അജിത് പവാർ ക്യാമ്പില്‍ വീണ്ടും കൊഴിഞ്ഞു പോക്ക്: 2 എംഎല്‍എമാർ ശരദ് പവാർ പാളയത്തിലേക്ക് മടങ്ങി
മുംബൈ: ഏകനാഥ് ഷിൻഡെ-ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിൽ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ അജിത് പവാറിന്റെ ക്യാമ്പില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് തുടരുന്നു. 40 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെടുന്ന അജിത് പവാർ പക്ഷത്ത് നിന്ന് രണ്ട് എംഎല്‍എമാരാണ് ഇന്നലെ രാത്രിയോടെ ശരദ് പവാറിന്റെ പാളയത്തിലേക്ക് മടങ്ങിയത്. സത്താറ എംഎൽഎ മക്രന്ദ് പാട്ടീല്‍, നോർത്ത് കരാഡ് എംഎൽഎ ബാലാസാഹേബ് പാട്ടീല്‍ എന്നിവരാണ് മടങ്ങിയെത്തിയവർ.
ശിരൂർ എംപി അമോൽ കോൽഹെയും തിങ്കളാഴ്ച ശരദ് പവാർ പക്ഷത്തേക്ക് മടങ്ങിയെത്തിയിരുന്നു. രാജ്ഭവനിലെത്തി അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കൂടെയുണ്ടായിരുന്ന നേതാവായിരുന്നു അമോല്‍ കോല്‍ഹെ. എന്നാല്‍ വൈകീട്ടോടെ താന്‍ ശരദ് പവാർ ക്യാമ്പിനൊപ്പം ചേരുന്നതായി അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. ശരദ് പവാർ പറയുന്നതായിരിക്കും തന്റെ അവസാന വാക്കെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയിലെ പിളർപ്പിന് പിന്നാലെ ഇരുവിഭാഗങ്ങളും എതിർപക്ഷത്തുള്ള നേതാക്കള്‍ക്കെതിരെ പരസ്പരം അച്ചടക്ക നടപടികള്‍ പ്രഖ്യാപിച്ച് വരികയാണ്. അജിത് പവാറിനൊപ്പം ചേർന്ന മുതിർന്ന എംപിമാരായ പ്രഫുൽ പട്ടേലിനെയും സുനിൽ തത്കരെയെയും ശരദ് പവാർ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് പുറത്താക്കി. അതേസമയം ജയന്ത് പാട്ടീലിനെ എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നീക്കി സുനില്‍ തത്കരയുടെ മകള്‍ അഥിതി തത്കരയെ പുതിയ അധ്യക്ഷയായി നിയമിച്ച് അജിത് പവാർ പക്ഷവും തിരിച്ചടിച്ചു.
അജിത് പവാറിനേയും അദ്ദേഹത്തോടൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മറ്റ് എട്ട് എൻസിപി എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാർ വിഭാഗം നിയമസഭാ സ്പീക്കർക്ക് രണ്ട് അപേക്ഷകള്‍ സമർപ്പിച്ചിട്ടുണ്ട്. ജയന്ത് പാട്ടീലിനെയും നിയമസഭയിലെ പ്രതിപക്ഷ നേതാവായി നിയമിച്ച ജിതേന്ദ്ര ആഹാദിനെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അജിത് പവാർ വിഭാഗവും സ്പീക്കർക്ക് മുമ്പാകെ അപേക്ഷ നല്‍കിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവായി നിയമിച്ചതായി പ്രഫുൽ പട്ടേൽ പ്രഖ്യാപിച്ചിരുന്നു. തന്റെ നേതൃത്വത്തിലുള്ളതാണ് യഥാർത്ഥ എൻസിപിയെന്നും പാർട്ടിയും പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നവും തന്റെ വിഭാഗത്തിന് അവകാശപ്പെട്ടതാണെന്നും അജിത് പവാറും പറഞ്ഞു. എൻസിപി അധ്യക്ഷൻ ആരെന്ന ചോദ്യത്തിന് ശരദ് പവാർ പാർട്ടിയുടെ ദേശീയ അധ്യക്ഷനാണെന്ന കാര്യം നിങ്ങൾ മറന്നോ എന്നായിരുന്നു അജിത് പവാറിന്റെ മറുപടിയെന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications