എസ്പി ഒറ്റയ്ക്ക് മത്സരിക്കുമോ? എംവിഎയ്ക്ക് വെല്ലുവിളി; 25 സീറ്റില്‍ മത്സരിക്കുമെന്ന് മുന്നറിയിപ്പ്
മുംബൈ: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടെ മഹാവികാസ് അഗാഡിയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. സമാജ് വാദി പാര്‍ട്ടി സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. എസ്പി എംഎല്‍എ അബു അസിം അസ്മി എംവിഎ സഖ്യത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. 25 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണ് മുന്നറിയിപ്പ്.
അഞ്ച് സീറ്റുകള്‍ എസ്പിക്ക് നല്‍കണമെന്നാണ് അസ്മി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ തന്നെ ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സമാജ് വാദി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. എസ്പിയോട് ചോദിക്കാതെ എംവിഎ സഖ്യം സീറ്റ് പ്രഖ്യാപനങ്ങള്‍ നടത്തുന്നുവെന്നും അസ്മി ആരോപിച്ചിരുന്നു.

മഹാവികാസ് അഗാഡിയുടെ ഭാഗമാണ് സമാജ് വാദി പാര്‍ട്ടി. എന്നാല്‍ കോണ്‍ഗ്രസ്, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, ശരത് പവാറിന്റെ എന്‍സിപി എന്നിവര്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിട്ടില്ല. 270 സീറ്റുകളില്‍ വരെ തീരുമാനമായിട്ടുണ്ടെന്നാണ് എംവിഎ സഖ്യം പറയുന്നത്. ബാക്കിയുള്ള 18 സീറ്റുകളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
കോണ്‍ഗ്രസും ശിവസേനയും തമ്മിലാണ് രൂക്ഷമായ തര്‍ക്കമുള്ളത്. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിട്ടുനല്‍കിയെന്നും, പകരം കോണ്‍ഗ്രസ് ഇപ്പോള്‍ ശിവസേന യുബിടിയെ കൂടുതല്‍ സീറ്റുകള്‍ നല്‍കി സഹായിക്കണമെന്നുമാണ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ ഇതിന് തയ്യാറല്ല.
നേരത്തെ പടോലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും, കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഇടപെടണമെന്നും റാവത്ത് ആവശ്യപ്പെട്ടിരുന്നു. സഞ്ജയ് റാവത്ത് തര്‍ക്കം രൂക്ഷമായതോടെ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം എംവിഎയിലെ സീറ്റ് വിഭജനം നീളുന്നതില്‍ എസ്പി കടുത്ത അതൃപ്തിയിലാണ്. നേരത്തെ അസ്മിയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി പ്രഖ്യാപിച്ചതാണ്. മാന്‍ഖുര്‍ദ് ശിവാജി നഗര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. അസ്മി സീറ്റ് വിഭജനം നീളുന്നതില്‍ പരാതിപ്പെട്ടിരുന്നു. ശരത് പവാറിനെ നേരിട്ട് കണ്ടിരുന്നു.
പവാറാണ് ശിവസേന-കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാനായി മധ്യസ്ഥം വഹിക്കുന്നത്. പവാറുമായുള്ള യോഗത്തിന് ശേഷമാണ് അസ്മി മാധ്യമങ്ങളെ കണ്ടത്. തുടര്‍ന്നാണ് എംവിഎയ്ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.
ശനിയാഴ്ച്ച ഉച്ചയ്ക്കുള്ളില്‍ അഞ്ച് സീറ്റെന്ന ഞങ്ങളുടെ ആവശ്യത്തെ അംഗീകരിക്കണം. രണ്ട് സീറ്റില്‍ ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭീവണ്ഡി ഈസ്റ്റ്, മാന്‍ഖുര്‍ദ് എന്നിവിടങ്ങളില്‍ ഞങ്ങള്‍ക്ക് സിറ്റിംഗ് എംഎല്‍എമാരുണ്ട്. ഭീവണ്ഡി വെസ്റ്റ്, മാലേഗാവ്, ധൂലെ എന്നീ സീറ്റുകള്‍ ഞങ്ങള്‍ക്ക് ആവശ്യമാണെന്നും അസ്മി പറഞ്ഞു.
ഈ തീരുമാനം നാളേക്കുള്ളില്‍ അംഗീകരിച്ചില്ലെങ്കില്‍ 25 സീറ്റില്‍ എസ്പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. മുസ്ലീം വോട്ടുകള്‍ ഭിന്നിച്ച് പോകുന്നതിലും അസ്മി മുന്നറിയിപ്പ് നല്‍കി. ന്യൂനപക്ഷങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കിയില്ലെങ്കില്‍, അവര്‍ മത്സരിക്കും. അതോടെ മറ്റൊരു ഹരിയാന മഹാരാഷ്ട്രയിലുണ്ടാവുമെന്നും അസ്മി മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications