എംവിഎയെ തള്ളി സമാജ് വാദി പാര്‍ട്ടി, അഞ്ചിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു; വന്‍ തിരിച്ചടി
മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഗാഡിയെ വെല്ലുവിളിച്ച് സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. എംവിഎയോട് ഇടഞ്ഞാണ് എസ്പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. നേരത്തെ 12 സീറ്റുകള്‍ നല്‍കണമെന്ന് എസ്പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും കൂടുതല്‍ സീറ്റുകള്‍ നല്‍കുന്ന കാര്യത്തില്‍ എംവിഎയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല.
എംവിഎ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുന്നതിന് മുമ്പ് എസ്പിയുമായി ചര്‍ച്ചകള്‍ നടത്തണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 260 സീറ്റുകളില്‍ സഖ്യം ധാരണയിലെത്തിയതായി കഴിഞ്ഞ ദിവസം ശരത് പവാര്‍ അടക്കം പറഞ്ഞിരുന്നു. ഇതാണ് എസ്പിയെ ചൊടിപ്പിച്ചത്.

ആദ്യ ഘട്ട പട്ടികയില്‍ അഞ്ച് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് സമാജ് വാദി പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യ സഖ്യത്തില്‍ എസ്പി ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെത്തിയിരുന്നു.
ഇന്ത്യ സഖ്യവുമായുള്ള ചര്‍ച്ചകള്‍ക്ക് അഖിലേഷും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ എസ്പിയുടെ സംസ്ഥാന നേതൃത്വം ചര്‍ച്ചകള്‍ ഇഴയുന്നതില്‍ എതിര്‍പ്പിലായിരുന്നു. മഹാവികാസ് അഗാഡി സഖ്യം എസ്പിയെ ഗൗരവത്തിലെടുക്കാത്തതും പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. നിലവില്‍ രണ്ട് എംഎല്‍എമാരാണ് എസ്പിക്ക് മഹാരാഷ്ട്രയിലുള്ളത്.
ധൂലെ സീറ്റിയില്‍ നിന്ന് ഇര്‍ഷാദ് ജഗീര്‍ദാര്‍ മത്സരിക്കുമെന്ന് അഖിലേഷ് യാദവ് ശനിയാഴ്ച്ച നടന്ന പൊതുസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. മാന്‍കുര്‍ദ് ശിവാജി നഗറില്‍ നിന്ന് സിറ്റിംഗ് എംഎല്‍എയായ അബു അസിം ആസ്മിയും, ഭീവണ്ഡി ഈസ്റ്റില്‍ നിന്ന് റായിസ് ഷെയ്ഖും മത്സരിക്കുമെന്നും അഖിലേഷ് പ്രഖ്യാപിച്ചു.
ഈ രണ്ട് സീറ്റുകളിലും യാതൊരു വിട്ടുവീഴ്ച്ചയില്ലെന്ന് എസ്പി സംസ്ഥാന നേതൃത്വം നേരത്തെ പ്രഖ്യാപിച്ചതാണ്. ഭീവണ്ഡി വെസ്റ്റില്‍ നിന്ന് റിയാസ് അസ്മിയും, മാലേഗാവ് സെന്‍ട്രലില്‍ നിന്ന് ഷാന്‍ ഇ ഹിന്ദും എസ്പി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമെന്നും അഖിലേഷ് പറഞ്ഞു. ഈ സ്ഥാനാര്‍ത്ഥികളെല്ലാം മികച്ച പ്രവര്‍ത്തനം നടത്തുന്നവരാണെന്ന് എസ്പി അധ്യക്ഷന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ എസ്പി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഞങ്ങള്‍. ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അടക്കം യാതൊരു വൈകിപ്പിക്കലും ആഗ്രഹിക്കുന്നില്ലെന്ന് അഖിലേഷ് പറഞ്ഞു. എസ്പി 12 സീറ്റുകള്‍ ആവശ്യപ്പെട്ടത് എന്തിനെന്നും അഖിലേഷ് വ്യക്തമാക്കി. ഞങ്ങള്‍ക്ക് രണ്ട് എംഎല്‍എമാര്‍ സംസ്ഥാനത്തുണ്ട്. കുറഞ്ഞ സീറ്റ് ലഭിച്ചിരുന്നെങ്കില്‍ പോലും ഞങ്ങള്‍ തൃപ്തിപ്പെടുന്നവരാണ്. എസ്പിയുടെ കരുത്ത് എവിടെയാണോ ഉള്ളത്, അവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതെന്നും അഖിലേഷ് വ്യക്തമാക്കി.
റാവര്‍, അമരാവതി എന്നീ സീറ്റുകളാണ് എസ്പി മത്സരിക്കാന്‍ ആഗ്രഹിച്ചത്. എന്നാല്‍ ഇവിടങ്ങളില്‍ കോണ്‍ഗ്രസിന് സിറ്റിംഗ് എംഎല്‍എമാരുണ്ട്. ബൈക്കുള, വെര്‍സോവ, ഒംറംഗബാദ് ഈസ്റ്റ്, അനുശക്തി നഗര്‍, കരഞ്ച എന്നീ സീറ്റുകളിലും കോണ്‍ഗ്രസിന് എംഎല്‍എമാരുണ്ട്. സര്‍വേ നടത്തിയപ്പോള്‍ വിജയസാധ്യത കണ്ടത് കൊണ്ടാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതെന്ന് എസ്പി അധ്യക്ഷന്‍ അസ്മി പറഞ്ഞു.
കഴിഞ്ഞ തവണ മജ്‌ലിസ് പാര്‍ട്ടി വിജയിച്ച സീറ്റുകളുണ്ട്. ഇത് മുസ്ലീം വോട്ട് കാരണമാണ്. എസ്പിക്ക് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മജ്‌ലിസ് പാര്‍ട്ടിയേക്കാള്‍ സ്വാധീനമുണ്ട്. ഉത്തരേന്ത്യന്‍ വോട്ടര്‍മാര്‍ അഖിലേഷ് യാദവ് ഉള്ളത് കൊണ്ട് എസ്പിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ കുറിച്ച് എംവിഎയെ അറിയിച്ചിരുന്നു. അവര്‍ എതിര്‍പ്പൊന്നും പറഞ്ഞിട്ടില്ലെന്നും അസ്മി വ്യക്തമാക്കി.












Click it and Unblock the Notifications