുത്ത ദിവസം ബുദ്രാമിന്റെ വീട്ടില്‍ ഉദ്യോഗസ്ഥരെത്തി 14000 രൂപയുടെ ബില്ല് കൊടുത്തു. അടച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നായിരുന്നുവത്രെ മുന്നറിയിപ്പ്. അഞ്ചു പൈസക്ക് ഗതിയില്ലാതിരിക്കുമ്പോഴാണ് 14000 രൂപയുടെ ബില്ല്. ഗവര്‍ണര്‍ ഭക്ഷണം കഴിച്ചതിനും ഗേറ്റ് സ്ഥാപിച്ചതിനുമായിട്ടാണ് ബില്ല് നല്‍കിയത്. പണം നല്‍കണമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഗേറ്റ് വയ്ക്കാന്‍ അനുവദിക്കില്ലായിരുന്നുവെന്ന് ബുദ്രാം ആദിവാസി എന്‍ഡിടിവിയോട് പറഞ്ഞു.
എന്റെ കുഞ്ഞിന് അച്ഛനുണ്ട്... സഹികെട്ട് പ്രതികരിച്ച് നടി; അത് ഞാനെടുത്ത ധീരമായ തീരുമാനം
പ്രധാനമന്ത്രി ഉജ്വല യോജനയുടെ ഭാഗമായി പാചക വാതക കണക്ഷനും ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ബുദ്രാമിന് ഗ്യാസ് സിലിണ്ടര്‍ കണക്ഷന്‍ ലഭിച്ചിട്ടില്ല. വീട് പണി പൂര്‍ത്തീകരിച്ചിട്ടുമില്ല. മധ്യപ്രദേശ് നഗരവികസന മന്ത്രി ഭൂപേന്ദ്ര സിങുമായി ബന്ധപ്പെട്ടപ്പോള്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നായിരുന്നു പ്രതികരണം. ഗവര്‍ണറുടെ അന്തസിനെ ചോദ്യം ചെയ്യുന്ന നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. അതിഥികള്‍ വരുമ്പോള്‍ വീട് അലങ്കരിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്നത് നമ്മുടെ പാരമ്പര്യമാണ്. എന്നാല്‍ ഇത്തരം നടപടികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതിനാല്‍ നടപടി ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.
ശശി തരൂരിന് ഗറ്റൗട്ട് അടിക്കും... നിലപാട് കടുപ്പിച്ച് കെ സുധാകരന്; തരൂര്‍ ഒരു എംപി മാത്രം
സംഭവം വാര്‍ത്തയായതോടെ വലിയ രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങി. പ്രതിപക്ഷമായ കോണ്‍ഗ്രസ് വിഷയം ഏറ്റെടുത്തു. ദരിദ്ര ജനതയെ കൊള്ളയടിക്കുന്നത് ഇനിയെങ്കിലും ബിജെപി സര്‍ക്കാര്‍ നിര്‍ത്തണം. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് എംഎല്‍എ കുണാല്‍ ചൗധരി പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണ വിധേയമായി രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. 2022ല്‍ എല്ലാവര്‍ക്കും വീട് എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം. മധ്യപ്രദേശില്‍ 26 ലക്ഷം പേര്‍ക്ക് വീടില്ല. ഇതില്‍ 20 ലക്ഷം പേര്‍ക്ക് വീട് നല്‍കി എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനിടെയാണ് ഉദ്യോഗസ്ഥരുടെ കളികള്‍ പുറത്തുവന്നിട്ടുള്ളത്.