മധ്യപ്രദേശ് തിരഞ്ഞെടുപ്പ്; ഹൃദയ ഭൂമിയിൽ ഭരണം ഉറപ്പിച്ച് ബിജെപി..ആഘോഷം തുടങ്ങി പ്രവർത്തകർ
ഭോപ്പാൽ: ഹിന്ദി ഹൃദയ ഭൂമിയിൽ വ്യക്തമായ മുന്നേറ്റവുമായി ബി ജെ പി. വോട്ടെണ്ണൽ തുടങ്ങി ഒന്നര മണിക്കൂർ പിന്നിടുമ്പോൾ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളിൽ ലീഡ് ഉറപ്പിക്കാൻ ബി ജെ പിക്ക് സാധിച്ചു. നിലവിൽ 138 ഓളം സീറ്റുകൾക്കാണ് ബി ജെ പി മുന്നേറുന്നത്. കോൺഗ്രസാകട്ടെ 90 ഓളം സീറ്റുകളിലും. 230 അംഗ സഭയിൽ 114 സീറ്റുകളാണ് ഭരണം നേടാൻ ആവശ്യം.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കോൺഗ്രസും ബി ജെ പിയും കാഴ്ചവെച്ചത്. എന്നാൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ തന്നെ വ്യക്തമായ ആധിപത്യം നേടാൻ ബി ജെ പിക്ക് സാധിച്ചു. അതേസമയം ഭരണം ഉറപ്പിച്ചതോടെ പാർട്ടി പ്രവർത്തകർ സംസ്ഥാനത്ത് ആഘോഷം തുടങ്ങി കഴിഞ്ഞു.

അതേസമയം ഭരണം ഉറപ്പിച്ചതോടെ ഇനി മുഖ്യമന്ത്രി ആര് എന്ന ചോദ്യമാണ് ബി ജെ പിയിൽ ഉയരുന്നത്. വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറും എന്ന് പാർട്ടി സംസ്ഥാന അധ്യക്ഷനടക്കം പ്രതികരിക്കുമ്പോഴും ആരായിരിക്കും മുഖ്യമന്ത്രിയാകുകയെന്ന ചോദ്യത്തോട് അക്കാര്യം ദേശീയ നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയായിരുന്നു ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണം നേടിയാൽ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പരിഗണിച്ചേക്കാൻ സാധ്യതയില്ല. 2019 ൽ ഓപ്പറേഷൻ താമരയിലൂടെ ബി ജെ പി അധികാരം നേടിയെടുത്തപ്പോൾ തന്നെ ചൗഹാന് പകരം മറ്റ് പേരുകൾ ബി ജെ പി ആലോചിച്ചിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രിയും ജനകീയ മുഖമായ ശിവരാജ് സിംഗ് ചൗഹാനെ മാറ്റിനിർത്താനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാർട്ടിയിൽ ഒരുവിഭാഗം രംഗത്തെത്തി. ഇതോടെയായിരുന്നു ചൗഹാനെ തന്നെ മുഖ്യമന്ത്രിയായി നിയമിച്ചത്. ഇത്തവണ പക്ഷേ ചൗഹാനെതിരെ പാർട്ടിയിൽ ശക്തമായ വികാരം ഉണ്ട്.
എങ്കിലും ബി ജെ പി നേരിയ ഭൂരിപക്ഷത്തിലാണ് വിജയിക്കുന്നതെങ്കിൽ ഇത്തവണയേയും സമ്മർദ്ദ തന്ത്രം പയറ്റാൻ സാധിക്കുമെന്നതായിരുന്നു ചൗഹാന്റെ കണക്ക് കൂട്ടൽ. എന്നാൽ വലിയ ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ് ഇവിടെ ബി ജെ പി. അങ്ങനെയെങ്കിൽ ചൗഹാന്റെ മോഹം പൊലിയും. മറ്റ് പേരുകളിലേക്ക് ബി ജെ പി ദേശീയ നേതൃത്വം കടക്കുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.












Click it and Unblock the Notifications