തുനിഞ്ഞിറങ്ങിയ കോണ്‍ഗ്രസിന് മുന്നില്‍ ചൗഹാന് പൊറുതിമുട്ടി; ഒടുവില്‍ ആശ്വാസം ജനത്തിന്, മന്ത്രി വന്നു
ഭോപ്പാല്‍: രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ള സംസ്ഥാനങ്ങളുടെ മുന്‍നിരയിലാണ് മധ്യപ്രദേശ്. 1552 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. 76 മരണവും സംസ്ഥാനത്ത് സംഭവിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇത്ര രൂക്ഷമായിട്ടും ഇന്ന് മാത്രമാണ് സംസ്ഥാനത്ത് ഒരു ആരോഗ്യമന്ത്രിയെ പോലും നിയമിക്കാന്‍ ബിജെപിക്ക് സാധിച്ചത്.
കമല്‍ നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്തിയതിന് ശേഷം ശിവരാജ് ചൗഹാന്‍ മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റടുത്തിട്ട് ഒരു മാസം തികയുകയുമ്പോഴാണ് മന്ത്രിസഭാ വികസനം ഉണ്ടാവുന്നത്. അതുവരെ ചൗഹാന്‍റെ ഏകാംഗ ഭരണത്തിനായിരുന്നു സംസ്ഥാനം സാക്ഷ്യം വഹിച്ചത്.

വിമര്‍ശന
വലിയ വിമര്‍ശനമായിരുന്നു മന്ത്രിസഭാവികസനം നടത്താത്തതില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് നടത്തിയിരുന്നത്. 'മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ തീരുമാനം ആരോഗ്യമന്ത്രി ശിവരാജ് ചൗഹാന്‍ ഫലപ്രദമായി നടപ്പാക്കുന്നില്ല, കാരണം ധനമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വേണ്ടത് ഫണ്ട് അനുവദിക്കുന്നില്ല'- ചൗഹാന്‍റെ ഏകാംഗ ഭരണത്തിനെതിരെ സംസ്ഥാനത്ത് ഉയര്‍ന്ന വിമര്‍ശനം ഇങ്ങനെയായിരുന്നു.

ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം
ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മൂലമാണ് ആരോഗ്യ മന്ത്രിയെ പോലും നിയമിക്കാന്‍ ശിവരാജ് സിങ് ചൗഹാന്‍ കഴിയാത്തതെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ആരോഗ്യമന്ത്രിയെ പോലും തെരഞ്ഞെടുക്കാന്‍ കഴിയാത്തത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്നും ബി.ജെ.പി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നായിരുന്നു മുന്‍മുഖ്യമന്ത്രി കമല്‍നാഥ് അഭിപ്രായപ്പെട്ടത്

വിമര്‍ശനം ശക്തമായതോടെ
ഇത്തരത്തില്‍ വിമര്‍ശനം ശക്തമായതോടെയാണ് മന്ത്രിസഭാ വികസനത്തിന് ബിജെപിക്ക് തയ്യാറാവേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്‍റെ കൂടി അനുവാദം ലഭിച്ചതോടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചെത്തിയ 2 പേര്‍ ഉള്‍പ്പടെ അഞ്ച് മന്ത്രിമാരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ലഘുവായ ചടങ്ങ്
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഭോപ്പാലിൽ നടന്ന ലഘുവായ ചടങ്ങിൽ ഗവർണർ ലാൽജി ടണ്ടണ് മുമ്പാകെയാണ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നരോത്തം മിശ്ര, മീനാ സിങ്, കമൽ പട്ടേൽ,തുളസീറാം സിലാവത്, ഗോവിന്ദ് സിങ് രാജ്പുത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികരാമേറ്റത്. സത്യപ്രതിജ്ഞ ചെയ്തെങ്കിലും വകുപ്പുകള്‍ ആര്‍ക്കും കൈമാറിയിരുന്നില്ല.

ആദ്യ തീരുമാനം
വകുപ്പുകള്‍ക്ക് പകരം ഒരോ 5 മേഖലകളുടെ ചുമതലകള്‍ മന്ത്രിമാര്‍ക്ക് നല്‍കാനായിരുന്നു ചൗഹാന്‍റെ ആദ്യ തീരുമാനം. ബുന്ദേൽഖണ്ഡ്, സെൻട്രൽ മധ്യപ്രദേശ്, മാൾവാ- നിമാർ, മഹാകോശാൽ, ഗ്വാളിയോർ- ചമ്പൽ എന്നിങ്ങനെ മേഖലകള്‍ തിരിച്ചായിരുന്നു ചുമതല നല്‍കിയത്. ആരോഗ്യവകുപ്പിന്‍റെ ചുമതലപോലും ആരേയും ഏല്‍പ്പിച്ചിരുന്നില്ല.

വകുപ്പുകളുടെ ചുമതല
എന്നാല്‍ അപ്രതീക്ഷമായാണ് മന്ത്രിമാര്‍ക്ക് വകുപ്പുകളുടെ ചുമതല നല്‍കാനുള്ള തീരുമാനം ഉണ്ടാവുന്നത്. നരോത്തം മിശ്രയ്ക്കാണ് ആരോഗ്യ വകുപ്പിന്‍റെ ചുമതല നല്‍കിയിരിക്കുന്നത് . ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി ഇദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. കമല്‍ പട്ടേലിനെ കൃഷിവകുപ്പ് മന്ത്രിയായും തുളസി ശിലാവത്തിന് ജലവിഭവ വകുപ്പ് മന്ത്രിയായുംചുമതലയേറ്റു.

കൂടുതല്‍ നേതാക്കളെ
ഗോവിന്ദ് സിങ് രജ്പുതിനാണ് ഭക്ഷ്യവകുപ്പ് നല്‍കിയിരിക്കുന്നത്. മീന സിങ് പിന്നാക്കക്ഷേമ വകുപ്പും കൈകാര്യം ചെയ്യും. ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് മൂന്നിന് വീണ്ടും മന്ത്രിസഭാ വികസനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ ക്യമ്പിലെ കൂടുതല്‍ നേതാക്കളെ അപ്പോള്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും.

ശക്തമായി എതിര്‍ക്കുന്നു
എന്നാല്‍ സിന്ധ്യയുടെ ക്യാമ്പില്‍ നിന്നുള്ളവര്‍ക്ക് മന്ത്രിസഭിയില്‍ അധിക പ്രാധാന്യം നല്‍കാനുള്ള നീക്കത്തെ ബിജെപിയിലെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സിന്ധ്യക്ക് പിന്തുണയുമായി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച 22 പേരില്‍ 10 പേരെയെങ്കിലും മന്ത്രിസഭിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

ഉപതിരഞ്ഞെടുപ്പ്
സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ നിര്‍ണ്ണയിക്കുന്ന ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തുടര്‍ന്നുള്ള ഓരോ ചുവടും നിര്‍ണ്ണായകമാണ്. 25 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഉപതിരഞ്ഞെടുപ്പില്‍ 10 സീറ്റില്‍ വിജയിച്ചാല്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കും.

മൂന്നില്‍ രണ്ട് മണ്ഡലങ്ങളും
ജ്യോതിരാധിത്യ സിന്ധ്യയുടെ പാളയത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നക്കുന്ന മൂന്നില്‍ രണ്ട് മണ്ഡലങ്ങളും എന്നതാണ് ബിജെപിയുടെ അനുകൂല ഘടകം. എന്നാല്‍ ജ്യോതിരാധിത്യ സിന്ധ്യ പോയതോടെ പ്രാദേശിക നേതാക്കളെ സജീവമായി രംഗത്ത് ഇറക്കിയുള്ള തന്ത്രത്തിനാണ് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ ജനം പുറന്തള്ളുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.












Click it and Unblock the Notifications