മറാത്ത സംവരണം അടക്കം ബിജെപിക്ക് വെല്ലുവിളി, ജാതിസമവാക്യം വിജയിച്ചാല്‍ നേട്ടം കോണ്‍ഗ്രസിന്
മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വെല്ലുവിളിയായി പിന്നോക്ക വിഭാഗം വോട്ടുകള്‍. ഇത്തവണ വോട്ട് എങ്ങോട്ട് വേണമെങ്കിലും മറിയാമെന്നാണ് വിലയിരുത്തല്‍. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ബിജെപിക്ക് മറാത്ത സംവരണ പ്രശ്‌നത്തിലും, ഒബിസികളുടെ എതിര്‍പ്പുമെല്ലാം തിരിച്ചടിയായി മാറിയിരുന്നു.
എന്‍ഡിഎ സഖ്യം അതുകൊണ്ട് തന്നെ വലിയ വീഴ്ച്ച നേരിട്ടിരുന്നു. കോണ്‍ഗ്രസ് അവരുടെ ദളിത്-മുസ്ലീം-കുബി വോട്ടുബാങ്കിനെയാണ് ആശ്രയിക്കുന്നത്. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയിരുന്നു. കുബി എന്ന മറാത്തകളിലെ ഉപജാതിയാണ്. ഒബിസി വിഭാഗത്തിലാണ് ഇവര്‍ വരുന്നത്. ഇതില്‍ ഒബിസി വോട്ടുകളെ ഭിന്നിപ്പിക്കാനാണ് ഇപ്പോള്‍ ബിജെപി ശ്രമിക്കുന്നത്.

ബിജെപി മാലി-ധങ്കര്‍-വഞ്ചാരി എന്നീ വിഭാഗങ്ങളെ ചേര്‍ത്തുപിടിച്ചൊരു ഫോര്‍മുലയാണ് തയ്യാറാക്കിയിരിക്കുന്നത്. ഒബിസി വിഭാഗത്തിലെ വലിയ വോട്ടുബാങ്ക് ഇവരാണ്. ഹരിയാനയില്‍ ജാട്ടുകള്‍ വലിയ രീതിയില്‍ എതിര്‍ത്തതോടെ മറ്റ് ഉപവിഭാഗങ്ങളെ പിടിച്ചാണ് ബിജെപി ഭരണം പിടിച്ചത്. ഇവിടെ മറാത്ത പ്രശ്‌നത്തെ നേരിടാന്‍ മറ്റ് വോട്ടുബാങ്കുകളെയാണ് ബിജെപി ആശ്രയിക്കാന്‍ പോകുന്നത്.
മുംബൈ-കൊങ്കണ്‍, പശ്ചിമ മഹാരാഷ്ട്ര, വടക്കന്‍ മഹാരാഷ്ട്ര-ഖാണ്ഡേഷ്, മറാത്ത് വാഡ, വിദര്‍ഭ എന്നീ അഞ്ച് മേഖലകളില്‍ ജാതിസമവാക്യം ഇതോടെ നിര്‍ബന്ധമായിരിക്കുകയാണ്. മറാത്ത-ഒബിസി പ്രശ്‌നങ്ങള്‍ കാരണം പുതിയ രീതികള്‍ പരീക്ഷിക്കാന്‍ ഇരു വിഭാഗങ്ങളും തയ്യാറായേക്കും.
മറാത്ത സംവരണ പ്രചാരകനായ മനോജ് ജരാംഗെ പാട്ടീല്‍ താന്‍ ഒബിസികള്‍ക്കെതിരല്ലെന്ന് തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മറാത്ത, ദളിത്, ആദിവാസി, മുസ്ലീം വിഭാഗങ്ങള്‍ ഒന്നിച്ച് നിന്ന് ബാബാസാഹേബ് അംബേദ്കറുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ജരാംഗെ പാട്ടില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്‍സിപി നേതാവ് ഛഗന്‍ ബുജ്ബലില്‍ നിന്നാണ്. മലി വിഭാഗം നേതാവാണ് അദ്ദേഹം.
ഒബിസി സംഘര്‍ഷ് സേനയുടെ പ്രൊഫ. ലക്ഷ്മണ്‍ ഹാക്കെയുടെ പിന്തുണ ബുജ്ബലിനുണ്ട്. ജരാംഗെ പാട്ടീലിനെതിരെ പരസ്യമായി പോരാട്ടം നടത്തുന്നത് ലക്ഷ്മണ്‍ ഹാക്കെയാണ്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ജാതിസമവാക്യങ്ങള്‍ കൃത്യമായി നടപ്പാക്കുന്നവര്‍ക്കായിരിക്കും. ബിജെപിക്കുള്ള പ്രതിസന്ധി ഒബിസികളും മറാത്തകളും ഇടഞ്ഞ് നില്‍ക്കുന്നതാണ്. ഇവര്‍ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്യില്ല.
മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളില്‍ അഞ്ചെണ്ണം പട്ടികജാതി മണ്ഡലങ്ങളാണ്. നാലെണ്ണം പട്ടികവിഭാഗക്കാര്‍ക്കുള്ളതാണ്. മൊത്തം 29 സീറ്റുകള്‍ പട്ടിക ജാതിക്കാര്‍ക്കും, 25 എണ്ണം പട്ടികജാതിക്കാര്‍ക്കുമുള്ളതാണ്. എന്നാല്‍ മറാത്ത വിഭാഗത്തിന്റെ വോട്ട് ലഭിക്കാതെ ഇവിടെ വിജയിക്കാനാവില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ സ്വാധീന ശക്തിയായത് മറാത്തകളാണ്. ഏക്‌നാഥ് ഖഡ്‌സെ, ചന്ദ്രശേഖര്‍ ഭാവന്‍കുലെ എന്നിവരെല്ലാം ഇപ്പോള്‍ പ്രതിപക്ഷത്താണ്. ഇതിനെ മറികടക്കാന്‍ ബിജെപി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications