അടിയന്തര യോഗം വിളിച്ച് ഷിന്‍ഡെ; എന്‍ഡിഎയില്‍ വിള്ളല്‍, അതൃപ്തിയില്ലെന്ന് എംഎല്‍എമാര്‍
മുംബൈ: മഹാരാഷ്ട്രയിലെ സഖ്യത്തിലേക്ക് എന്‍സിപിയുടെ വിമതര്‍ വന്നതോടെ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് അതൃപ്തി. അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ഷിന്‍ഡെ. എംഎല്‍എമാരെല്ലാം യോഗത്തില്‍ പങ്കെടുക്കും. ബുധനാഴ്ച്ചത്തെ എല്ലാ യോഗവും അദ്ദേഹം റദ്ദാക്കി. എന്‍സിപിയുമായി ഒരിക്കലും ബാല്‍ താക്കറെ സഖ്യമുണ്ടാക്കുമായിരുന്നില്ലെന്നാണ് ഷിന്‍ഡെ വിഭാഗം എംഎല്‍എമാര്‍ പറയുന്നത്.
അതേസമയം ഷിന്‍ഡെയ്ക്ക് ഇത് വലിയ വെല്ലുവിളിയാണ്. ബാലാസാഹേബിന്റെ ആദര്‍ശങ്ങള്‍ ഉദ്ധവ് പിന്തുടരുന്നില്ലെന്ന് കാണിച്ചാണ് അദ്ദേഹം കളം മാറിയത്. പക്ഷേ എംഎല്‍എമാര്‍ യോഗത്തിന് ശേഷം ഷിന്‍ഡെയെ പിന്തുണച്ചിരിക്കുകയാണ്.അതേസമയം ഷിന്‍ഡെ, എന്‍സിപി വിമതരെ സഖ്യത്തിലേക്ക് സ്വാഗതം ചെയ്തത് പാര്‍ട്ടിയില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

ധനകാര്യ വകുപ്പ് അടക്കം ചോദിച്ചിട്ടും, ഷിന്‍ഡെ എതിര്‍പ്പറിയിക്കാത്തത് അദ്ദേഹത്തിനൊപ്പമുള്ളവരുടെ അതൃപ്തിക്ക് കാരണമായിരുന്നു. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ആയി എന്നായിരുന്നു ഷിന്‍ഡെ എന്‍സിപി വിമതരുടെ വരവില്‍ പ്രതികരിച്ചത്. വികസനത്തിന്റെ പാതയില്‍ നമ്മുടെ നാട് കുതിക്കും. ഒരു മുഖ്യമന്ത്രിയും, രണ്ട് ഉപമുഖ്യമന്ത്രിമാരും നമുക്കുണ്ട്. ഇത് വികസനത്തെ വേഗത്തിലാക്കുമെന്നും, അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഷിന്‍ഡെ പറഞ്ഞിരുന്നു.
രണ്ട് മാസം മുമ്പ് എന്‍സിപിയുമായുള്ള സഖ്യം സാധ്യമല്ലെന്ന് ഷിന്‍ഡെ പക്ഷം പറഞ്ഞിരുന്നു. എന്‍സിപി ഞങ്ങളെ വഞ്ചിച്ച പാര്‍ട്ടിയാണ്. അധികാരമുണ്ടെങ്കില്‍ പോലും അവര്‍ക്കൊപ്പം നില്‍ക്കാനാവില്ലെന്ന് ഷിന്‍ഡെ പക്ഷത്തിന്റെ വക്താവായ സഞ്ജയ് ഷിര്‍സത്ത് പറഞ്ഞിരുന്നു. ബിജെപി എന്‍സിപിയെ ഒപ്പം ചേര്‍ത്താല്‍, മഹാരാഷ്ട്ര ഒരിക്കലും അത് ഇഷ്ടപ്പെടില്ല. ഞങ്ങള്‍ സഖ്യം വിടാന്‍ തീരുമാനിച്ചത്, കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനൊപ്പം നില്‍ക്കുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണെന്നും ഷിര്‍സത്ത് പറഞ്ഞു. അതേസമയം ഷിന്‍ഡെ പക്ഷത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിന് നേരെ വരെ ചോദ്യങ്ങള്‍ ഉയര്‍ന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം ആരും ഷിന്‍ഡെ ലക്ഷത്തില്‍ അതൃപ്തിയില്ലെന്ന് മന്ത്രി ശംഭുരാജ് ദേശായ് വ്യക്തമാക്കി. ഏക്‌നാഥ് ഷിന്‍ഡെ രാജിവെക്കേണ്ട കാര്യമില്ല. അദ്ദേഹത്തില്‍ നിന്ന് ആരും രാജി ആവശ്യപ്പെട്ടില്ല. ഇരുന്നൂറോളം എംഎല്‍എമാരുടെ പിന്തുണ ഞങ്ങള്‍ക്കുണ്ട്. ഒരു നേതാവ് പോലും അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല. ഷിന്‍ഡെയുടെ നേതൃത്വത്തില്‍ അവര്‍ക്ക് വിശ്വാസമുണ്ടെന്നും ദേശായ് പറഞ്ഞു.
പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്ന് മന്ത്രി ഉദയ് സാമന്തും പറഞ്ഞു. ഷിന്‍ഡെയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. വരാനിരിക്കുന്ന ലോക്‌സഭാ-നിയമസഭ സെഷനുകളെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്. അജിത് പവാറിന്റെ വരവില്‍ ആര്‍ക്കും അതൃപ്തിയില്ലെന്നും സാമന്ത് പറഞ്ഞു.












Click it and Unblock the Notifications