'അജിത് പവാര്‍ മുഖ്യമന്ത്രിയാകും... അതിനുള്ള കഴിവുണ്ട്,'; മഹാരാഷ്ട്ര രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുന്നോ?
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി ബി ജെ പിയും അജിത് പവാര്‍ നയിക്കുന്ന എന്‍ സി പി വിഭാഗവും തമ്മില്‍ വടംവലി തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. അജിത് പവാര്‍ ജനപ്രിയ നേതാവാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിക്കുമെന്നും മുന്‍ കേന്ദ്രമന്ത്രിയും വിമത എന്‍ സി പി നേതാവുമായ പ്രഫുല്‍ പട്ടേല്‍ പറഞ്ഞതാണ് തര്‍ക്കവുമായി ബന്ധപ്പെട്ട് ഒടുവില്‍ പുറത്ത് വന്ന പ്രതികരണം.
അജിത് പവാറിന്റെ നേതൃത്വത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രഫുല്‍ പട്ടേല്‍ നല്ല നേതാവ് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അജിത് പവാര്‍ വര്‍ഷങ്ങളായി പാര്‍ട്ടിയിലെ പ്രമുഖനായ നേതാവാണ്. ഇത്തരത്തില്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് നയിക്കാനുള്ള അവസരം ലഭിക്കുക എന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ അജിത് പവാറിനും അത് ലഭിക്കും എന്നും പ്രഫുല്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

എന്‍ സി പി പിളര്‍ത്തി മഹാരാഷ്ട്രയിലെ എന്‍ ഡി എ സര്‍ക്കാരിന്റെ ഭാഗമായെങ്കിലും പാര്‍ട്ടിയും ബി ജെ പിയും തമ്മിലുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതായി എന്‍ സി പിയിലെ ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. 'അജിത് പവാറിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തുമെന്ന് ബി ജെ പിയുടെ ഉന്നത നേതൃത്വം വാഗ്ദാനം നല്‍കിയിരുന്നു. അതിന് ആവശ്യമായ എം എല്‍ എമാരുടെയും ലോക്സഭാ എം പിമാരുടെയും എണ്ണം അവര്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്,' പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ അദ്ദേഹത്തിന് പരസ്യമായി പിന്തുണ നല്‍കണമെന്നും അല്ലെങ്കില്‍ അദ്ദേഹം നിഷ്പക്ഷത പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍ രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനങ്ങള്‍ കൂടാതെ എന്‍ സി പിയുടെ ശേഷിക്കുന്ന മന്ത്രിമാരെ ഉള്‍ക്കൊള്ളാന്‍ ബി ജെ പി തയ്യാറാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. നിലവില്‍ ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി.
ബി ജെ പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറുമാണ് ഉപമുഖ്യമന്ത്രിമാര്‍. 2024ലെ ലോക്സഭാ തി്‌രഞ്ഞെടുപ്പില്‍ നിലവിലെ സാഹചര്യത്തില്‍ വോട്ടര്‍മാരെ അഭിമുഖീകരിക്കാന്‍ സാധിക്കാത്തതിനാല്‍ ഓഗസ്റ്റ് 10 ന് അജിത് പവാറിനെ മുഖ്യമന്ത്രിയാക്കാന്‍ ബി ജെ പി ഹൈക്കമാന്‍ഡ് നീക്കം നടത്തുന്നതായി മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി തുടരുമെന്നും സംസ്ഥാനത്ത് ഒരു മാറ്റവും ഉണ്ടാകില്ലെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. അജിത് പവാറിന്റെ സര്‍ക്കാരിലേക്കുള്ള പ്രവേശനം തനിക്ക് ഒരു ഭീഷണിയുമല്ലെന്ന് ഏക്‌നാഥ് ഷിന്‍ഡെയും പറഞ്ഞിരുന്നു.












Click it and Unblock the Notifications