മഹാരാഷ്ട്രയെ രണ്ടായി മുറിക്കുമെന്ന് അഭ്യൂഹം; മുംബൈ കേന്ദ്രഭരണ പ്രദേശമായേക്കുമെന്ന് കോണ്‍ഗ്രസ്
മുംബൈ: രാജ്യത്തെ സാമ്പത്തിക തലസ്ഥാനമാണ് മഹാരാഷ്ട്രയുടെ കേന്ദ്രമായ മുംബൈ. നേരത്തെ ബോംബെ എന്ന് അറിയപ്പെട്ടിരുന്ന നഗരത്തിന്റെ പേര് 1995ല്‍ ശിവസേന അധികാരത്തിലെത്തിയപ്പോഴാണ് മുംബൈ എന്ന് മാറ്റിയത്. ബ്രിട്ടീഷ് കോളനികാലത്തെ പേരാണ് ബോംബെ എന്നും മറാത്ത പൈതൃകത്തിലേക്ക് മാറേണ്ടതുണ്ടെന്നും വാദിച്ചായിരുന്നു ഈ പേര് മാറ്റം.
ഇന്ത്യയിലെ ചില സംസ്ഥാനങ്ങളുടെ അത്ര തന്നെ ബജറ്റുള്ള കോര്‍പറേഷനാണിത്. പുതിയ ചില പ്രചാരണങ്ങളാണ് മുംബൈ വാര്‍ത്തകളില്‍ നിറയാന്‍ കാരണം. മഹാരാഷ്ട്രയെ വിഭജിച്ചേക്കുമെന്നും മുംബൈ പ്രത്യേക കേന്ദ്ര ഭരണ പ്രദേശ (യുടി) മായി മാറുമെന്നുമാണ് പ്രചാരണം. ഇതിന് ആക്കം കൂട്ടിയത് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളെ നടത്തിയ പ്രതികരണമാണ്.

മഹാരാഷ്ട്രയെ വിഭജിക്കാനും മുംബൈയെ പുതിയ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാനും നരേന്ദ്ര മോദി സര്‍ക്കാരിന് പദ്ധതിയുണ്ട് എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണം. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 18 മുതല്‍ വിളിച്ചുചേര്‍ത്തിരിക്കുന്നത് ഇതിന് വേണ്ടിയാണെന്നും നാനാ പട്ടോളെ പറയുന്നു. മുംബൈയിലെ വ്യവസായങ്ങള്‍ ഗുജറാത്തിലേക്ക് കൊണ്ടുപോകാന്‍ ഗൂഢാലോചന നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യം വലിയ പ്രതിസന്ധി നേരിട്ട വേളയില്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ത്തിട്ടില്ല. കൊവിഡ്, നോട്ട് നിരോധനം, മണിപ്പൂര്‍ കലാപം എന്നിവയൊന്നും ഇത്തരത്തില്‍ പ്രത്യേക സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തിട്ടുമില്ല. എന്നാല്‍ ഇപ്പോള്‍ വിളിക്കുന്നത് മുംബൈയെ കേന്ദ്രഭരണ പ്രദേശമാക്കി പ്രഖ്യാപിക്കാന്‍ വേണ്ടിയാണെന്നും പട്ടോളെ മാധ്യമങ്ങളോട് പറഞ്ഞു.
ഈ മാസം 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം. എന്താണ് അജണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സോണിയ ഗാന്ധി കത്തെഴുതിയിട്ടും ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് പട്ടോളെയുടെ പ്രതികരണം. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കമ്പനികള്‍, ബോംബെ ഓഹരി വിപണി എന്നിവയ്ക്ക് പുറമെ ദേശീയ ഓഹരി വിപണിയും ഗുജറാത്തിലേക്ക് മാറ്റാന്‍ രഹസ്യ ചര്‍ച്ച നടക്കുന്നുവെന്നും പട്ടോളെ ആരോപിച്ചു.
മുംബൈയിലാണ് നിലവില്‍ ടെക്‌സ്റ്റൈല്‍ കമ്മീഷണറുടെ ഓഫീസ്. ഇത് ഡല്‍ഹിയിലേക്ക് മാറ്റുമെന്ന് അടുത്തിടെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഈ വാര്‍ത്തകള്‍ തള്ളി. തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് പുതിയ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
രാജ്യത്ത് 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളുമാണുള്ളത്. ഏറ്റവും ഒടുവില്‍ രൂപീകരിക്കപ്പെട്ട സംസ്ഥാനം തെലങ്കാനയാണ്. 2014 ജൂണ്‍ 2നായിരുന്നു തെലങ്കാന രൂപീകരണം. ഏറ്റവും ഒടുവില്‍ രൂപീകരിച്ച കേന്ദ്രഭരണ പ്രദേശങ്ങള്‍ ജമ്മു കശ്മീരും ലഡാക്കുമാണ്. കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റി 2019ലായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രമേയം പാര്‍ലമെന്റില്‍ പാസാക്കിയത്.












Click it and Unblock the Notifications