പ്രയാഗ്‌രാജില്‍ കാണുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാഴ്ചകള്‍; കുംഭമേള ഐക്യത്തിന്റെ പ്രതീകം
സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാഴ്ചകളാണ് പ്രയാഗ്‌രാജിലെ മഹാ കുംഭമേളയില്‍ കാണാന്‍ സാധിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'പ്രയാഗ്‌രാജിൽ മഹാ കുംഭമേള ആരംഭിച്ചു. മറക്കാനാവാത്ത ഒരു ജനക്കൂട്ടം, സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു കാഴ്ച, സമത്വത്തിന്റെയും ഐക്യത്തിന്റെയും അസാധാരണമായ സംഗമം' അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയ സംഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ കുംഭമേളയിൽ നിരവധി ദിവ്യയോഗങ്ങൾ രൂപപ്പെടുകയാണ്. കുംഭമേള നാനാത്വത്തിൽ ഏകത്വം ആഘോഷിക്കുന്നു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആളുകൾ ഇവിടെ ഒത്തുകൂടുന്നു. ആയിരക്കണക്കിന് വർഷങ്ങളായി തുടർന്നുവരുന്ന ഈ പാരമ്പര്യത്തിൽ യാതൊരുവിധത്തിലുള്ള വിവേചനമോ ജാതീയതയോ ഇല്ല. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും കുംഭമേളയിലേക്ക് ആളുകള്‍ എത്തുന്നു. കുംഭമേളയിൽ ധനികരും ദരിദ്രരും എല്ലാവരും ഒന്നാകുന്നു. എല്ലാവരും സംഗമസ്ഥാനത്ത് മുങ്ങിക്കുളിക്കുന്നു, ഊട്ടുപുരകളിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, പ്രസാദം കഴിക്കുന്നു - അതുകൊണ്ടാണ് 'കുംഭം' ഐക്യത്തിന്റെ മഹാകുംഭമെന്നു പറയപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ പാരമ്പര്യങ്ങൾ ഭാരതത്തെയാകെ എങ്ങനെ പരസ്പരം ബന്ധിപ്പിക്കുന്നുവെന്ന് കുംഭമേള നമുക്ക് പറഞ്ഞുതരുന്നു. വടക്ക് മുതൽ തെക്ക് വരെ വിശ്വാസങ്ങൾ പിന്തുടരുന്നതിനുള്ള രീതികൾ ഒന്നുതന്നെയാണ്. ഒരു വശത്ത് പ്രയാഗ്‌രാജ്, ഉജ്ജയിൻ, നാസിക്, ഹരിദ്വാർ എന്നിവിടങ്ങളിൽ കുംഭമേള സംഘടിപ്പിക്കുമ്പോൾ, തെക്ക് ഭാഗത്ത് ഗോദാവരി, കൃഷ്ണ, നർമ്മദ, കാവേരി നദികളുടെ തീരങ്ങളിലാണ് പുഷ്കരം സംഘടിപ്പിക്കുന്നത്. ഈ രണ്ട് ഉത്സവങ്ങളും നമ്മുടെ പുണ്യനദികളുമായും അവയുടെ വിശ്വാസങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ, കുംഭകോണം മുതൽ തിരുക്കടയൂർ വരെയും, കൂടവാസൽ മുതൽ തിരുച്ചെറൈവരെയും, കുംഭമേളയുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങളുള്ള നിരവധി ക്ഷേത്രങ്ങളുണ്ട്.
ഇത്തവണ കുംഭമേളയിൽ യുവാക്കളുടെ പങ്കാളിത്തം വളരെ വലിയ തോതില്‍ കാണപ്പെട്ടത് നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. യുവതലമുറ ആധുനിതകതയുമായി ബന്ധപ്പെടുമ്പോൾ തന്നെ അവരുടെ വേരുകൾ ശക്തിപ്പെടുന്നു എന്നതും സത്യമാണ്. കുംഭമേളയുടെ ഈ ആഗോള പ്രശസ്തി ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ കാര്യമാണ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പശ്ചിമ ബംഗാളിൽ ഒരു വലിയ 'ഗംഗാസാഗർ' മേളയും സംഘടിപ്പിച്ചിരുന്നു. സംക്രാന്തിയുടെ ശുഭകരമായ അവസരത്തിൽ, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തർ ഈ മേളയിൽ മുങ്ങിക്കുളിച്ചു. 'കുംഭം', 'പുഷ്കരം', 'ഗംഗാസാഗർ മേള' - നമ്മുടെ ഈ ഉത്സവങ്ങൾ നമ്മുടെ സാമൂഹിക ഇടപെടലും, മൈത്രിയും, ഐക്യവും പ്രോത്സാഹിപ്പിക്കുന്നു. ഈ ഉത്സവങ്ങൾ ഭാരതത്തിലെ ജനങ്ങളെ ഭാരതത്തിന്റെ പാരമ്പര്യങ്ങളുമായി ബന്ധിപ്പിക്കുന്നു.
നമ്മുടെ വേദങ്ങൾ ലോകത്തിലെ ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ നാലെണ്ണത്തിന് ഊന്നൽ നൽകിയതുപോലെ. നമ്മുടെ ഉത്സവങ്ങളും പാരമ്പര്യവും ആത്മീയം, സാമൂഹികം, സാംസ്കാരികം, സാമ്പത്തികം എന്നീ എല്ലാ വശങ്ങളെയും ശക്തിപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications