'നേരത്തെ പ്രഖ്യാപിക്കേണ്ട'; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി മഹാവികാസ് അഘാഡിയില്‍ തര്‍ക്കം
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മഹാ വികാസ് അഘാഡിയില്‍ ഭിന്നത തുടരുന്നു. സഖ്യകക്ഷികളായ കോണ്‍ഗ്രസും എന്‍സിപിയും (ശരദ് പവാര്‍ വിഭാഗം) തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന കക്ഷിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതായിരിക്കും ഉചിതം എന്നാണ് ഇരുപാര്‍ട്ടികളുടെ നിലപാട്.
അതേസമയം, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിക്കണമെന്നും ആ വ്യക്തി എല്ലാ സഖ്യ അംഗങ്ങള്‍ക്കും സ്വീകാര്യനും കൂട്ടുകക്ഷി സര്‍ക്കാരിനെ നയിക്കാന്‍ കഴിവുള്ളവനുമായിരിക്കണം എന്നുമാണ് ശിവസേന (യുബിടി)യുടെ നിലപാട്. തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം സംബന്ധിച്ച് എംവിഎ നേതാക്കള്‍ തുടര്‍ച്ചയായി യോഗങ്ങള്‍ നടത്തുന്നുണ്ടെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി.

ചില സീറ്റുകള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒക്ടോബര്‍ ആദ്യവാരം അല്ലെങ്കില്‍ രണ്ടാം വാരത്തോടെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംവിഎയ്ക്കുള്ളില്‍, ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള പാര്‍ട്ടി സ്വയമേവ മുഖ്യമന്ത്രിപദം ഉറപ്പിക്കുമെന്ന ധാരണയൊന്നുമില്ല എന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ' ഇപ്പോള്‍ ഞങ്ങള്‍ സഖ്യത്തിലാണ്, അതിനാല്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന വ്യക്തി എല്ലാവര്‍ക്കും സ്വീകാര്യനായിരിക്കണം.
മാത്രമല്ല ത്രികക്ഷി സഖ്യ സര്‍ക്കാര്‍ നയിക്കാന്‍ മതിയായ അനുഭവപരിചയമുള്ളവനുമായിരിക്കണം,'' അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഖ്യം പ്രത്യേക ഫോര്‍മുലകളൊന്നും പാലിച്ചില്ലെങ്കിലും മഹാരാഷ്ട്രയില്‍ 17 സീറ്റുകള്‍ മാത്രം നേടിയ എന്‍ഡിഎയേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ (31) നേടാന്‍ തങ്ങള്‍ക്കായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിക്കണമെന്നതാണ് തങ്ങളുടെ ഏക നിബന്ധന എന്നും അദ്ദേഹം പറഞ്ഞു.
'കോണ്‍ഗ്രസില്‍ നിന്നോ എന്‍സിപിയില്‍ നിന്നോ (എസ്പി) പേരുണ്ടായാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല, പക്ഷേ അത് എല്ലാവര്‍ക്കും സ്വീകാര്യമായിരിക്കണം, '' റാവത്ത് പറഞ്ഞു. സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍, വിജയസാധ്യതയാണ് സീറ്റുകള്‍ അനുവദിക്കുന്നതിനുള്ള പ്രാഥമിക മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് റൗണ്ട് മീറ്റിംഗുകള്‍ക്ക് ശേഷം നിരവധി പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണെന്ന് വ്യക്തമായി.
എന്നിരുന്നാലും, അവ രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട് എന്നും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും എംവിഎ ആയി ഒരുമിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സീറ്റ് മാറ്റുന്നത് പോലെയുള്ള കടുത്ത തീരുമാനങ്ങള്‍ ചിലപ്പോള്‍ എടുക്കേണ്ടി വരും. ഭരണഘടനാ വിരുദ്ധമായ ഈ മഹായുതി സര്‍ക്കാരിനെ മാറ്റി അധികാരത്തില്‍ തിരിച്ചെത്തുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം.
ചില ചെറിയ ത്യാഗങ്ങള്‍ സഹിക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്നും 288 സംസ്ഥാന അസംബ്ലി സീറ്റുകളില്‍ 200 എണ്ണത്തില്‍ തങ്ങള്‍ ഇതിനോടകം ധാരണയിലെത്തിയിട്ടുണ്ട് എന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. സീറ്റ് വിഭജന ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, സഖ്യം അതിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയും പ്രചാരണ തന്ത്രവും തയ്യാറാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications