തര്‍ക്കം മുറുകുന്നു, ചില വിട്ടുവീഴ്ച്ചകള്‍ ആവശ്യമെന്ന് ശിവസേന; കോണ്‍ഗ്രസിന് സീറ്റ് നഷ്ടമുണ്ടാവും?
മുംബൈ: മഹാരാഷ്ട്രയില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മഹാവികാസ് അഗാഡിയിലെ പാര്‍ട്ടികള്‍. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. മഹാരാഷ്ട്രയുടെ വികസനത്തിനായി പാര്‍ട്ടികള്‍ ചില വിട്ടുവീഴ്ച്ചകള്‍ ചെയ്യണമെന്ന് ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് കൂടുതല്‍ സീറ്റുകളിലാണ്. ഇത് തന്ത്രപരമായി എടുത്ത തീരുമാനമാണ്. ഈ തിരഞ്ഞെടുപ്പ് മഹാരാഷ്ട്രയിലെ അഴിമതി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഉള്ളതാണെന്നും റാവത്ത് പറഞ്ഞു. അതേസമയം കോണ്‍ഗ്രസും ശിവസേനയും തമ്മിലുള്ള തര്‍ക്കം നീണ്ടുപോകുന്നത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ വരെ ബാധിക്കുന്നതിനിടയിലാണ് റാവത്ത് അനുനയ സമീപനം സ്വീകരിച്ചത്.

വര്‍ഷങ്ങളായി രാഷ്ട്രീയത്തിലുണ്ട് ഞങ്ങള്‍. എല്ലാ പാര്‍ട്ടികളും സ്വന്തം പ്രവര്‍ത്തകരെ സ്ഥാനാര്‍ത്ഥികളാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാവും. എല്ലാവര്‍ക്കും സീറ്റ് വിഭജനത്തില്‍ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ എല്ലാവരും ചില വിട്ടുവീഴ്ച്ചകള്‍ നടത്തണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണോ എന്നതല്ല ഇവിടെ വിഷയം. ഇത് രാജ്യത്തിന്റെയും മഹാരാഷ്ട്രയുടെയും താല്‍പര്യമാണ്. വിശാല ഹൃദയ സമീപനം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന സമയത്ത് ഞങ്ങള്‍ കാണിച്ചിരുന്നു. ആ സമയം ഭരണഘടനയുടെ ശത്രുക്കളെ പരാജയപ്പെടുത്തേണ്ടതുണ്ടായിരുന്നു. ഇന്ന് മഹാരാഷ്ട്രയിലെ അഴിമതി സര്‍ക്കാരിനെയാണ് മാറ്റേണ്ടത്. അതിനായി വിട്ടുവീഴ്ച്ചകള്‍ വേണമെന്നും റാവത്ത് പറഞ്ഞു.
സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന് തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് 110 സീറ്റില്‍ മത്സരിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഉദ്ധവ് പക്ഷത്തിന് ഇതിനോട് യോജിപ്പില്ല. സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും തുല്യ സീറ്റുകളില്‍ മത്സരിക്കാമെന്നാണ് അവരുടെ നിലപാട്.
നൂറില്‍ താഴെ സീറ്റില്‍ എല്ലാവരും മത്സരിച്ചാല്‍, സമാജ് വാദി പാര്‍ട്ടി, ഇടതുപാര്‍ട്ടികള്‍, പെസന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി എന്നിവരെ കൂടി ഉള്‍പ്പെടുത്താമെന്നാണ് ശിവസേന പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് ഇതിനോട് യോജിപ്പില്ല. കഴിഞ്ഞ ദിവസം സീറ്റ് തര്‍ക്കം രൂക്ഷമായതോടെ സഞ്ജയ് റാവത്ത് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
അതേസമയം ശരത് പവാറിനെ പ്രശ്‌നപരിഹാരത്തിനായി കോണ്‍ഗ്രസും എന്‍സിപിയും സമീപിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും എംവിഎ വൃത്തങ്ങള്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ എല്ലാം ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
പന്ത്രണ്ട് സീറ്റുകളിലാണ് പ്രധാനമായും തര്‍ക്കമുള്ളത്. ശരത് പവാറിനെ കണ്ടതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നസീം ഖാന്‍ സ്ഥിരീകരിച്ചു. പവാറിന്റെ ഇടപെടല്‍ ഇരുപാര്‍ട്ടികളിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് സൂചന.












Click it and Unblock the Notifications