മഹാരാഷ്ട്രയില്‍ ബ്രഹ്മാസ്ത്രവുമായി ബിജെപി; കോണ്‍ഗ്രസ്-ശിവസേന അംഗങ്ങളില്‍ പ്രതീക്ഷ, റാണെ കളത്തില്‍
മുംബൈ: മഹാരഷ്ട്രയില്‍ എന്തുവില കൊടുത്തും ഭരണം നിലനിര്‍ത്താന്‍ ബിജെപി ശ്രമം തുടങ്ങി. സുപ്രീംകോടതി ചൊവ്വാഴ്ച അന്തിമ തീരുമാനം എടുക്കാനിരിക്കെ, നിര്‍ണായക നീക്കം നടത്തുകയാണ് പാര്‍ട്ടി. മറുപക്ഷത്തുള്ള ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായി അടുത്ത ബന്ധമുള്ള നേതാവിനെയാണ് ബിജെപി ഭൂരിപക്ഷം തികയ്ക്കാന്‍ നിയോഗിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയ്ക്കാണ് ബിജെപി നേതൃത്വം ചുമതല നല്‍കിയിരിക്കുന്നത്. പ്രധാന പാര്‍ട്ടികളില്‍ നിന്ന് അകന്ന് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ട് പോകവെ ബിജെപിയാണ് റാണെയ്ക്ക് കരുത്ത് നല്‍കിയത്. ഇതിന് പ്രത്യുപകാരം ചെയ്യാനുള്ള അവസരമാണ് റാണെക്ക്....

170 എംഎല്‍എമാരുടെ പിന്തുണ
170 എംഎല്‍എമാരുടെ പിന്തുണ ദേവേന്ദ്ര ഫട്‌നാവിസിന് ഉണ്ടെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ എങ്ങനെ കണക്കുകൂട്ടിയാലും നിലവിലെ സാഹചര്യത്തില്‍ ഇത്രയും എത്തില്ല. അജിത് പവാറിനൊപ്പം പോയ എംഎല്‍എമാരെല്ലാം തിരിച്ച് എന്‍സിപി ക്യാംപിലെത്തിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. അവിടെയാണ് ബിജെപി കളിമാറ്റിയിരിക്കുന്നത്.

നാരായണ്‍ റാണെയെ ഇറക്കാന്‍ കാരണം
നാലംഗ സംഘത്തെയാണ് ഭൂരിപക്ഷം തികയ്ക്കാനുള്ള ദൗത്യം ബിജെപി ഏല്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പ്രധാനി നാരായണ്‍ റാണെയാണ്. ശിവസേനയിലും കോണ്‍ഗ്രസിലും ഏറെ കാലം പ്രവര്‍ത്തിച്ച് പരിചയമുള്ള നേതാവാണ് റാണെ. അതുകൊണ്ടാണ് അദ്ദേഹത്തെ ബിജെപി മുന്‍നിരയില്‍ നിര്‍ത്തിയിരിക്കുന്നത്.

ബിജെപിയുടെ രാജ്യസഭാംഗം
ബിജെപിയുടെ രാജ്യസഭാംഗമാണ് നിലവില്‍ നാരായണ്‍ റാണെ. കോണ്‍ഗ്രസിലെയും ശിവസേനയിലെയും നേതാക്കളുമായി അടുത്ത ബന്ധമാണ് അദ്ദേഹത്തിന്. രണ്ടുപേരൊഴികെ എല്ലാ നേതാക്കളുമായും തനിക്ക് ബന്ധമുണ്ടെന്ന് റാണെ തന്നെ പറയുന്നു. 2017ലാണ് റാണെ കോണ്‍ഗ്രസ് വിട്ടത്.

ബിജെപിയുടെ ലക്ഷ്യം
ശിവസേനയിലെ ഉദ്ധവ് താക്കറെ, കോണ്‍ഗ്രസിലെ അശോക് ചവാന്‍ എന്നിവര്‍ ഒഴികെ എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്ന് നാരായണ്‍ റാണെ പറഞ്ഞു. അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപി എംഎല്‍എമാരെയും റാണെയുടെ നേതൃത്വത്തില്‍ ശിവസേന-കോണ്‍ഗ്രസ് എംഎല്‍എമാരെയും പിടിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

17 ശിവസേന എംഎല്‍എമാര്‍
കോണ്‍ഗ്രസ്-എന്‍സിപി സഖ്യവുമായി സഹകരിച്ചതില്‍ 17 ശിവസേന എംഎല്‍എമാര്‍ക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം. ഇവരെ കൂടെ നിര്‍ത്തുകയാണ് റാണെയുടെ നീക്കം. ബിജെപിയുമായി അടുക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെയെ കാണാന്‍ നേരത്തെ 17 എംഎല്‍എമാര്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയത് വാര്‍ത്തയായിരുന്നു.

മുന്‍ മുഖ്യമന്ത്രി റാണെ
ശിവസേന നേതാവിയിരുന്ന നാരായണ്‍ റാണെ 1999ലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായത്. ബാല്‍ താക്കറെയുമായുള്ള അടുപ്പമാണ് മനോഹര്‍ ജോഷിക്ക് പകരം അന്ന് റാണെക്ക് നറുക്ക് വീഴാന്‍ കാരണം. എന്നാല്‍ ഉദ്ധവ് താക്കറെയുമായി അത്ര നല്ല ബന്ധത്തിലല്ല റാണെ. തുടര്‍ന്നാണ് ശിവസേന വിട്ടത്.

കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രി
2005ലാണ് ശിവസേനയില്‍ നിന്ന് നാരായണ്‍ റാണെ പുറത്താക്കപ്പെട്ടത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന റാണെ പൃഥ്വിരാജ് ചവാന്‍ മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായി. നേതൃത്വത്തിനെതിരെ സംസാരിച്ചതിന് 2008ല്‍ കോണ്‍ഗ്രസ് പുറത്താക്കി. മാപ്പ് പറഞ്ഞതോടെ തിരിച്ചെടുക്കുകയും ചെയ്തു.

സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചു
2017ല്‍ നാരായണ്‍ റാണെ കോണ്‍ഗ്രസ് വിട്ട് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചു. പിന്നീടാണ് ബിജെപിയുമായി അടുത്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ റാണെയുടെ മഹാരാഷ്ട്ര സ്വാഭിമാന്‍ പക്ഷ് ബിജെപിയില്‍ ലയിച്ചു. റാണെ രാജ്യസഭാംഗവുമായി. ശിവസേനയുടെ എതിര്‍പ്പ് മറികടന്നാണ് റാണെയ്ക്ക് ബിജെപി അവസരം നല്‍കിയത്.

40-45 എംഎല്‍എമാരെ...
40-45 എംഎല്‍എമാരെ ശിവസേനയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എത്തിക്കുകയാണ് റാണെയുടെ ദൗത്യം. അജിത് പവാര്‍ വഴി എന്‍സിപിയില്‍ നിന്നും ചിലര്‍ എത്തുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ഇങ്ങനെയാണ് 170 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നത്.

എന്തും സംഭവിക്കാം
മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നതാണ് നിലവിലെ സാഹചര്യം. പരസ്പര വിശ്വാസമുള്ള ഒരു നേതാവുമില്ല എന്നതാണ് വസ്തുത. ശിവസേനയുമായി യാതൊരു ബന്ധവുമുണ്ടാക്കില്ലെന്നാണ് കോണ്‍ഗ്രസ്-എന്‍സിപി സഖ്യം നേരത്തെ പറഞ്ഞിരുന്നത്. ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ വന്ന വേളയില്‍ നിഷേധിക്കുകയാണ് ശരദ് പവാര്‍ ചെയ്തത്. പിന്നീട് സഖ്യം ചേരുകയും ചെയ്തു.

ബിജെപി കണക്കുകൂട്ടുന്നത്
ചര്‍ച്ചകള്‍ ഏറെ നടത്തിയെങ്കിലും ശിവസേനയുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും തയ്യാറായതോടെയാണ് ബിജെപി കരുനീക്കം വേഗത്തിലാക്കിയതും പൊടുന്നനെ സര്‍ക്കാര്‍ രൂപീകരിച്ചതും. ഇനി വിശ്വാസ വോട്ട് തേടുമ്പോള്‍ മതിയായ പിന്തുണ ഉറപ്പിക്കുകയാണ് ലക്ഷ്യം. റാണെയും അജിതും ഇതിന് സഹായിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.












Click it and Unblock the Notifications