ഷിന്‍ഡെ പ്രതിപക്ഷനേതാവ്? മഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സ്..! കോണ്‍ഗ്രസിനും ഇതിലും വലിയ നാണക്കേട് വരാനില്ല
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള സസ്‌പെന്‍സ് തുടരുന്നതിനിടെ പുതിയ നീക്കങ്ങളുമായി ഏക്‌നാഥ് ഷിന്‍ഡെയും ശിവസേനയും. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കില്ല എന്ന് ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കിയിട്ടുണ്ട്. അധികാരത്തിന് പുറത്ത് നില്‍ക്കാനാണ് തനിക്ക് താല്‍പര്യം എന്നാണ് ഏക്‌നാഥ് ഷിന്‍ഡെ ആവര്‍ത്തിച്ച് പറയുന്നത്.
'ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. അധികാരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' എന്നാണ് ഷിന്‍ഡെ തന്നെ സൂചിപ്പിക്കുന്നത്. അങ്ങനെ എങ്കില്‍ ഏക്നാഥ് ഷിന്‍ഡെ പ്രതിപക്ഷ നേതാവാകട്ടെ എന്നൊരു ഓപ്ഷന്‍ ബിജെപിയും എന്‍സിപിയും മുന്നോട്ടുവെച്ചിട്ടുണ്ട് എന്നാണ് വിവരം. മഹാ വികാസ് അഘാഡിയെ ഇതുവഴി പ്രതിരോധത്തിലാക്കാം എന്നും മഹായുതി കണക്കുകൂട്ടുന്നു.

തങ്ങള്‍ക്ക് രണ്ട് ഉന്നത സ്ഥാനങ്ങള്‍ ഉണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുമെന്നും എതിരാളികളായ മഹാ വികാസ് അഘാഡിയെ തരംതാഴ്ത്താമെന്നുമാണ് ബിജെപിയും എന്‍സിപിയും കണക്കുകൂട്ടുന്നത്. ''രണ്ട് ദിവസം മുമ്പ് ഞാന്‍ ഏകനാഥ് ഷിന്‍ഡെക്കൊപ്പമായിരുന്നു. മറ്റ് നേതാക്കളും എംഎല്‍എമാരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു,' ശിവസേന എംഎല്‍എ ഭരത് ഗോഗവാലെ പറഞ്ഞു.
അധികാരത്തില്‍ നിന്ന് മാറി നിന്നുകൊണ്ട് പ്രവര്‍ത്തിക്കുമെന്ന് ഏക്‌നാഥ് ഷിന്‍ഡെ തങ്ങളോട് പറഞ്ഞു എന്നും എന്നാല്‍ അങ്ങനെ ചെയ്യരുത് എന്ന് തങ്ങള്‍ നിര്‍ബന്ധിച്ചു എന്നും ഗോഗവാലെ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗമായിരുന്ന് അദ്ദേഹം പ്രവര്‍ത്തിക്കണം എന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഉപമുഖ്യമന്ത്രിയാകുന്നത് എതിര്‍ക്കുകയാണെങ്കില്‍ ഷിന്‍ഡെ പ്രതിപക്ഷനേതാവ് സ്ഥാനം ഏറ്റെടുക്കാനുള്ള സാധ്യതയെക്കുറിച്ച് എല്ലാ മഹായുതി സഖ്യകക്ഷികളും ചര്‍ച്ചചെയ്യുന്നുണ്ട്.
പ്രതിപക്ഷ നേതാവിന്റെ സ്ഥാനം മുഖ്യമന്ത്രിക്ക് ശേഷമുള്ള രണ്ടാമത്തെ സ്ഥാനമാണ്. മാത്രമല്ല ഇതുവഴി സര്‍ക്കാരിന് സുഗമമായി പ്രവര്‍ത്തിക്കാനും സാധിക്കും. മഹാ വികാസ് അഘാഡിയിലെ ഒരു പാര്‍ട്ടിക്കും നിയമസഭയില്‍ പ്രതിപക്ഷ നേതാവ് സ്ഥാനം അവകാശപ്പെടാന്‍ ആവശ്യമായ സീറ്റ് ലഭിച്ചിട്ടില്ല. ഒരു പാര്‍ട്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ കുറഞ്ഞത് 29 എംഎല്‍എമാരെങ്കിലും വേണം
അതേസമയം പ്രതിപക്ഷ നേതാവ് സ്ഥാനം എംവിഎയ്ക്ക് മൊത്തത്തില്‍ അവകാശപ്പെടാമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. 'തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു സഖ്യം ഞങ്ങള്‍ക്കുണ്ടായിരുന്നു, അതിനാല്‍, എംവിഎയ്ക്ക് പതിപക്ഷ നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാം. ഞങ്ങള്‍ അതിന് അവകാശവാദം ഉന്നയിക്കും,'' കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ദെ പറഞ്ഞു. ഷിന്‍ഡെ സ്ഥാനം ഏറ്റെടുക്കാനുള്ള സാധ്യതയും കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു.
അവര്‍ സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടാകാം എന്നും എന്നാല്‍ ഷിന്‍ഡെ പ്രതിപക്ഷ നേതാവാകുമെന്ന് കരുതുന്നത് യുക്തിക്ക് നിരക്കാത്ത കാര്യമാണെന്നും ലോന്ദെ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി സ്ഥാനം എന്ന ആവശ്യത്തില്‍ നിന്ന് ശിവസേന പൂര്‍ണമായി പിന്‍മാറിയിട്ടില്ല എന്നാണ് വിവരം. ഷിന്‍ഡെയുടെ പ്രവര്‍ത്തന മികവ് കാരണമാണ് മഹായുതിക്ക് തുടര്‍ഭരണം ലഭിച്ചത് എന്നാണ് ശിവസേന എംഎല്‍എ എംഎല്‍എ ഗുലാബ്രറാവു പാട്ടീല്‍ പറയുന്നത്.
എന്നിരുന്നാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എന്ത് തീരുമാനമെടുത്താലും അവരെ പിന്തുണയ്ക്കുമെന്ന് ഷിന്‍ഡെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നും പാട്ടീല്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications