സ്ത്രീകള്‍ക്ക് ധനസഹായം, 25 ലക്ഷം ഇന്‍ഷുറന്‍സ് പരിരക്ഷ; പ്രകടന പത്രിക പുറത്തുവിട്ട് ഉദ്ധവ് താക്കറെ
മുംബൈ: മഹാവികാസ് അഗാഡിയിലെ സുപ്രധാന കക്ഷിയായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പ്രകടനപത്രിക പുറത്തിറക്കി. കഴിഞ്ഞ ദിവസം എംവിഎ സഖ്യം പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ ശിവസേനയും അതേ വഴി പിന്തുടര്‍ന്നിരിക്കുന്നത്. അവശ്യ സാധനങ്ങളുടെ വില കുറയ്ക്കുമെന്നും, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നും, 25 ലക്ഷം ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്നും പ്രകട പത്രികയില്‍ പ്രഖ്യാപനമുണ്ട്.
മഹാരാഷ്ട്ര എന്റെ കുടുംബമാണ്, എന്റെ കുടുംബം എന്റെ ഉത്തരവാദിത്തമാണ് എന്ന ടാഗ് ലൈനോടെയാണ് പ്രകടപത്രിക പുറത്തിറക്കിയത്. കുടുംബത്തിന്റെ നാഥന്‍ എന്ന പരിവേഷമാണ് പ്രകടപത്രികയില്‍ ഉദ്ധവിന് നല്‍കിയിരിക്കുന്നത്.

കുടുംബ നാഥന്‍ എന്ന വിശേഷണം കൊവിഡ് കാലത്ത് ഉദ്ധവ് താക്കറെയ്ക്ക് വലിയ പ്രതിച്ഛായ ഉണ്ടാക്കി കൊടുത്തിരുന്നു. മഹാരാഷ്ട്രയുടെ ക്ഷേമപ്രവര്‍ത്തനത്തില്‍ നിന്ന് പിന്നോട്ടില്ല. കൊവിഡ് സമയത്ത് തന്റെ കുടുംബത്തിന് വേണ്ടിയാണ് പ്രയത്‌നിച്ചതെന്നും അദ്ദേഹം പറഞ്ഞു. പഴയ പെന്‍ഷന്‍ പദ്ധതി തിരികെ കൊണ്ടുവരുമെന്ന് ഉദ്ധവ് പ്രഖ്യാപിച്ചു.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കും, ജാതി സെന്‍സസ് നടത്തി സമൂഹത്തിലെ പിന്നോക്ക വിഭാഗത്തിന് സംരക്ഷണം നല്‍കുമെന്നും പ്രകടനപത്രികയില്‍ പ്രഖ്യാപനമുണ്ട്. ധാരവിയെ പുനര്‍ വികസിപ്പിക്കുമെന്ന പ്രഖ്യാപനവും ശിവസേന യുബിടി നടത്തി. ധാരാവിയില്‍ പുതിയ വീടുകള്‍ നിര്‍മിക്കുമെന്നാണ് വാഗ്ദാനം.
മഹാരാഷ്ട്ര ജനതയ്ക്കായി ഫിനാന്‍ഷ്യല്‍ ഹബ്ബ് നിര്‍ക്കുമെന്നും, അതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ശിവസേന പ്രകടനപത്രികയില്‍ അവകാശപ്പെടുന്നു. ബാര്‍സു ഓയില്‍ റിഫൈനറി പദ്ധതി റദ്ദാക്കുമെന്നും ഉദ്ധവ് പറയുന്നു. കൊങ്കണിലെ പരിസ്ഥിയിതെയും, സന്തുലിത മേഖലകളെയും നശിപ്പിക്കുന്ന ഒരു പദ്ധതിക്കും ഞങ്ങള്‍ അനുമതി നല്‍കില്ല. പ്രകൃതി സൗഹൃദ പദ്ധതികളെ മാത്രമേ പ്രോത്സാഹിപ്പിക്കുകയും, പ്രമോട്ട് ചെയ്യുകയുമുള്ളൂവെന്ന് ഉദ്ധവ് പറഞ്ഞു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം, എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം വരെ ക്യാഷ്‌ലെസ് മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പാവപ്പെട്ട സ്ത്രീകള്‍ക്ക് ധനസഹായം എന്നിവയും ഉദ്ധവ് പ്രകടപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം സ്ത്രീകളുടെ സുരക്ഷ മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ രുപീകരിച്ചാല്‍ ഉണ്ടാവുമെന്നും ശിവസേന യുബിടി പറഞ്ഞു. പോലീസിലേക്ക് കൂടുതല്‍ സ്ത്രീകളെ റിക്രൂട്ട് ചെയ്യും. പോലീസ് സ്‌റ്റേഷനുകളിലെ ചുമതലകളിലേക്ക് കൂടുതല്‍ സ്ത്രീകളെ കൊണ്ടുവരും. വനിതാ സൗഹൃദമാക്കും പോലീസ് സ്‌റ്റേഷനുകള്‍. ആര്‍ക്കും ഭയമില്ലാതെ പരാതി നല്‍കാനാവും. എല്ലാ ജില്ലയിലും ശിവജിയുടെ ക്ഷേത്രം നിര്‍മിക്കുമെന്നും പ്രകടപത്രികയില്‍ പറയുന്നുണ്ട്.
അതേസമയം മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കയുണ്ട്. പല സുപ്രധാന പദ്ധതികളും ഗുജറാത്തിലേക്കാണ് പോകുന്നത്. ഇത് തൊഴിലവസരങ്ങള്‍ കുറയാന്‍ കാരണമായെന്നും ഉദ്ധവ് ചൂണ്ടിക്കാണിച്ചു. മഹാരാഷ്ട്ര വിരുദ്ധ സര്‍ക്കാരിനെ പുറത്താക്കണമെന്നും ഉദ്ധവ് പറഞ്ഞു.












Click it and Unblock the Notifications