പവാറിനെ ഞെട്ടിച്ചത് പ്രഫുല്‍ പട്ടേല്‍; ഉന്നത പദവി നല്‍കിയിട്ടും കളംമാറി, കേന്ദ്രമന്ത്രിയായേക്കും
മുംബൈ: അനന്തരവന്‍ അജിത് പവാര്‍ കളംമാറിയതിനേക്കാള്‍ ശരദ് പവാറിനെ ഞെട്ടിച്ചത് പ്രഫുല്‍ പട്ടേലിന്റെ കൂറുമാറ്റം. ശരദ് പവാറിന്റെ വിശ്വസ്തനും മനഃസാക്ഷി സൂക്ഷിപ്പുകാരനുമാണ് പ്രഫുല്‍ പട്ടേല്‍. എന്‍സിപി രാഷ്ട്രീയമായ വെല്ലുവിളി നേരിട്ട ഘട്ടത്തിലെല്ലാം പരിഹാര ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാവാണ് അദ്ദേഹം. എന്നാല്‍ ഇന്ന് അപ്രതീക്ഷിത മാറ്റമുണ്ടായി.
ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം എന്‍ഡിഎയില്‍ ചേരാനുണ്ടായ കാര്യകാരണങ്ങള്‍ വിവരിച്ച് അജിത് പവാര്‍ മാധ്യമങ്ങളെ കണ്ടിരുന്നു. ഈ വേളയില്‍ അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റില്‍ പ്രഫുല്‍ പട്ടേലും ഇരുന്നു. ഇതോടെയാണ് എന്‍സിപി എംഎല്‍എമാര്‍ എല്ലാവരും അജിത് പവാറിനൊപ്പമാണോ എന്ന ചോദ്യം ഉയര്‍ന്നത്.

അജിത് പവാറിനെ അകറ്റി നിര്‍ത്താന്‍ പലപ്പോഴും ശരദ് പവാര്‍ ശ്രമിച്ചിരുന്നു. തനിക്ക് പാര്‍ട്ടിയിലുള്ള ശക്തി തെളിയിക്കാന്‍ ശരദ് പവാര്‍ രണ്ടാഴ്ച മുമ്പ് വിരമിക്കല്‍ നാടകം കളിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ വിരമിക്കില്ലെന്ന് വ്യക്തമാക്കിയ ശരദ് പവാര്‍ എന്‍സിപിയുടെ ദേശീയ വര്‍ക്കിങ് പ്രസിഡന്റുമാരായി രണ്ടു പേരെ നിയമിച്ചു. ഒന്ന് മകള്‍ സുപ്രിയ സുലെ ആയിരുന്നു. മറ്റൊന്ന് പ്രഫുല്‍ പട്ടേലും.
ഇന്ന് പ്രഫുല്‍ പട്ടേല്‍ ശരദ് പവാറിനെ വിട്ട് അജിത് പവാറിനൊപ്പം എന്‍ഡിഎ പാളയത്തിലാണ്. അജിത് പവാറിനൊപ്പം എന്‍ഡിഎയിലെത്തിയ എന്‍സിപി എംഎല്‍എമാരില്‍ എട്ട് പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ പ്രഫുല്‍ പട്ടേല്‍ മന്ത്രിയായിട്ടില്ല. അദ്ദേഹം അജിത് പവാറിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ ഇരിക്കുകയും ചെയ്തു. ഈ വേളയില്‍ മറ്റൊരു പ്രചാരണമുണ്ടായി.
പ്രഫുല്‍ പട്ടേല്‍ കേന്ദ്രമന്ത്രിയാകുമെന്നായിരുന്നു പുതിയ പ്രചാരണം. തിങ്കളാഴ്ച നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭ വിളിച്ചുചേര്‍ത്തിട്ടുണ്ട്. മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് വിവരം. ഈ വേളയില്‍ പ്രഫുല്‍ പട്ടേലിനെ കേന്ദ്രമന്ത്രിയാക്കുമെന്നും ഇതാണ് ബിജെപി നല്‍കിയ വാഗ്ദാനമെന്നുമാണ് പ്രചാരണം. ഇക്കാര്യത്തില്‍ വിശദീകരണവുമായി പ്രഫുല്‍ പട്ടേല്‍ രംഗത്തുവന്നു.
തനിക്ക് കേന്ദ്രമന്ത്രി പദവി നല്‍കുമെന്ന ചര്‍ച്ച നടന്നിട്ടില്ല. പ്രചാരണം മാത്രമാണത്. ഒരാവശ്യവും ഉന്നയിക്കാതെയാണ് ഇതുവരെ മുന്നോട്ട് പോകുന്നത്. ഇഡി കേസാണ് കൂറുമാറ്റത്തിന് കാരണം എന്ന പ്രചാരണവും ശരിയല്ല. കാരണം എനിക്കെതിരെ നിലവില്‍ ഒരു കേസുമില്ലെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. നിലവില്‍ രാജ്യസഭാംഗമാണ് പ്രഫുല്‍ പട്ടേല്‍.
അതേസമയം, ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ കടുത്ത ഭാഷയിലാണ് ശരദ് പവാര്‍ പ്രതികരിച്ചത്. എന്‍സിപിയെ ഇല്ലാതാക്കുമെന്ന് മോദി പറഞ്ഞിരുന്നുവെന്നും അഴിമതി കേസില്‍ പ്രതികളായവരാണ് കൂറുമാറിയതെന്നും പവാര്‍ പറഞ്ഞു. എല്ലാവരും ഇനി കേസില്‍ നിന്ന് ഒഴിവാകുമല്ലോ എന്ന് പവാര്‍ പരിഹസിച്ചു. ഭാവി കാര്യങ്ങള്‍ ആലോചിക്കാന്‍ തിങ്കളാഴ്ച എന്‍സിപി നേതാക്കളുടെ യോഗം വിളിച്ചിരിക്കുകയാണ് പവാര്‍.












Click it and Unblock the Notifications